മഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന; എഐസിസി നിരീക്ഷകരെ അയക്കുമെന്ന് കോണ്‍ഗ്രസ്
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്ന് അറിയിച്ച് ബിജെപി പിന്മാറിയതോടെ അവകാശവാദമുന്നയിച്ച് ശിവസേന രംഗത്ത്. തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശിവസനേയുടെ തന്നെ മുഖ്യമന്ത്രി തന്നെ ഉണ്ടാകുമെന്നും മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തില്‍ കോണ്‍ഗ്രസ് ശിവസേനയെ പിന്തുണച്ചേക്കുമെന്ന സൂചനകള്‍ ശക്തമായി. മഹാരാഷ്ട്രയിലേക്ക് എഐസിസിയിലെ മുതിര്‍ന്ന നേതാക്കളെ അയക്കാനും രാഷ്ട്രീയ സ്ഥിതിയേക്കുറിച്ച് നിരീക്ഷകരില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലെന്ന് ഫഡ്‌നാവിസ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയോട് വ്യക്തമാക്കി. ബിജെപി കോര്‍ കമ്മിറ്റിയില്‍ രണ്ട് വട്ടം ചര്‍ച്ച ചെയ്ത ശേഷമാണ് ഫഡ്‌നാവിസ് തീരുമാനം അറിയിച്ചത്. ശിവസേനയുമായുള്ള ബന്ധം അവസാനിച്ചെന്നും മുന്നണിയായി മത്സരിച്ച ശേഷം സേന പിന്നില്‍ നിന്ന് കുത്തിയെന്നും ബിജെപി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
ബിജെപി അധികാരത്തിലേറാതിരിക്കാനായി ശിവസേനയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ബിജെപിയെ പുറത്താക്കണമെന്ന അഭിപ്രായം ശക്തമാണെന്ന് ചവാന്‍ പറഞ്ഞു. എന്‍സിപിയുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. എന്തുവേണമെന്ന കാര്യത്തില്‍ ശരദ് പവാറുമായി വിശദമായി ചര്‍ച്ച നടത്തി. ബിജെപിയെ പുറത്താക്കണമെന്ന വികാരമാണ് മുന്നണിയിലുമുള്ളത്. എന്ത് വിലകൊടുത്തും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബിജെപിയെ തടയുമെന്നും ചവാന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ ശത്രുവല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പ്രസ്താവന നടത്തിയിരുന്നു. എല്ലാവര്‍ക്കും സംസ്ഥാനത്ത് സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെയാണ് വേണ്ടത്. കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ ശത്രുവല്ല. ശിവസേനയുടേയും കോണ്‍ഗ്രസിന്റേയും പ്രത്യയശാസ്ത്രം വ്യത്യസ്തമായിരിക്കാം. അതിനര്‍ത്ഥം തങ്ങള്‍ ശത്രുക്കളാണെന്ന് അല്ലെന്നും ശിവസേന നേതാവ് പറയുകയുണ്ടായി.
സംസ്ഥാനത്ത് ഒറ്റക്ക് അധികാരം പിടിക്കാമെന്ന ബിജെപി ലക്ഷ്യമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിഷ്പ്രഭമായത്. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യവുമായി പകുതിയിലധികം സീറ്റുകളില്‍ ബിജെപി മത്സരിച്ചിരുന്നു. എന്നാല്‍ 288 അംഗ സഭയില്‍ 105 പേരെ വിജയിപ്പിക്കാനേ സാധിച്ചുള്ളൂ. ഒറ്റക്ക് അധികാരം കയ്യാളാന്‍ ഇറങ്ങിയ ബിജെപിക്ക് കഴിഞ്ഞ തവണ നേടിയ 122 സീറ്റുകള്‍ പോലും നേടാനായില്ല. 145 ആണ് മഹാരാഷ്ട്ര നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം. 56 സീറ്റുള്ള ശിവസേനയെ കൂട്ടുപിടിച്ച് മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം സാധ്യമാകൂ. ആകെ 161 ആണ് എന്‍ഡിഎയുടെ അംഗബലം. എന്‍സിപി 54 ഉം കോണ്‍ഗ്രസ് 44 ഉം ഇടത്താണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മറ്റ് യുപിഎ കക്ഷികള്‍ 7 ഇടത്തും ചെറു പാര്‍ട്ടികളും സ്വതന്ത്രരുമടക്കം 23 പേരുമാണ് നിയമസഭയിലെത്തിയത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം