ഇന്റര്‍വ്യൂ ആവശ്യപ്പെട്ടത് പരിചയക്കാരന്‍, പിആര്‍ ഏജന്‍സിയെ ഉത്തരവാദിത്തം ഏല്‍പിച്ചിട്ടില്ല; മുഖ്യമന്ത്രിയുടെ Press meet പൂര്‍ണ്ണരൂപം

ഇന്റര്‍വ്യൂ ആവശ്യപ്പെട്ടത് പരിചയക്കാരന്‍, പിആര്‍ ഏജന്‍സിയെ ഉത്തരവാദിത്തം ഏല്‍പിച്ചിട്ടില്ല; മുഖ്യമന്ത്രിയുടെ Press meet പൂര്‍ണ്ണരൂപം
Published on

വിവാദമായ ദി ഹിന്ദു ഇന്റര്‍വ്യൂവില്‍ വിശദീകരണം നല്‍കി മുഖ്യമന്ത്രി. ഇന്റര്‍വ്യൂ ആവശ്യപ്പെട്ടത് പരിചയക്കാരനായ ഒരു ചെറുപ്പക്കാരനാണ്. ആലപ്പുഴയിലെ സിപിഎം നേതാവ് ദേവകുമാറിന്റെ മകന്‍. ഹിന്ദു ലേഖികയ്‌ക്കൊപ്പം വന്നതും അദ്ദേഹം തന്നെയായിരുന്നു. ഇന്റര്‍വ്യൂ നടന്നുകൊണ്ടിരുന്നപ്പോള്‍ മൂന്നാമതൊരാള്‍ മുറിയിലേക്ക് വന്നു. അതാരാണെന്ന് തനിക്കറിയില്ല. ഏതോ ഏജന്‍സിയുടെ ആളാണെന്ന് പിന്നീട് അറിഞ്ഞു. താനോ സര്‍ക്കാരോ ഒരു ഏജന്‍സിയെയും ഒന്നും ഏല്‍പ്പിച്ചിട്ടില്ലെന്നും ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

എന്റെയൊരു ഇന്റര്‍വ്യൂവിന് വേണ്ടി ഹിന്ദു ആവശ്യപ്പെടുന്നു എന്നുള്ളത് എന്റെയടുത്ത് പറയുന്നത് എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരനാണ്. അത് നമ്മുടെ ആലപ്പുഴയിലെ ദേവകുമാറിന്റെ മകനാണ്. അദ്ദേഹം ഹിന്ദുവിന് ഒരു ഇന്റര്‍വ്യൂ കൊടുത്തുകൂടേ എന്ന് ചോദിക്കുകയാണ്. ഹിന്ദുവിന് ഇന്റര്‍വ്യൂ കൊടുക്കുന്നതിന് വേറെ പ്രശ്‌നമൊന്നുമില്ല. അത് എനിക്കും താല്‍പര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്ന് ഞാന്‍ പറഞ്ഞു. സമയം എങ്ങനെയാണെന്ന് ചോദിച്ചപ്പോ സമയം വളരെ കുറവാണ്. കമ്മിറ്റി മീറ്റിംഗൊക്കെയാണല്ലോ. അതിനിടയ്ക്കുള്ള സമയം ഞാന്‍ പറഞ്ഞു. അവര് വന്നു. വന്നപ്പോ ഇവര് രണ്ടു പേരാണ്. ഒന്ന് ഒരു ലേഖികയാണ്. അവര് ഒറ്റപ്പാലത്തുകാരിയാണെന്ന് പറഞ്ഞു. നിങ്ങളെ നേരത്തേ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. എനിക്കത് ഓര്‍മയുണ്ടായിരുന്നില്ല. ഏതായാലും അവരെ പരിചയപ്പെട്ടു, ഇന്റര്‍വ്യൂ ആരംഭിച്ചു. ഇന്റര്‍വ്യൂവില് പിന്നെ നിങ്ങളുടെ സ്വഭാവം അനുസരിച്ച് ധാരാളം ചോദ്യം ചോദിക്കുമല്ലോ. ആ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടിയും പറഞ്ഞു. അതില്‍ ഒരു ചോദ്യം അന്‍വറുമായി ബന്ധപ്പെട്ടായിരുന്നു. അതിന് ഞാന്‍ വിശദമായി മറുപടി പറഞ്ഞു കഴിഞ്ഞതാണ്. അതാവര്‍ത്തിക്കുന്നില്ല. നമുക്കിന്ന് അത്ര സമയവുമില്ല, അതുകൊണ്ട് അതിലേക്ക് ഞാന്‍ വിശദമായി പോകുന്നില്ല എന്നു പറഞ്ഞു. അവസാനം അവര് പറഞ്ഞു വിഷമകരമായ ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചിരുന്നു പക്ഷേ നിങ്ങളതിനെല്ലാം നല്ല നിലയ്ക്കാണ് മറുപടി പറഞ്ഞത് എന്നൊക്കെ പറഞ്ഞ് പിരിയുകയും ചെയ്തു. പക്ഷേ, ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ച് വന്നപ്പോള്‍ ആ പ്രസിദ്ധീകരിച്ചതില്‍ ഞാന്‍ പറയാത്ത ഭാഗമുണ്ടായി. എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ കൃത്യമായിട്ട് ഉത്തരം പറഞ്ഞതാണല്ലോ. നിങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ, എന്റെ നിലപാടുകള്‍ എന്താണെന്നുള്ളത്. ഏതെങ്കിലും ഒരു ജില്ലയെയോ ഏതെങ്കിലും ഒരു വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി അങ്ങനെ സംസാരിക്കുന്ന രീതി എന്റെയൊരു പൊതുപ്രവര്‍ത്തന രംഗത്ത് നിങ്ങള്‍ക്കാര്‍ക്കെങ്കിലും കാണാന്‍ കഴിഞ്ഞിട്ടുണ്ടോ ഇതേവരെ. അങ്ങനെയൊരു നില എന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലല്ലോ. പക്ഷേ, ഇവര്‍ക്ക് അത് എന്റേതായിട്ട് എങ്ങനെ കൊടുക്കാന്‍ കഴിഞ്ഞുവെന്നത് മനസിലാക്കാനേ കഴിയാത്ത കാര്യമാണ്.

