‘മോഹന്‍രാജിന്റെ പരാജയത്തില്‍ ഖേദിക്കുന്നു’; കോന്നിയിലെ തോല്‍വിയില്‍ ഡിസിസിയെ പഴിച്ച് അടൂര്‍ പ്രകാശ്
കോന്നി ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ പത്തനംതിട്ട ഡിസിസിയെ പഴിച്ച് അടൂര്‍ പ്രകാശ്. കോന്നിയിലെ പ്രചാരണത്തില്‍ ഡിസിസി നേതൃത്വത്തിന് വീഴ്ച്ചയുണ്ടായെന്ന വാദവുമായി കോണ്‍ഗ്രസ് എംപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത് ഡിസിസിയാണ്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ പ്രവര്‍ത്തനം ജനം ഉള്‍ക്കൊണ്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു. കോന്നിയിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്ന ശേഷം അടൂര്‍ പ്രകാശിന്റെ ആദ്യ പ്രതികരണമാണിത്.
റോബിന്‍ പീറ്ററുടെ അയോഗ്യത എന്തെന്ന് എനിക്കറിയില്ല. മത്സരിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥി ആരെന്ന് ചോദിച്ചപ്പോള്‍ നിര്‍ദ്ദേശിച്ചു.
അടൂര്‍ പ്രകാശ്
കോന്നിയിലെ തോല്‍വിയ്ക്ക് പിന്നാലെ അടൂര്‍ പ്രകാശിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
മോഹന്‍രാജിന്റെ പരാജയത്തില്‍ ഖേദമുണ്ട്. ഒരു വിഭാഗത്തിന്റെ മാത്രം പിന്തുണയിലല്ല താന്‍ ജയിച്ചിരുന്നത്. പാര്‍ട്ടിയുടെ തീരുമാനത്തിന് ഒപ്പമായിരുന്നു താന്‍. ഒരിടത്തേക്കും ഒളിച്ചോടിയിട്ടില്ല. പാര്‍ട്ടി പറഞ്ഞതെല്ലാം കോന്നിയില്‍ ചെയ്തു. കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും തന്റെ സാന്നിധ്യമുണ്ടായിരുന്നു. കെപിസിസി യോഗത്തില്‍ പലതും പറയാനുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തേക്കുറിച്ച് കോണ്‍ഗ്രസ് അന്വേഷിക്കണമെന്നും ആറ്റിങ്ങല്‍ എംപി കൂട്ടിച്ചേര്‍ത്തു.
23 വര്‍ഷം യുഡിഎഫ് കോട്ടയായി തുടര്‍ന്ന കോന്നിയാണ് കെ യു ജനീഷ് കുമാറിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്. 70.07 വോട്ടിങ് രേഖപ്പെടുത്തിയ കോന്നിയില്‍ ജനീഷ് 9,953 വോട്ടിന്റെ ഭൂരിപക്ഷം നേടി.
23 വര്‍ഷം കോന്നി എംഎല്‍എയായിരുന്ന അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനായിരുന്നു അടൂര്‍ പ്രകാശിന് താല്‍പര്യം. ഇതിനെ മറികടന്നാണ് മുന്‍ഡിസിസി പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ പി മോഹന്‍രാജിനെ മത്സരിപ്പിച്ചത്. പി മോഹന്‍രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുടക്കം മുതല്‍ അടൂര്‍ പ്രകാശ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും ബഹിഷ്‌കരിക്കാനൊരുങ്ങിയിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുയായിരുന്നു. കോന്നിയില്‍ വോട്ടെടുപ്പ് ദിവസം അടൂര്‍ പ്രകാശ് വിട്ടുനിന്നിരുന്നത് വാര്‍ത്തയായിരുന്നു. പാര്‍ലമെന്ററി സമിതി യോഗം നടക്കുന്നതിനാല്‍ ദില്ലിയിലാണെന്നാണ് അടൂര്‍ പ്രകാശ് കാരണമായി പറഞ്ഞത്. കൊട്ടിക്കലാശത്തിനും അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നില്ല.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം