ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഉത്തര്‍ പ്രദേശ് ബിജെപിയില്‍ യോഗി ആദിത്യനാഥിനെതിരെ കലാപം രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കമുള്ള നേതാക്കള്‍ യോഗിക്കെതിരെ നിലപാട് എടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 80 സീറ്റുകളില്‍ 36 എണ്ണത്തില്‍ മാത്രമേ എന്‍ഡിഎ സഖ്യത്തിന് വിജയിക്കാനായുള്ളു. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം 43 സീറ്റുകളില്‍ വിജയിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ 64 സീറ്റുകള്‍ നേടിയ സ്ഥാനത്താണ് ഇത്. ഈ വീഴ്ചയ്ക്ക് കാരണം യോഗിയുടെ നയങ്ങളും രീതികളുമാണെന്നാണ് ബിജെപി നേതാക്കള്‍ അടക്കം പറയുന്നത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കേശവ് പ്രസാദ് മൗര്യ ഞായറാഴ്ച നടന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയാണ് സര്‍ക്കാരിനേക്കാള്‍ വലുതെന്ന പരാമര്‍ശം കേശവ് പ്രസാദ് മൗര്യ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ന്യൂഡല്‍ഹിയിലെത്തി മൗര്യ നദ്ദയെ കണ്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര സിങ് ചൗധരിയും നദ്ദയെ കാണും.
നദ്ദയും പങ്കെടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ അമിത ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാന്‍ കാരണമെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഇന്ത്യാ സഖ്യത്തിന്റെ പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന വിമര്‍ശനവും ഉണ്ടായി. യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ലെന്ന വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ജനകീയ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി നേരത്തേ പരാതിപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ സ്വകാര്യ സംഭാഷണത്തില്‍ യോഗിയെ തള്ളിപ്പറഞ്ഞതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. യോഗിയുടെ പ്രവര്‍ത്തനശൈലിയാണ് തങ്ങള്‍ക്കും പാര്‍ട്ടിക്കും തിരിച്ചടി നേരിടാന്‍ കാരണമായതെന്നും ഇവര്‍ പറഞ്ഞു. ബുള്‍ഡോസര്‍ ഉപയോഗിച്ച് സാധാരണക്കാരെ നേരിട്ടത് തിരിച്ചടിയായെന്ന വിമര്‍ശനവും ഉയര്‍ന്നു.
അതേസമയം ദേശീയ നേതൃത്വം യോഗി ആദിത്യനാഥിനെ പിന്തുണയ്ക്കുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പ്രവര്‍ത്തക സമിതി യോഗത്തില്‍ ജെ പി നദ്ദ യോഗിയെ പുകഴ്ത്തിയാണ് സംസാരിച്ചത്. സംസ്ഥാനത്തെ പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിലെ ആഭ്യന്തര കലഹത്തിന് പ്രാധാന്യം ഏറെയാണ്.