അതിന് പിന്നെ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഇതില്‍ കാണേണ്ടത് ഞാനോ സര്‍ക്കാരോ ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസയും പിആര്‍ ഏജന്‍സിക്കു വേണ്ടി ഞാനോ സര്‍ക്കാരോ ചെലവഴിച്ചിട്ടുമില്ല. ദേവകുമാറിന്റെ മകന്‍ രാഷ്ട്രീയമായി ചെറുപ്പം മുതല്‍ ഞങ്ങളുടെ കൂടെ നില്‍ക്കുന്നയാളാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുള്ളയാളാണ്. പിന്നെ ദേവകുമാറുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാമല്ലോ. അതിന്റെ ഭാഗമായി അയാളിങ്ങനെ പറഞ്ഞപ്പോ ഒരു ഇന്റര്‍വ്യൂ ആകാമെന്ന് സമ്മതിച്ചുവെന്ന് മാത്രമേയുള്ളു. അയാളെയും നയിച്ചിട്ടുണ്ടാകുക അതേ രാഷ്ട്രീയ നിലപാട് തന്നെയാണ്. മറ്റു കാര്യങ്ങള്‍ അവര് തമ്മില്‍ തീരുമാനിക്കണം, എനിക്കറിയില്ല.

ഈ പറയുന്ന തരത്തില്‍ ഒരു ഭാഗം, സാധാരണ ഗതിയില്‍ അങ്ങനെ കൊടുക്കാന്‍ പാടില്ലല്ലോ. അതുകൊണ്ടാണല്ലോ മാന്യമായിട്ട് തന്നെ ഹിന്ദു ഖേദം രേഖപ്പെടുത്തുന്ന അവസ്ഥയുണ്ടായത്. വളരെ മാന്യമായ നിലയാണ് അവര്‍ സ്വീകരിച്ചത്. ഏതെങ്കിലും ഒരു ഭാഗം കിട്ടിയാല്‍ അത് ഞാന്‍ പറഞ്ഞതായിട്ട് കൊടുക്കാന്‍ പാടുണ്ടോ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടല്ലോ. അതിനെല്ലാം ഞാന്‍ ഉത്തരം പറയുന്നുണ്ടല്ലോ. ആകെ ഉത്തരം പറയാതിരുന്നത് അന്‍വറിന്റെ കാര്യം മാത്രമാണ്. അത് ഉത്തരം പറയാന്‍ വിഷമിച്ചിട്ടല്ല, ദീര്‍ഘമായി പറയേണ്ടതാണ്, നേരത്തേ ഞാന്‍ ദീര്‍ഘമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പറയുന്നില്ല എന്നാണ് പറഞ്ഞത്. അതുമായി ബന്ധപ്പെട്ട് അവര്‍ക്കിടയിലെന്താണ് നടന്നതെന്ന് എനിക്ക് കൃത്യമായിട്ട് പറയാന്‍ പറ്റില്ല. അതേസമയം ഈ പറയുന്ന ഏതെങ്കിലും ഭാഗം ഈ ചെറുപ്പക്കാരന്റെ അടുക്കല്‍ നിന്ന് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട കാര്യമാണ്. അവിടെ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കൂടി കടന്നു വരുന്നുണ്ട്. ഇവര്‍ രണ്ടാളാണ് ആദ്യം വന്നത്. ഞാന്‍ അയാളെ കാണുന്നത് എങ്ങനെയാ? വന്ന ഹിന്ദുവിന്റെ മാധ്യമപ്രവര്‍ത്തകയുടെ കൂടെയുള്ള ആളാണെന്നേ ഞാന്‍ മനസിലാക്കുന്നുള്ളു. പിന്നെയാണ് പറയുന്നത് അത് ഏതോ ഒരു ഏജന്‍സിയുടെ ആളാണെന്ന്. എനിക്കത്തരം ഒരേജന്‍സിയെയും അറിയില്ല, ആ വന്നയാളെയും എനിക്കറിയുന്നതല്ല. അവിടെ വന്ന് ഇരുന്നു എന്നുള്ളത് ശരിയാണ്. കേരള ഹൗസില്‍ ഇരിക്കുന്ന സമയത്താണ് അത് നടന്നത്. അപ്പോ എനിക്ക് ഒരേജന്‍സിയുമായും ബന്ധമില്ല, ഒരേജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുമില്ല, ഒരേജന്‍സിക്കും ഇതിന്റെ ഉത്തരവാദിത്തം കൊടുത്തിട്ടുമില്ല.

സര്‍ക്കാര്‍ ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുമില്ല, അത്തരമൊരു ഏജന്‍സി സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുമില്ല. ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചത്. നിങ്ങളാണെങ്കില്‍ സ്വീകരിക്കില്ല. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല എന്ന് അവര്‍ പറയുന്നുണ്ട്. എനിക്ക് ഡാമേജുണ്ടാക്കാനല്ലേ നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ മോഹത്തോട് കൂടിത്തന്നെ നിങ്ങള്‍ നില്‍ക്കൂ എന്നേ എനിക്ക് പറയാനുള്ളു. അതുകൊണ്ട് മാത്രം ഡാമേജായിപ്പോകുന്ന ഒരു വ്യക്തിത്വമല്ല എനിക്ക് എന്നുള്ളത് ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in