'ഒഡിഷയ്ക്ക് ബജറ്റില്‍ ഒന്നും കിട്ടിയില്ല'; പരാതിയുമായി മോദിയുടെ മുന്‍ സുഹൃത്ത് നവീന്‍ പട്‌നായിക്

'ഒഡിഷയ്ക്ക് ബജറ്റില്‍ ഒന്നും കിട്ടിയില്ല'; പരാതിയുമായി മോദിയുടെ മുന്‍ സുഹൃത്ത് നവീന്‍ പട്‌നായിക്
Published on

കേന്ദ്ര ബജറ്റില്‍ കാര്യമായി ഒന്നും കിട്ടാത്തതില്‍ പരാതിയുമായി നരേന്ദ്ര മോദിയുടെ മുന്‍ സുഹൃത്തും ഒഡിഷ മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്. കേന്ദ്ര ബജറ്റിനെ നിരാശാജനകമെന്നാണ് പട്‌നായിക് വിശേഷിപ്പിച്ചത്. സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിനും ബിഹാറിനും കോടികള്‍ നല്‍കിയപ്പോള്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. കല്‍ക്കരി റോയല്‍റ്റി പുനരവലോകനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്രം തള്ളിക്കളഞ്ഞു. ഓരോ വര്‍ഷവും ഇതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകുമെന്നും പട്‌നായിക് പറഞ്ഞു.

സംസ്ഥാന തെരഞ്ഞൈടുപ്പ് പ്രകടന പത്രികയില്‍ സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി സ്റ്റാറ്റസ് നല്‍കുമെന്ന് ബിജെപി പറഞ്ഞിരുന്നെങ്കിലും ബജറ്റില്‍ അതേക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പാക്കേജുകള്‍ കൈനിറയെ നല്‍കിയിരിക്കുകയാണ്. ദുരന്ത നിവാരണത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും അതും കേന്ദ്രം തള്ളി. എല്ലാ വര്‍ഷവും ഒഡിഷ പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രളയ പാക്കേജ് അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലും കേന്ദ്രം തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒഡിഷയുടെ നിവേദനങ്ങള്‍ പരിഗണിക്കാതെ ആന്ധ്രയിലെ പോളാവാരം ജലസേചന പദ്ധതിക്ക് കൂടുതല്‍ പണം അനുവദിച്ചത് കേന്ദ്രത്തിന്റെ പക്ഷപാത സമീപനത്തിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷ നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ നവീന്‍ പട്‌നായിക് നേതൃത്വം നല്‍കുന്ന ബിജെഡിയെ പുറത്താക്കി ബിജെപി അധികാരത്തില്‍ എത്തിയിരുന്നു. 2014 മുതല്‍ ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിയെ പിന്തുണച്ചിരുന്ന ബിജു ജനതാദളിനെ പുറത്താക്കിക്കൊണ്ട് ബിജെപി സംസ്ഥാനം പിടിച്ചടക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in