ഗ്രൂപ്പ് പോരുകള്‍ അവസാനിപ്പിച്ച് സെമി കേഡര്‍ സിസ്റ്റത്തിലേക്ക് മാറാന്‍ തീരുമാനിച്ച നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുകള്‍. ഐക്യത്തില്‍ പോകാന്‍ അണികളോട് ആഹ്വാനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും നേതൃത്വത്തിലാണ് ഗ്രൂപ്പുകള്‍. രമേശ് ചെന്നിത്തലയും കെ.മുരളീധരനും കെ.സുധാകരന്‍ പക്ഷത്തും എ ഗ്രൂപ്പ് നേതാക്കള്‍ വി.ഡി സതീശനൊപ്പവുമാണ്.
പുനഃസംഘടന ഹൈക്കമാന്‍ഡ് തടഞ്ഞതിന് പിന്നാലെയാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ സജീവമായ കാര്യം നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത്. പഴയ ഗ്രൂപ്പുകള്‍ നിര്‍ജ്ജീവമായപ്പോള്‍ ആരൊക്കെ ആര്‍ക്കൊപ്പമെന്ന് ആര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. പുനഃസംഘടനയുടെ പേരില്‍ പുതിയ നേതൃത്വത്തില്‍ ചേരിതിരിവുണ്ടായതോടെ ചിതറിപ്പോയ ഐ ഗ്രൂപ്പ് കെ.സുധാകരനൊപ്പം ചേര്‍ന്നു. എ ഗ്രൂപ്പ് മുന്നില്‍ നിര്‍ത്തുന്നത് വി.ഡി സതീശനെയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി. സിദ്ദിഖ് എന്നിവര്‍ വി.ഡി സതീശനൊപ്പമാണ്. ഉമ്മന്‍ചാണ്ടിയുടെ മൗനാനുവാദത്തോടെയാണ് ഈ നീക്കം. ഷാഫി പറമ്പില്‍ ഉള്‍പ്പെടെ എ ഗ്രൂപ്പിലെ പല നേതാക്കളും ഈ ഗ്രൂപ്പിലേക്ക് മാറിയിട്ടില്ല.
പുനഃസംഘടനയുടെ പേരില്‍ കെ.സുധാകരന്‍ പാര്‍ട്ടി പിടിച്ചെടുക്കുന്നുവെന്നതാണ് വി.ഡി സതീശനെയും എ.ഗ്രൂപ്പിനെയും ഒന്നിപ്പിച്ചിരിക്കുന്നത്. എം.പിമാരും കെ.പി.സി.സി പ്രസിഡന്റിനെതിരെയുള്ള ഗ്രൂപ്പിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എം.പിമാരോടും പഴയ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുണ്ടായിരുന്നവരോടും ചര്‍ച്ച ചെയ്യാതെയാണ് പുനഃസംഘടന പട്ടിക തയ്യാറാക്കിയതെന്നതാണ് നേതാക്കളെ ചൊടിപ്പിച്ചത്. കെ.സുധാകരനൊപ്പം നില്‍ക്കുന്ന നേതാക്കള്‍ ജില്ലകളുടെ നേതൃത്വം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. എ ഗ്രൂപ്പിന് സ്വാധീനമുള്ള മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു നീക്കം. വി.ഡി സതീശന്‍ ഗ്രൂപ്പുണ്ടാക്കുന്നുവെന്നാണ് കെ.സുധാകരന്റെ ആരോപണം.
പരാതിയുള്ള നേതാക്കള്‍ എം.പിമാരെ മുന്നില്‍ നിര്‍ത്തി ഹൈക്കമാന്‍ഡിനെ സമീപിച്ചാണ് പുനഃസംഘടന മരവിപ്പിച്ചത്. കെ.സുധാകരനെ അനുകൂലിക്കുന്നവര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന രീതിയിലായിരുന്നു പട്ടികയെന്ന് ഇവര്‍ പരാതിപ്പെടുന്നു. കെ.സി വേണുഗോപാല്‍ ഇടപെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കൊണ്ട് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിക്കുകയായിരുന്നു.
പുനഃസംഘടന തെരഞ്ഞെടുപ്പിലേക്ക് പോകുകയാണെങ്കില്‍ അതിനും തയ്യാറാണെന്ന നിലപാടായിരുന്നു ഗ്രൂപ്പുകള്‍ക്ക്. മത്സരിക്കാനായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പദ്ധതി. നിലവിലെ സംഘടനാ സംവിധാനം കെ.സുധാകരന് അനുകൂലമായിരുന്നില്ല. അതുകൊണ്ട് താല്‍ക്കാലിക പുനഃസംഘടന നടത്തി അതിന് ശേഷം തെരഞ്ഞെടുപ്പിലേക്ക് പോകാനായിരുന്നു കെ.സുധാകരന്റെ പദ്ധതിയെന്ന് ആരോപണമുണ്ട്. അതിന് തടയിടാനാണ് വി.ഡി സതീശന്റെയും എ. ഗ്രൂപ്പിന്റെയും നീക്കം.
