ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേതൂവല്‍ പക്ഷികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയും താരതമ്യം ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ആര്‍എസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാ അത്തെ ഇസ്ലാമി. വിഭജന കാലത്ത് പാകിസ്താന്‍ മുസ്ലീം രാഷ്ട്രമായപ്പോള്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാവട്ടെ എന്ന ആര്‍എസ്എസ് നിലപാടിലായിരുന്നു ജമാ അത്തെ ഇസ്ലാമി. ഈ രണ്ടു കൂട്ടരുടെയും അജണ്ട പൊളിച്ചുകൊണ്ടാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത്. ഇരുകൂട്ടര്‍ക്കും ഇതില്‍ ഒരുപോലെ അസഹിഷ്ണുതയാണുള്ളത്. മതേതര ജനാധിപത്യത്തോടും ഇരുകൂട്ടര്‍ക്കും കടുത്ത അസഹിഷ്ണുതയാണുള്ളത്. ദേശീയതയെ ജമാ അത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. അവര്‍ക്ക് വേണ്ടത് ഇസ്ലാമിക സാര്‍വദേശീയതയാണ്. മുസ്ലീം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയും ഒരേ കണ്ണടകൊണ്ട് കാണുന്നത് ശരിയല്ല. ജമാഅത്തെ ഇസ്ലാമി മത സാമ്രാജ്യത്വ സ്വഭാവമുള്ള പ്രസ്ഥാനമാണ്. ഇസ്ലാമിക ലോകം സൃഷ്ടിക്കലാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. അങ്ങനെയൊരു നിലപാടിലാണ് ലീഗ് എന്ന് പറയാന്‍ പറ്റില്ല. മുസ്ലീം ലീഗ് കമ്യൂണിസ്റ്റുകാരെ തോല്‍പിക്കാനുള്ള വ്യഗ്രതയില്‍ എസ്ഡിപിഐയുമായും ജമാ അത്തെ ഇസ്ലാമിയുമായും ഏത് വര്‍ഗ്ഗീയ ഭീകര സംഘടനയുമായും കൂട്ടുചേരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പിണറായി പറഞ്ഞത്
മുസ്ലീം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയും ഒരേ കണ്ണടകൊണ്ട് കാണുന്നത് ശരിയല്ല. ജമാഅത്തെ ഇസ്ലാമി മത സാമ്രാജ്യത്വ സ്വഭാവമുള്ള പ്രസ്ഥാനമാണ്. ഇസ്ലാമിക ലോകം സൃഷ്ടിക്കലാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. അങ്ങനെയൊരു നിലപാടിലാണ് ലീഗ് എന്ന് പറയാന്‍ പറ്റില്ല. മുസ്ലീം ലീഗ് ഒരു റിഫോമിസ്റ്റ് സംഘടനയാണ്. എന്നാല്‍ ജമാ അത്തെ ഇസ്ലാമി തീര്‍ത്തും റിവൈവലിസ്റ്റ് പ്രസ്ഥാനമാണ്. ആദ്യത്തേത് പരിഷ്‌കരണത്തിന്. രണ്ടാമത്തേത് പഴയതിന്റെ പുനരുജ്ജീവനത്തിന്. മുസ്ലീം ലീഗിന്റെ ചരിത്രം നോക്കിയാല്‍ തന്നെ അത് ബ്രിട്ടീഷ് അനുകൂല പ്രസ്ഥാനമായിരുന്നുവെന്ന് കാണാന്‍ പറ്റും. ബ്രിട്ടീഷ് സഹായത്തോടെ വിദ്യാഭ്യാസം, ജോലി എന്നിവ ഉറപ്പാക്കി സമുദായത്തെ പരിഷ്‌കരിക്കുക. ഇതായിരുന്നു തുടക്കത്തിലെ കാഴ്ചപ്പാട്. ജമാ അത്തെ ഇസ്ലാമിയാവട്ടെ പഴയ കാലത്തിലേക്ക് അതായത് ഖലീഫമാരുടെ കാലത്തിലേക്ക് സമുദായത്തെ തിരിച്ചു കൊണ്ടുപോകണമെന്ന നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ്. ലീഗ് ഇന്ത്യക്ക് അകത്തുള്ള രാഷ്ട്രീയത്തില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമി അന്താരാഷ്ട്ര രാഷ്ട്രീയ പരിവര്‍ത്തനത്തിന് അതായത് ഇസ്ലാമികാധിഷ്ഠിത പരിവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ്. മുസ്ലീം ലീഗ് ന്യൂനപക്ഷ രാഷ്ട്രീയം ഇസ്ലാമിക ദേശീയത എന്നിവയിലാണ് കേന്ദ്രീകരിക്കുന്നത്. അതേസമയം ജമാഅത്തേ ഇസ്ലാമി ഒരു ഇസ്ലാമിക സാസ്‌കാരിക സ്ഥാപനം, ഇസ്ലാമിക് ഇംപീരിയലിസം അതിനായി നിലകൊള്ളുകയാണ്.
