പാകിസ്താന്റെ ചരിത്രത്തിലെ ആദ്യ വനിതാമുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് 50 വയസ്സുകാരിയായ മറിയം നവാസ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും വിവാദങ്ങൾക്ക് പിറകെയായിരുന്നു മറിയം നവാസിന്റെ ജീവിതം. പഠനകാലത്തെ അന്യായ സർവകലാശാല പ്രവേശനം മുതൽ പ്രധാനമന്ത്രി യൂത്ത് പ്രോഗ്രാം ചെയർപേഴ്സൺ നിയമനം, അഴിമതി ആരോപണം, അയോഗ്യത ,തുടങ്ങി കടമ്പകൾ കടന്നാണ് മുൻ പ്രധാനമന്ത്രിയായ നവാസ് ശരീഫിന്റെ മകൾ കൂടിയായ മറിയം പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയാകുന്നത്. അതാകട്ടെ തന്നെയും തന്റെ കുടുംബപാർട്ടിയെയും എന്നും വെല്ലുവിളിച്ചിരുന്ന രാഷ്ട്രീയ എതിരാളിയായ ഇമ്രാൻഖാനെ കാഴ്ച്ചക്കാരനാക്കി കൊണ്ട്..
പാകിസ്താന്റെ ചരിത്രത്തിലെ ആദ്യ വനിതാമുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് 50 വയസ്സുകാരിയായ മറിയം നവാസ്. പാകിസ്താൻ മുൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ മൂത്ത മകൾ കൂടിയായ മറിയം കുടുംബത്തിന്റെ കീഴിലുള്ള കാരുണ്യ സംഘടനയുടെ ഭാഗമായാണ് പൊതുരംഗത്തേക്ക് ആദ്യമായി പ്രവേശിക്കുന്നത്. പിതാവിന്റെ പേരിലുള്ള ഷെരീഫ് ട്രസ്റ്റ്, ഷരീഫ് മെഡിക്കൽ സിറ്റി, ഷരീഫ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ചെയർപേഴ്‌സണായിരുന്നു രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് മറിയം.
2012- ലാണ് മറിയം പ്രത്യക്ഷത്തിൽ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. 2013- ൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നെങ്കിൽ പോലും നവാസ് ശരീഫ് മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നത് വരെ ദേശീയ രാഷ്ട്രീയത്തിൽ നിന്നും മറിയം ഭാഗികമായി ഒഴിഞ്ഞു നിന്നിരുന്നു.
രാഷ്ട്രീയത്തിൽ പിടിവിടാതെ വിവാദങ്ങൾ
എന്നാൽ അപ്രതീക്ഷിതമായി സ്വത്ത് സമ്പാദന കേസിൽ 2017- ൽ നവാസ് ശരീഫ് പ്രധാനമന്ത്രി പദത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ടതോടെ പകരക്കാരിയായി മറിയം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 2018 - ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെ മറിയമിനെയും ഇസ്‌ലാമാബാദ് കോടതി അഴിമതി കേസിൽ കുറ്റാരോപിതരായി ശിക്ഷിക്കപ്പെടുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. കഴിഞ്ഞ വർഷാവസാനം വിലക്ക് നീങ്ങി.
ശേഷം ഈ കഴിഞ്ഞ ഫ്രെബുവരി എട്ടിന് നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് ആദ്യമായി ദേശീയ അസംബ്ലിയിലേക്കും പഞ്ചാബ് നിയമ സഭയിലേക്കും മറിയം തിരഞ്ഞെടുക്കപ്പെടുന്നത്. അതോടെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി മറിയം നവാസ് അധികാര കേന്ദ്രത്തിലേക്ക് തിരിച്ചെത്തി. രാജ്യത്തെ മുഴുവൻ സ്ത്രീകൾക്കും അഭിമാനമാകുന്ന നിമിഷമെന്നാണ് മറിയം ഇതിനോട് പ്രതികരിച്ചത്. എല്ലാ പാകിസ്താനി ഉമ്മമാർക്കും മകൾക്കും സഹോദരികൾക്കും പെൺകുട്ടികൾക്കും വേണ്ടി ഞാൻ ഈ ബഹുമതി സമർപ്പിക്കുന്നു. സ്ത്രീകൾക്ക് മെച്ചപ്പെട്ട ഒരു സമൂഹികാവസ്ഥ കൊണ്ട് വരികയാണ് എന്റെ ലക്ഷ്യം. മറുപടി പ്രസംഗത്തിൽ മറിയം പറഞ്ഞു.
നവാസിന്റെ പാർട്ടിയായ പാകിസ്താന്‍ മുസ്ലിം ലീഗ് - (പിഎംഎല്‍-എന്‍) സ്ഥാനാർഥിയായ മറിയത്തിന് നിയമസഭയിൽ നിന്ന് 220 വോട്ടുകളാണ് ലഭിച്ചത്. പാർലമെന്റ് നിയമ പ്രകാരം 187 വോട്ടുകളാണ് മിനിമം വേണ്ടത്. മുഖ്യപ്രതിപക്ഷമായ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ പിന്തുണയുള്ള സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ (എസ്ഐസി) ഈ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ഫെബ്രുവരി എട്ടിന് നടന്ന പ്രധാന മന്ത്രി, പ്രവിശ്യ തിരഞ്ഞെടുപ്പിൽ കൃത്യമം നടന്നതായി ആരോപിച്ചാണ് ബഹിഷ്കരണം. എന്നാൽ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) ഇത് നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
371 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടന്നത്. ശേഷം നടന്ന നിയമസഭ സ്പീക്കർ ,ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിലും പിഎംഎല്‍-എന്‍ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു നിലവിൽ മറിയം. പിതാവ് നവാസ് ഷെരീഫ്, സഹോദരൻ ഷെഹ്ബാസ്, കഴിഞ്ഞ വർഷം ഏതാനും മാസങ്ങൾ ആ പദവി വഹിച്ച ഷെഹ്ബാസിൻ്റെ മകൻ ഹംസ എന്നിവർക്ക് ശേഷം പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന കുടുംബത്തിലെ നാലാമത്തെ അംഗമാണ് മറിയം.