പുനഃസംഘടന പൊട്ടിത്തെറിയിലേക്കോ?
പുനഃസംഘടന അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെട്ടതില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അതൃപ്തിയിലാണ്. പുനഃസംഘടന നിര്‍ത്തിവെക്കാന്‍ താരിഖ് അന്‍വര്‍ ഫോണിലൂടെ കെ.സുധാകരനോട് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുനഃസംഘടന അനിശ്ചിതത്വത്തിലായി. പ്രതിഷേധം അറിയിച്ച് കെ.സുധാകരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. പരാതിക്കാര്‍ ആരാണെന്ന് വ്യക്തമാക്കിയില്ലെന്നാണ് കെ.സുധാകരന്‍ ആരോപിക്കുന്നത്. കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും അടുത്ത അനുയായികള്‍ക്ക് കെ.സുധാകരന്‍ നല്‍കിയിട്ടുണ്ട്.
രണ്ടാം തവണയും അധികാരത്തിലേക്ക് എത്താന്‍ കഴിയാതിരുന്നതോടെയാണ് ഗ്രൂപ്പ് പോരുകള്‍ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ പുതിയ നേതൃത്വം തീരുമാനിച്ചത്. സെമി കേഡര്‍ സിസ്റ്റത്തിലൂടെ പാര്‍ട്ടിയില്‍ അച്ചടക്കം കൊണ്ടുവരാനും നീക്കം തുടങ്ങി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പോലും പങ്കാളിത്തമില്ലാത്തവരായി മാറിയെന്ന് പരാതിപ്പെട്ടു. ദേശീയ നേതൃത്വത്തിലേക്ക് പോകാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചു. വി.എം സുധീരന്‍ നേതൃത്വത്തോട് പരസ്യമായി പൊട്ടിത്തെറിച്ച് രാജിവെച്ചു. കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാകുകയാണെന്ന നിരീക്ഷണങ്ങളെ കെ.സുധാകരനും വി.ഡി സതീശനും ഉള്‍പ്പെടുന്ന നേതൃത്വം ചിരിച്ച് തള്ളി. പുനഃസംഘടനയിലേക്ക് കടന്നതോടെ എല്ലാ തകിടം മറിഞ്ഞ് പഴയ ഗ്രൂപ്പുകള്‍ പുതിയ രൂപത്തിലെത്തി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പരിശോധനയ്ക്ക് ആളെ വിട്ടെന്നും വാര്‍ത്ത പുറത്തു വന്നിതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. പുനഃസംഘടന നടക്കുന്നതിനാല്‍ എല്ലാ ജില്ലകളില്‍ നിന്നും നേതാക്കള്‍ തന്നെയും കെ.പി.സി.സി പ്രസിഡന്റിനെയും കാണാനെത്തുന്നുണ്ടെന്നായിരുന്നു ഇതിനോട് വി.ഡി. സതീശന്റെ പ്രതികരണം. വാര്‍ത്തയ്ക്ക് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാമെന്നും വി.ഡി സതീശന്‍ തുറന്നടിച്ചു. ഇരുവരും മാനസികമായി അകന്നുവെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തപ്പെട്ടു. വ്യാഴാഴ്ച പട്ടിക പുറത്തിറക്കാനിരിക്കെയുള്ള ഇടപെടല്‍ വി.ഡി സതീശനെ പിന്തുണയ്ക്കുന്നവരും കെ.സി വേണുഗോപാലും ചേര്‍ന്നുള്ള ഒത്തുകളിയാണെന്നാണ് കെ.സുധാകരനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്. വി.ഡി സതീശനുമായി പട്ടിക ചര്‍ച്ച ചെയ്യുന്നതിനിടെ ഹൈക്കമാന്‍ഡ് ഇടപെട്ടതും ഗൗരവത്തോടെയാണ് കെ.സുധാകന്‍ പക്ഷം കാണുന്നത്. ഇടവേളയ്ക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിലേക്ക് മാറുകയാണെന്ന ആശങ്കയിലാണ് അണികള്‍. ഏത് പക്ഷത്തേക്ക് മാറണമെന്ന് അറിയാതെ നില്‍ക്കുകയാണ് പഴയ ഗ്രൂപ്പ് നേതാക്കളും.