'നീയൊരു പെണ്ണാണ്, നിനക്ക് എന്തെങ്കിലും അറിയുമോ'? വനിതാ എംഎല്‍എയോട് കയര്‍ത്ത് നിതീഷ് കുമാര്‍

'നീയൊരു പെണ്ണാണ്, നിനക്ക് എന്തെങ്കിലും അറിയുമോ'? വനിതാ എംഎല്‍എയോട് കയര്‍ത്ത് നിതീഷ് കുമാര്‍
Published on

ബിഹാര്‍ നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍. സംവരണ നിയമങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയ്ക്കിടെ ആര്‍ജെഡി വനിതാ എംഎല്‍എ രേഖാ പാസ്വാനെതിരെ നിതീഷ് നടത്തിയ അക്രോശമാണ് വിവാദമായത്. 'നീയൊരു പെണ്ണാണ്, നിനക്കെന്തറിയാം, അവിടെയിരുന്ന് ശ്രദ്ധിക്കൂ' എന്നായിരുന്നു നിതീഷ് രേഖയോട് പറഞ്ഞത്. ബുധനാഴ്ചയായിരുന്നു സംഭവം. ഭേദഗതി വരുത്തിയ സംവരണ നിയമങ്ങള്‍ ജുഡീഷ്യല്‍ റിവ്യൂവില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെയാണ് നാടകീയ സംഭവങ്ങള്‍ ആരംഭിച്ചത്.

താന്‍ മുന്‍കയ്യെടുത്ത് നടത്തിയ ജാതി സര്‍വേയെക്കുറിച്ചും അതിലൂടെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ, ഒബിസി, പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തില്‍ വര്‍ദ്ധന വരുത്തിയതിനെക്കുറിച്ചും നിതീഷ് സംസാരിച്ചു. നിയമത്തില്‍ വരുത്തിയ ഭേദഗതി പാട്‌ന ഹൈക്കോടതി തടഞ്ഞിരിക്കുകയാണെന്നും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നിതീഷ് വിശദീകരിച്ചു. നിയമ ഭേദഗതി ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിതീഷ് വിശദീകരിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ രോഷാകുലനായ നിതീഷ് രേഖാ പാസ്വാന് നേരെ ആക്രോശിക്കുകയായിരുന്നു.

സംഭവത്തില്‍ നിതീഷിനെതിരെ ആര്‍ജെഡി നേതാവും എന്‍ഡിഎയോട് പിണങ്ങി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന നിതീഷ് രൂപീകരിച്ച സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവ് രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരെ അനാവശ്യവും മോശവും സംസ്‌കാരരഹിതവും മര്യാദയില്ലാത്തതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് നിതീഷിന്റെ സ്വഭാവമായി മാറിയിരിക്കുകയാണെന്ന് തേജസ്വി പറഞ്ഞു. ഇപ്പോള്‍ പട്ടികജാതിക്കാരിയായ ഒരു വനിതാ എംഎല്‍എയ്ക്ക് എതിരെയാണ് നിതീഷിന്റെ കമന്റ്. കുറച്ചു ദിവസം മുന്‍പ് ആദിവാസി വിഭാഗക്കാരിയായ ബിജെപി വനിതാ എംഎല്‍എയുടെ സൗന്ദര്യത്തെക്കുറിച്ചായിരുന്നു നിതീഷിന് പറയാനുണ്ടായിരുന്നതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in