മുസ്ലീം ലീഗിന് ഇന്ത്യക്ക് പുറത്ത് സഖ്യങ്ങളില്ല. എന്നാല്‍ ജമാ അത്തേ ഇസ്ലാമിക്ക് യെമനിലെ ഷിയാ ഭീകര പ്രവര്‍ത്തകര്‍ മുതല്‍ ഈജിപ്തിലെ ബ്രദര്‍ഹുഡ് വരെയുള്ളവരുമായി ബന്ധങ്ങളുണ്ട്. സാമ്രാജ്യത്വ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുമ്പോഴും സാമ്രാജ്യത്വവുമായി ചേര്‍ന്ന് ശത്രുക്കളെ ഇല്ലാതാക്കാന്‍ മടിക്കാത്തവരാണ് ജമാ അത്തെ ഇസ്ലാമി. ഉദാഹരണത്തിന് അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യപരമായി അധികാരത്തില്‍ വന്ന നജീബുള്ള ഭരണം തകര്‍ക്കാന്‍ അവിടുത്തെ ജമാ അത്തെ ഇസ്ലാമി അമേരിക്കന്‍ സാമ്രാജ്യത്വവുമായി കൈകോര്‍ത്തു നിന്നു. ഈജിപ്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇസ്ലാമിക് ബ്രദര്‍ഹുഡ് സാമ്രാജ്യത്വ കൂട്ടുകെട്ടിന് നിന്നു. പലസ്തീനില്‍ ഫത്താ പാര്‍ട്ടിയെ തകര്‍ക്കാനും ഇവര്‍ സാമ്രാജ്യത്വത്തിന്റെ ചട്ടുകമായി നിന്നു. ചില സവിശേഷ ഘട്ടങ്ങളില്‍ സാമ്രാജ്യത്വ വിരുദ്ധത പറയും. എന്നാല്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ രക്തപങ്കിലമായ അട്ടിമറി നടത്തുന്ന ചരിത്രമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. ലീഗിന് സാര്‍വ്വദേശീയ ബന്ധങ്ങള്‍ അധികമില്ല. പാകിസ്ഥാനുമായി പോലും ബന്ധങ്ങളില്ല. എന്നാല്‍ ലീഗ് ചെയ്യുന്ന അപരാധം കാണാതിരുന്നുകൂടാ. അവര്‍ വര്‍ഗ്ഗീയ ഭീകര പ്രസ്ഥാനങ്ങളുമായി ചേര്‍ന്നു നിന്ന് ഇവിടെ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മടികാട്ടുന്നില്ല. നേരിട്ട് സാര്‍വ്വദേശീയ ഭീകര ബന്ധമില്ലെങ്കിലും അതുള്ളവരുമായി ചേര്‍ന്ന് നില്‍ക്കാന്‍ ലീഗ് മടിക്കുന്നില്ല.
കശ്മീരിലെ ജമാ അത്തെ ഇസ്ലാമി ബിജെപിയുമായി ചേര്‍ന്ന് സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ എതിര്‍ത്തു. ഇവിടെ ലീഗ് ബിജെപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഎമ്മിനെ എതിര്‍ക്കുന്നു. ആര്‍എസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാ അത്തെ ഇസ്ലാമി. വിഭജന കാലത്ത് പാകിസ്താന്‍ മുസ്ലീം രാഷ്ട്രമായപ്പോള്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാവട്ടെ എന്ന ആര്‍എസ്എസ് നിലപാടിലായിരുന്നു ജമാ അത്തെ ഇസ്ലാമി. ഈ രണ്ടു കൂട്ടരുടെയും അജണ്ട പൊളിച്ചുകൊണ്ടാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത്. ഇരുകൂട്ടര്‍ക്കും ഇതില്‍ ഒരുപോലെ അസഹിഷ്ണുതയാണുള്ളത്. മതേതര ജനാധിപത്യത്തോടും ഇരുകൂട്ടര്‍ക്കും കടുത്ത അസഹിഷ്ണുതയാണുള്ളത്. ദേശീയതയെ ജമാ അത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. അവര്‍ക്ക് വേണ്ടത് ഇസ്ലാമിക സാര്‍വദേശീയതയാണ്. ലീഗിന് ഈ നിലപാടുണ്ടെന്ന് പറയാന്‍ പറ്റില്ല. ലോകത്ത് എവിടെയുള്ള മുസ്ലീങ്ങളും ഒറ്റ രാഷ്ട്രത്തിലെ പൗരരാണ് ജമാ അത്തെ ഇസ്ലാമിക്ക്. ലീഗിന് അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല.
ആദ്യം മതാടിസ്ഥാനത്തില്‍ രാഷ്ട്രങ്ങളെ വേര്‍തിരിക്കുക. പിന്നീട് ഇസ്ലാമിക സാമ്രാജ്യത്വ ശക്തിയില്‍ ഇതര മതരാഷ്ട്രങ്ങളെ തകര്‍ത്ത് ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുക. ഇതാണ് ജമാ അത്തെ ഇസ്ലാമിയുടെ പരിപാടി. ഇതില്‍ ആദ്യത്തേതിനോട് രാഷ്ട്രത്തെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ച് എടുക്കുന്നതിനോട് സംഘപരിവാറിന് പൂര്‍ണ്ണ യോജിപ്പാണ്. രണ്ടാം ഘട്ടത്തില്‍ ഹിന്ദു സാമ്രാജ്യത്വം സ്ഥാപിക്കലും സംഘപരിവാറിന്റെ ആഗ്രഹത്തിലാണ്. അപ്പോ ഈ രണ്ടും ഒരേ തൂവല്‍ പക്ഷികളാണെന്നാണ് കാണാന്‍ സാധിക്കുക. ലീഗുണ്ടാക്കുന്ന വലിയ ആപത്ത്, കമ്യൂണിസ്റ്റുകാരെ തോല്‍പിക്കാനുള്ള വ്യഗ്രതയില്‍ അവര്‍ എസ്ഡിപിഐയുമായും ജമാ അത്തെ ഇസ്ലാമിയുമായും എന്നുവേണ്ട, ഏത് വര്‍ഗ്ഗീയ ഭീകര സംഘടനയുമായും കൂട്ടുചേരുന്നു.