ജാമ്യ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു; കെജ്രിവാള്‍ ജയിലില്‍ തന്നെ, കേസില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും

ജാമ്യ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു; കെജ്രിവാള്‍ ജയിലില്‍ തന്നെ, കേസില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും
Published on

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജൂണ്‍ 20ന് ഇഡി നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി പ്രഖ്യാപിച്ചിരുന്നില്ല. കേസിലെ രേഖകള്‍ പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് കേസ് മാറ്റിയത്. വിചാരണക്കോടിയുടെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ജാമ്യ ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്. കേസ് വിധി പറയുന്നതിനായി മാറ്റിയതിനെത്തുടര്‍ന്ന് 20-ാം തിയതി ജാമ്യത്തിന് ഇടക്കാല സ്റ്റേ നല്‍കിയിരുന്നു. ഇതിനെതിരെ അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസ് കഴിഞ്ഞ ദിവസം സുപ്രീം കോടതി പരിഗണിച്ചെങ്കിലും ഹൈക്കോടതി നടപടികള്‍ നിരീക്ഷിച്ച ശേഷം വാദം കേട്ട് വിധിപറയാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ഹൈക്കോടതി ജാമ്യത്തിന് ഇടക്കാല സ്‌റ്റേ അനുവദിച്ചതിനെ അസാധാരണ നടപടിയെന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. സ്റ്റേ ഹര്‍ജികള്‍ ഉടന്‍ തന്നെ തീര്‍പ്പാക്കുകയാണ് വേണ്ടതെന്നും വിധി പറയാനായി അത് മാറ്റിയത് ശരിയായില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബുധനാഴ്ചയാണ് ഈ കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്നത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ച് കെജ്രിവാള്‍ തള്ളിയിരുന്നു.

കേസില്‍ ഇഡിയുടെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിചാരണക്കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഇഡി ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളിയിരുന്നു. ഈ വിധി തലതിരിഞ്ഞതും ഏകപക്ഷീയവും തെറ്റുമാണെന്ന വാദമുന്നയിച്ചുകൊണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ഇന്ന് കേസില്‍ വിധി പറഞ്ഞത്. ഈ ഉത്തരവ് വരുന്നതു വരെ ജയിലില്‍ തുടരാന്‍ സുപ്രീം കോടതി കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in