മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. കിന്നൗര്‍ സ്വദേശിയായ ലായക് റാം നേഗി എന്ന മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനാണ് പരാതിക്കാരന്‍. നേഗി മാണ്ഡിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു. ശരിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടും തന്റെ പത്രിക തള്ളിക്കളഞ്ഞുവെന്ന് ആരോപിച്ചാണ് ഇയാള്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കങ്കണയ്ക്കും റിട്ടേണിംഗ് ഓഫീസറായ മാണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചു. ഓഗസ്റ്റ് 21നകം നോട്ടീസിന് മറുപടി നല്‍കണമെന്ന് ജസ്റ്റിസ് ജ്യോത്സ്‌ന റേവല്‍ നിര്‍ദേശിച്ചു.
ഹിമാചല്‍ പ്രദേശ് വനംവകുപ്പില്‍ നിന്ന് സ്വയം വിരമിച്ചയാളാണ് നേഗി. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഇയാള്‍ വനംവകുപ്പിന്റെ നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചിരുന്നു. ഇതു കൂടാതെ വൈദ്യുതി, ജലവിഭവ, ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നു കൂടി നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന് കാട്ടി ഇയാള്‍ക്ക് വരണാധികാരി ഒരു ദിവസം കൂടി നല്‍കി. അവ സമര്‍പ്പിച്ചെങ്കിലും തന്റെ നാമനിര്‍ദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളുകയായിരുന്നുവെന്നാണ് നേഗി നല്‍കിയ പരാതിയില്‍ പറയുന്നത്. പത്രിക സ്വീകരിച്ചിരുന്നെങ്കില്‍ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നുവെന്ന് ഹര്‍ജിയില്‍ നേഗി അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കങ്കണയുടെ തെരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നാണ് ആവശ്യം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന വിക്രമാദിത്യ സിങ്ങിനെ പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കങ്കണ മാണ്ഡിയില്‍ നിന്ന് ലോക്‌സഭയിലെത്തിയത്. 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 5,37,002 വോട്ടുകള്‍ കങ്കണയ്ക്ക് ലഭിച്ചപ്പോള്‍ വിക്രമാദിത്യ സിങ്ങിന് 4,62,267 വോട്ടുകള്‍ ലഭിച്ചു.