സീനിയോറിറ്റി കീഴ്‌വഴക്കത്തിന് പുല്ലുവില; കൊടിക്കുന്നിലിനെ ഒഴിവാക്കി, ബിജെപി പ്രതിനിധി പ്രോടേം സ്പീക്കർ

സീനിയോറിറ്റി കീഴ്‌വഴക്കത്തിന് പുല്ലുവില; കൊടിക്കുന്നിലിനെ ഒഴിവാക്കി, ബിജെപി പ്രതിനിധി പ്രോടേം സ്പീക്കർ
Published on

പതിനെട്ടാം ലോക്‌സഭയിലെ പ്രോടേം സ്പീക്കറാകാന്‍ യോഗ്യതയുള്ള കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞ് ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ രാഷ്ട്രപതി നിയമിച്ചു. ലോക്‌സഭാ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സഭാ നടപടികള്‍ നിയന്ത്രിക്കാനും എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കുമായാണ് പ്രോടേം സ്പീക്കറെ നിയമിക്കുന്നത്. സഭയിലെ സീനിയോറിറ്റി കൂടുതലുള്ള അംഗത്തെ പ്രോടേം സ്പീക്കറാക്കുകയെന്നതാണ് സാധാരണ അനുവര്‍ത്തിച്ചു വരുന്ന രീതി. ഇതനുസരിച്ച് കൊടിക്കുന്നില്‍ സുരേഷ്, ബിജെപി അംഗം വീരേന്ദ്രകുമാര്‍ എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കേണ്ടതാണ്. ഇരുവരും എട്ടാം തവണയാണ് പാര്‍ലമെന്റില്‍ എത്തുന്നത്.

വീരേന്ദ്രകുമാറിന് മന്ത്രി സ്ഥാനം കിട്ടിയതോടെ കൊടിക്കുന്നിലിന് സാധ്യത തെളിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഭര്‍തൃഹരിയെ രാഷ്ട്രപതി നിയമിക്കുകയായിരുന്നു. ആറുതവണ ബിജെഡി പ്രതിനിധിയായി ലോക്‌സഭയില്‍ എത്തിയ ഭര്‍തൃഹരി ഏഴാം തവണ ബിജെപി പ്രതിനിധിയായാണ് എത്തിയിരിക്കുന്നത്. ഒഡിഷയിലെ ആദ്യ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ് ഭര്‍തൃഹരി. ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ നീളുന്ന ആദ്യ സമ്മേളനത്തില്‍ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്കും ഭര്‍തൃഹരി മേല്‍നോട്ടം വഹിക്കും.

അതേസമയം കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പാര്‍ലമെന്ററി മാനദണ്ഡങ്ങള്‍ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരമൊരു നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in