ഭൂമി കുംഭകോണ ആരോപണത്തിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി; എന്താണ് മുഡ കുംഭകോണം?

ഭൂമി കുംഭകോണ ആരോപണത്തിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി; എന്താണ് മുഡ കുംഭകോണം?
Published on

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട്. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (മുഡ) സ്ഥലം മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതി നിയമവിരുദ്ധമായി കയ്യടക്കിയെന്ന പരാതിയിലാണ് നടപടി. മുഡയുടെ 14 സൈറ്റുകള്‍ പാര്‍വതിക്ക് അനധികൃതമായി നല്‍കിയെന്നാണ് ആരോപണം. മൈസൂരുവില്‍ പാര്‍വതിക്ക് സ്വന്തമായുണ്ടായിരുന്ന 3.16 ഏക്കര്‍ സ്ഥലത്തിന് പകരമായി കൂടുതല്‍ വിലയുള്ള പ്രദേശത്തെ പ്ലോട്ടുകള്‍ മുഡ അനുവദിച്ചുവെന്നാണ് ആരോപണം. തരിശുനിലം വാങ്ങിയ ശേഷം അതിനു പകരമായി 50 ശതമാനം വികസിപ്പിച്ച ഭൂമി നല്‍കിയെന്ന് ബിജെപി ആരോപിക്കുന്നു. മുഡ അഴിമതി 4000 മുതല്‍ 5000 കോടി രൂപയുടേതാണെന്നാണ് ബിജെപിയുടെ ആരോപണം.

ആരോപണത്തില്‍ അന്വേഷണത്തിനായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍.ദേശായിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ജെഡിഎസും ഒരാഴ്ച നീളുന്ന പദയാത്ര സംഘടിപ്പിച്ചിരിക്കുകയാണ്. മലയാളി ആക്ടിവിസ്റ്റുകളായ ടി.ജെ.ഏബ്രഹാം, സ്‌നേഹമയി കൃഷ്ണ, പ്രദീപ്കുമാര്‍ എസ് പി എന്നിവരാണ് പരാതിക്കാര്‍. ജൂലൈ 26നാണ് ഇവര്‍ പരാതിയുമായി ഗവര്‍ണറെ സമീപിച്ചത്. അതേ ദിവസം തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കണമെന്നും പരാതി തള്ളിക്കളയണമെന്നും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഗവര്‍ണര്‍ തള്ളി.

ഗവര്‍ണര്‍ മന്ത്രിമാരുടെ നിര്‍ദേശം തള്ളിയത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്നായിരുന്നു ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വര പ്രതികരിച്ചത്. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് വനംമന്ത്രി ഈശ്വര്‍ ഖാന്ദ്രേയും ദിനേഷ് ഗുണ്ടുറാവുവും പറഞ്ഞു. പക്ഷപാതപരമായി പെരുമാറുന്ന ഗവര്‍ണര്‍ രാജിവെക്കണമെന്നും അല്ലെങ്കില്‍ രാഷ്ട്രപതി ഗവര്‍ണറെ പുറത്താക്കണമെന്നും ഖാേ്രന്ദ ആവശ്യപ്പെട്ടു. കര്‍ണാടയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഗൂഢാലോചന നടത്തുകയാണെന്നും ഇതിനെതിരെ കര്‍ണാടകയിലെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in