മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും എന്‍സിപി അജിത്ത് പവാര്‍ വിഭാഗം എംഎല്‍എയുമായ നര്‍ഹരി സിര്‍വല്‍ അടക്കം നാല് പേര്‍ സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി. ഒരു ബിജെപി എംപി അടക്കമുള്ളവരാണ് മന്ത്രാലയ എന്ന് അറിയപ്പെടുന്ന സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. സംവരണ വിഷയത്തിലായിരുന്നു ഈ കടുംകൈ ചെയ്യാന്‍ ഇവര്‍ തുനിഞ്ഞത്. സുരക്ഷയ്ക്കായി വിരിച്ച വലയിലേക്കാണ് ഇവര്‍ വീണത്. തുടര്‍ന്ന് കെട്ടിടത്തിലേക്ക് തിരിച്ചു കയറിയ ഇവര്‍ പ്രതിഷേധവുമായി കുത്തിയിരിപ്പ് നടത്തി. സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യകള്‍ ഉണ്ടാകാതിരിക്കാന്‍ 2018ലാണ് ഈ സുരക്ഷാ വലകള്‍ ഇവിടെ സ്ഥാപിച്ചത്. ചാടിയ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പ്രതിഷേധത്തിന്റെ പിന്നാമ്പുറം
ദംഗര്‍ സമുദായത്തെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ചാടല്‍ സമരം നടത്തിയത്. സര്‍ക്കാര്‍ ഈ വിഷയം പരിഗണിച്ചു വരികയാണ്. നിലവില്‍ ഒബിസി വിഭാഗത്തിലുള്ള ദംഗറുകള്‍ തങ്ങളെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഏറെക്കാലമായി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെച്ച് സോലാപൂര്‍ ജില്ലയിലെ പന്ഥാര്‍പൂരില്‍ ഇവര്‍ സമരം നടത്തി വരികയാണ്. ഭരണഘടനയില്‍ പട്ടികവര്‍ഗ്ഗ വിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ള ദംഗഡ് എന്ന വിഭാഗമാണ് തങ്ങളെന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ പട്ടിക വര്‍ഗ്ഗക്കാരായി അംഗീകരിക്കപ്പെടുന്ന തങ്ങള്‍ക്ക് മഹാരാഷ്ട്രയിലും അതിന് അര്‍ഹതയുണ്ടെന്നുമാണ് ഇവര്‍ വാദിക്കുന്നത്. അതേസമയം ദംഗറുകളെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ ഡെപ്യൂട്ടി സ്പീക്കര്‍ അടക്കമുള്ളവര്‍ നേരത്തേ മുതല്‍ തന്നെ എതിര്‍ത്തു വരികയാണ്. മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ ചില പട്ടികവര്‍ഗ്ഗ എംഎല്‍എമാര്‍ മന്ത്രാലയയ്ക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് സംഭവമുണ്ടായത്.
പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും മറാത്ത് വാഡയിലുമുള്ള ദംഗറുകള്‍ ആട് മേച്ച് ജീവിക്കുന്നവരാണ്. ദംഗഡ് എന്നാണ് പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദംഗര്‍ എന്ന് അറിയപ്പെടുന്നതിനാല്‍ തങ്ങള്‍ക്ക് സംവരണം നിഷേധിക്കപ്പെടുകയാണെന്ന് ഏറെക്കാലമായി ഇവര്‍ പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആടു മേയ്ക്കുന്ന ആദിവാസി നാടോടി വിഭാഗക്കാരായാണ് ഇവരെ ഇപ്പോള്‍ കണക്കാക്കുന്നത്. ഇവരെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് യശ്വന്ത് സേനയടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെ പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരെയും പ്രതിഷേധം ശക്തമാണ്. ഇവര്‍ ആദിവാസികളല്ലെന്നും എസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് മറ്റ് ആദിവാസി വിഭാഗങ്ങളോട് കാട്ടുന്ന അനീതിയായിരിക്കുമെന്നുമാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്.