വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്കു വേണ്ടി മമത പ്രചാരണത്തിനെത്തും

വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്കു വേണ്ടി മമത പ്രചാരണത്തിനെത്തും
Published on

രാഹുല്‍ ഗാന്ധി ഒഴിഞ്ഞതിനെത്തുടര്‍ന്ന് വയനാട്ടില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കു വേണ്ടി മമതാ ബാനര്‍ജി പ്രചാരണത്തിനെത്തും. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം കഴിഞ്ഞ ദിവസം മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക മത്സരിക്കണമെന്ന് മമത നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. പ്രിയങ്കയുമായി മമതയ്ക്ക് നല്ല വ്യക്തിബന്ധവുമുണ്ട്.

മമത പ്രിയങ്കയ്ക്കു വേണ്ടി പ്രചാരണത്തിനായി എത്തുന്നതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. ചിദംബരത്തിന്റെ സന്ദര്‍ശനത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നാണ് സൂചന. രാജിവെച്ച ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുമായി മമതയ്ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ചിദംബരത്തിന്റെ സന്ദര്‍ശനത്തിലും അധീര്‍ രഞ്ജന്‍ ചൗധരിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. ഈ സന്ദര്‍ശത്തിനു ശേഷമാണ് വെള്ളിയാഴ്ച ചൗധരി പിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

ഇന്ത്യ മുന്നണിയിലെ ഘടകകക്ഷിയാണെങ്കിലും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ അത്ര നല്ല ബന്ധമല്ല. ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിച്ച മമതയുടെ തൃണമൂല്‍ 42 മണ്ഡലങ്ങളില്‍ 29 എണ്ണത്തിലും വിജയിച്ചു. അധീര്‍ രഞ്ജന്‍ ചൗധരിയാകട്ടെ പരാജയപ്പെടുകയും ചെയ്തു. ഇന്ത്യാ മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളായ കോണ്‍ഗ്രസും തൃണമൂലുമായുള്ള ബന്ധം ഇതോടെ ശക്തമാകുമെങ്കിലും അധീറിനെപ്പോലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തി പ്രകടമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in