ഒടുവില്‍ കസേരയുറപ്പിച്ച് യെദ്യൂരപ്പ; കൂറുമാറ്റക്കാരെ തുണച്ച് കര്‍ണാടക; നിരാശപ്പെടില്ലെന്ന് കോണ്‍ഗ്രസ്
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 15 നിയമസഭാ മണ്ഡലങ്ങളില്‍ 12 സീറ്റും നേടി ബിജെപി. അധികാരം നിലനിര്‍ത്താന്‍ ആറ് സീറ്റ് മാത്രം മതിയായിരുന്ന യെദ്യൂരപ്പയ്ക്ക് ജെഡിഎസിന്റെ മൂന്ന് മണ്ഡലങ്ങളും കോണ്‍ഗ്രസിന്റെ പക്കലായിരുന്ന ഒമ്പത് സീറ്റുകളും ലഭിച്ചു. കോണ്‍ഗ്രസ് രണ്ട് സീറ്റിലും സ്വതന്ത്രന്‍ ഒരു സീറ്റിലും ജയിച്ചു. ഉപതെരഞ്ഞെടുപ്പിലൂടെ ഒരു എംഎല്‍എയെ പോലും നിയമസഭയിലെത്തിക്കാന്‍ ജെഡിഎസിനായില്ല. വോട്ടെടുപ്പ് നടന്ന 15 സീറ്റുകളില്‍ 12 എണ്ണം കോണ്‍ഗ്രസിന്റേതും മൂന്നെണ്ണം ജെഡിഎസിന്റേതുമായിരുന്നു. ഹൊസ്‌കോട്ടെയില്‍ ജയിച്ച ബിജെപി വിമതന്‍ ശരത് കുമാര്‍ ബാച്ചി ഗൗഡ പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നിലവിലെ കക്ഷിനില
ബിജെപി - 117
കോണ്‍ഗ്രസ് - 68
ജെഡിഎസ് - 34
മറ്റുള്ളവര്‍ - 3
ആകെ സീറ്റ് (222/224)
ജയിച്ച 11 പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. കൂറുമാറിയെത്തിയവരെ ‘ഭാവി മന്ത്രിമാര്‍’ എന്ന വിശേഷണത്തോടെയാണ് ബിജെപി മത്സരരംഗത്തിറക്കിയിരുന്നത്.
തോല്‍വി സ്വീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പ്രതികരിച്ചു. 15 മണ്ഡലങ്ങളിലേയും ജനവിധി അംഗീകരിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിക്ക് മുന്‍ഗണനയുണ്ടാകും. പക്ഷെ ആത്യന്തികമായി ഞങ്ങള്‍ പരാജയം സ്വീകരിക്കുക തന്നെയാണ്. കോണ്‍ഗ്രസ് നിരാശപ്പെടേണ്ടതില്ല. ഉപതെരഞ്ഞെടുപ്പുകളും പൊതു തെരഞ്ഞെടുപ്പുകളും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഡികെ ചൂണ്ടിക്കാട്ടി.
റിസല്‍റ്റ് റിസല്‍റ്റ് തന്നെയാണ്. പക്ഷെ എനിക്ക് ആത്മവിശ്വാസമുണ്ട്. കോണ്‍ഗ്രസിന് ഉറപ്പായ ഒരിടമുണ്ട്. അത് ഇല്ലാതാകില്ല. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല.
ഡി കെ ശിവകുമാര്‍
തെറ്റുകള്‍ മനസ്സിലാക്കി തിരുത്തുമെന്നും മുന്‍ മന്ത്രി വ്യക്തമാക്കി.
കര്‍ണാടകയിലെ ജനം കോണ്‍ഗ്രസിനെ പാഠം പഠിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. ജനവിധി വഞ്ചിച്ചവര്‍ക്ക് ജനാധിപത്യപരമായ ഉത്തരം കിട്ടി. ജനം കോണ്‍ഗ്രസിനെ ശിക്ഷിച്ചു. ജനവിധിക്കെതിരായി, വോട്ടര്‍മാര്‍ക്കെതിരെ തിരിയുന്ന ഇന്ത്യയിലെ എല്ലാ സംസ്ഥാനളിലുള്ളവര്‍ക്കും ഇതൊരു സന്ദേശമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്-ജെഡിഎസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് എംഎല്‍എ ആയ ശേഷം ബിജെപിയിലേക്ക് മറുകണ്ടം ചാടിയവരെ സ്പീക്കര്‍ അയോഗ്യരാക്കിയത് ശരിവെച്ചെങ്കിലും ഇവര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.
17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ കൂറുമാറുകയും പിന്നാലെ അയോഗ്യരാക്കപ്പെടുകയും ചെയ്തതിനേത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. റായ്ച്ചൂര്‍ ജില്ലയിലെ മാസ്‌കി, ബെംഗളുരുവിലെ രാജരാജേശ്വരി നഗര്‍ മണ്ഡലങ്ങളില്‍ ഇനി ബൈ ഇലക്ഷന്‍ നടക്കാനുണ്ട്. 2018 മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ഈ മണ്ഡലങ്ങളിലെ തോറ്റ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ പരാതി കര്‍ണാടകഹൈക്കോടതിയുടെ പരിഗണനയിലാണ്. ജയിച്ച രണ്ട് പേരും തങ്ങളുടെ പാര്‍ട്ടി ക്യാംപിലെത്തിയെങ്കിലും കേസ് പിന്‍വലിക്കാന്‍ തോറ്റ ബിജെപി സ്ഥാനാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം