സുധാകരനെതിരെ കെ.സി വേണുഗോപാലും എം.കെ രാഘവനും പിന്നണിയില്‍; കണ്ണൂരിലെ പോര് സംസ്ഥാനതലത്തിലേക്ക്

സുധാകരനെതിരെ കെ.സി വേണുഗോപാലും എം.കെ രാഘവനും പിന്നണിയില്‍; കണ്ണൂരിലെ പോര് സംസ്ഥാനതലത്തിലേക്ക്
Published on

കണ്ണൂര്‍ വിഭാഗത്തിലെ നേതാക്കള്‍ക്കിടയിലെ തര്‍ക്കമാണ് കോണ്‍ഗ്രസിനെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. കെ.സി വേണുഗോപാലും എം.കെ രാഘവനും കെ.സുധാകരനുമായുള്ള പോരിന്റെ തുടര്‍ച്ചയാണ് ഇതെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായ കെ.സുധാകരന്‍ പുനഃസംഘടനയിലൂടെ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണത്തോടെയാണ് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ വീണ്ടും സജീവമായത്. പുനഃസംഘടനയിലെ അതൃപ്തി അറിയിച്ച് ഹൈക്കമാന്‍ഡിന് എം.പിമാര്‍ പരാതി നല്‍കിയതിന് പിന്നില്‍ കെ.സി വേണുഗോപാലും എം.കെ രാഘവനുമാണെന്നാണ് കോണ്‍ഗ്രസിനുള്ളിലെ സംസാരം.

കെ.സുധാകരനോട് കണ്ണൂരില്‍ പൊരുതി നിന്ന എം.കെ രാഘവന്‍ പിന്നീട് പ്രവര്‍ത്തന കേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റി. എ.കെ ആന്റണിയുടെ ശിഷ്യനായ എം.കെ രാഘവന്‍ കെ.സി വേണുഗോപാലിനും എ ഗ്രൂപ്പിനും ഇടയിലെ പാലമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എ ഗ്രൂപ്പും കെ.സുധാകരനെതിരെ ഒന്നിച്ച് നില്‍ക്കുന്നത് കെ.സി വേണുഗോപാലിന്റെ പിന്തുണയോടെയാണ്. എ ഗ്രൂപ്പിലെ പ്രധാന നേതാക്കളും ഇപ്പോള്‍ കെ.സി വേണുഗോപാലിനോടും വി.ഡി സതീശനോടും കൂടിയാലോചിച്ചാണ് മുന്നോട്ട് നീങ്ങുന്നത്.

പുനഃസംഘടനയില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ടായിരുന്നെങ്കിലും നാല് എം.പിമാരാണ് പുനഃസംഘടനക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. എം.കെ രാഘവന്‍, ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ബെന്നി ബെഹ്നാന്‍ എന്നിവരാണ് ഹൈക്കമാന്‍ഡിനെ സമീപിച്ചത്. പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ പക്ഷത്ത് നിന്നും ഹൈബി ഈഡന്‍ മാറിയിരുന്നു. വി.എം സുധീരനൊപ്പമായിരുന്നു നേരത്തെ ടി.എന്‍ പ്രതാപന്‍ നിന്നിരുന്നത്.

കെ.സുധാകരനും രമേശ് ചെന്നിത്തലയും കെ.മുരളീധരനും ഒന്നിച്ച് നിന്നതോടെ എ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയുടെ മൗനാനുവാദത്തോടെ വി.ഡി സതീശനെ പിന്തുണച്ചു. കെ.സുധാകരനും രമേശ് ചെന്നിത്തലയും കെ.മുരളീധരനും പുതിയ സാഹചര്യത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ച നീക്കം നടത്തിയത് എന്‍.സുബ്രഹ്‌മണ്യനാണ്. അടുത്ത അനുയായികള്‍ ഉള്‍പ്പെടെ എന്‍.സുബ്രഹ്‌മണ്യനൊപ്പം നിന്നവരെല്ലാം വി.ഡി സതീശനെ പിന്തുണച്ചതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരുന്നു.

കെ.മുരളീധരനെ കോഴിക്കോട് ജില്ലയില്‍ പിന്തുണച്ചിരുന്നവരിലും പിളപ്പുണ്ടായിട്ടുണ്ട്. രമേശ് ചെന്നിത്തലയെ പിന്തുണച്ചവരും വി.ഡി സതീശനൊപ്പം ചേര്‍ന്നു. നിയമസഭ കക്ഷിയില്‍ നാല് പേര്‍ മാത്രമാണ് രമേശ് ചെന്നിത്തലയെ നിലവില്‍ പിന്തുണയ്ക്കുന്നത്. ഇതില്‍ തന്നെ പലരും ഇപ്പോള്‍ മനസ് തുറക്കുന്നുമില്ലെന്ന പ്രതിസന്ധി രമേശ് ചെന്നിത്തല നേരിടുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസിലെ വലിയ വിഭാഗം വി.ഡി സതീശനെ പിന്തുണയ്ക്കുകയാണിപ്പോള്‍. ഇതോടെയാണ് കെ.മുരളീധരനെയും രമേശ് ചെന്നിത്തലയേയും ഒന്നിപ്പിക്കാനുള്ള നീക്കങ്ങളുണ്ടായത്. വി.ഡി സതീശനെതിരെയുള്ള നീക്കങ്ങളാണ് ഈ വിഭാഗം ലക്ഷ്യമിടുന്നത്.

പുനഃസംഘടനയിലെ പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് ഇരുപക്ഷവും ആഗ്രഹിക്കുന്നത്. രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ ആന്റണി പ്രഖ്യാപിച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സീറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. യുവാക്കളെ മത്സരിപ്പിക്കണമെന്ന വാദവും പാര്‍ട്ടിക്കുള്ളിലുണ്ട്. പുനഃസംഘടനയില്‍ പ്രശ്‌നപരിഹാരമാകുമ്പോഴേക്കും രാജ്യസഭ സീറ്റിനായി തര്‍ക്കം മുറുകുമോയെന്നാണ് ഇപ്പോഴുള്ള ആശങ്ക.

Related Stories

No stories found.
logo
The Cue
www.thecue.in