ഈ ആഴ്ച്ചയവസാനം പാർലമെൻ്റ് യോഗം ചേരുമ്പോൾ സഹോദരൻ ഷെഹ്ബാസിന് രണ്ടാം തവണ പ്രധാനമന്ത്രിയായി തിരിച്ചെത്താം.
രാഷ്ട്രീയത്തിന് മുമ്പും വിവാദങ്ങൾ തന്നെ
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ മറിയം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മോശം അക്കാദമിക് നിലവാരം കാരണം ലാഹോറിലെ എലൈറ്റ് കിൻനൈർഡ് കോളേജിൽ പ്രവേശനം നേടാനാകാതെ വന്നപ്പോൾ അന്ന് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പിതാവ് നവാസ് ഷരീഫ് പ്രിൻസിപ്പലിനെ ഡ്യൂട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോളേജ് വിദ്യാർത്ഥികളും ജീവനക്കാരും നടത്തിയ സമരം പ്രിൻസിപ്പലിനെ തിരിച്ചെടുത്തു.
മറിയം പിന്നീട് 1980 കളുടെ അവസാനത്തിൽ ലാഹോറിലെ കിംഗ് എഡ്വേർഡ് മെഡിക്കൽ കോളേജിൽ ചേർന്നെങ്കിലും നിയമവിരുദ്ധമായ പ്രവേശനത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അവിടെ നിന്നും പുറത്തുപോകേണ്ടിവന്നു.
2017- കാലഘട്ടങ്ങളിൽ പ്രധാനമന്ത്രിയുടെ യുവജന പരിപാടിയുടെ ചെയർപേഴ്‌സണായി നിയമിതനായ അവർക്കെതിരെ രാഷ്ട്രീയ എതിരാളിയായിരുന്ന ഇമ്രാൻ ഖാൻ ശക്തമായ വിമർശനം നടത്തി. സ്വജനപക്ഷപാതം ആരോപിക്കുകയും യൂണിവേഴ്സിറ്റി ബിരുദം ലാഹോർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്തതിനെത്തുടർന്ന് 2014 ൽ അവർ രാജിവച്ചു. പാകിസ്താന്‍ ആർമിയിലെ ക്യാപ്റ്റനും നവാസ് ഷരീഫിന്റെ സുരക്ഷാഉദ്യോഗസ്ഥനുമായ സഫ്ദാർ അവാനെയാണ് മറിയം വിവാഹം കഴിച്ചത്.
അധികാരത്തിന്റെ ഒരേ വഴി
1988 ൽ ബേനസീർ ഭൂട്ടോ അധികാരമേറ്റപ്പോൾ ഒരു വനിതാ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത ആദ്യത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായിരുന്നു പാകിസ്ഥാൻ. 1993 ൽ അവർ രണ്ടാം തവണയും വിജയിച്ചു. എന്നാൽ ബേനസീർ ഭൂട്ടോയെ പോലെ തന്നെ മറിയവും വരുന്നത് ശക്തമായ അധികാര കുടുംബത്തിൽ നിന്നാണ്. പാകിസ്താനെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ അധികാരത്തിലെത്തുക അവരുടെ അധികാര പാരമ്പര്യത്തിൽ നിന്ന് മാത്രമാണ്. അത് കൊണ്ട് തന്നെ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ വിജയമായി ഇതിനെ കാണാൻ പറ്റില്ലെന്നും അതേ സമയം രാജ്യത്തെ സ്ത്രീകളെ കൂടുതൽ ശക്തിപ്പെടുത്താൻ മറിയം ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകയായ നിദ കിർമാണി പറഞ്ഞു.
അത് കൊണ്ട് തന്നെ അധികാരസ്ഥാനങ്ങളിലുള്ള മറ്റ് സ്ത്രീകളെപ്പോലെ, മറിയത്തിന് സ്വന്തം നിലയിൽ യോഗ്യനായ ഒരു രാഷ്ട്രീയ നേതാവായി സ്വയം തെളിയിക്കാൻ ഇരട്ടി കഠിനാധ്വാനം ചെയ്യേണ്ടിവരും. പ്രതേകിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ സാധുതയും അതിലെ നിയമ പ്രശ്നങ്ങളും മുന്നിൽ നിൽക്കുമ്പോൾ, പഞ്ചാബ് പോലെ 12 കോടിയോളം ജനസംഖ്യയുള്ള പാക്കിസ്താന്റെ പകുതിയോളം വരുന്ന ഒരു ഭൂപ്രദേശത്ത് പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതും അവിടെ മുഖ്യമന്ത്രി സ്ഥാനത്ത് കൂടുതൽ കാലം തുടരുക എന്നതും വലിയ വെല്ലുവിളി നിറഞ്ഞതാവും.