‘നവോത്ഥാന നായകന്റെ അട്ടിപ്പേറവകാശമോഹം തകര്‍ന്നു’; മുഖ്യമന്ത്രിയുടെ സമനില തെറ്റുകയാണെന്ന് ചെന്നിത്തല
'കപട ഹിന്ദു' പ്രയോഗത്തിന്റെ പേരില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ ആരംഭിച്ച വാക് പോര് മുറുകുന്നു. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയുടെ കക്ഷത്തില്‍ വെച്ചുകൊടുത്തിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. സത്യം കേട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ സമനില തെറ്റുകയാണ്. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ഥി ശങ്കര്‍ റൈയെ അപമാനിച്ചിട്ടില്ല. ശബരിമലയില്‍ വിശ്വാസത്തെ ചവിട്ടിതേച്ച ശേഷം വിശ്വാസത്തിന്റെ പേര് പറഞ്ഞ് വിശ്വാസികളെ കബളിപ്പിക്കാനാണ് സിപിഐഎം ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
നവോത്ഥാന നായകന്റെ അട്ടിപ്പേറവകാശം കക്ഷത്ത് വക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹം തകര്‍ന്നു. അതിന് എന്റെ തലയില്‍ കയറിയിട്ട് കാര്യമില്ല.
രമേശ് ചെന്നിത്തല
കപട ഹിന്ദു പരാമര്‍ശം ചെന്നിത്തലയുടെ അല്‍പത്തരമാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. മഞ്ചേശ്വരത്തെ വോട്ടര്‍മാരുടെ മനസ്സറിഞ്ഞതിനാലാണ് സ്ഥാനാര്‍ത്ഥിയെ ആക്ഷേപിക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥി വിശ്വാസി ആയതാണ് പ്രശ്നമാക്കുന്നതെന്നും പിണറായി പറഞ്ഞു.
പ്രതിപക്ഷനേതാവ് ആ സ്ഥാനത്തിന് ചേര്‍ന്ന ഒരു പദമാണോ ഈ സ്ഥാനാര്‍ഥിയെക്കുറിച്ച് പറഞ്ഞത്. കപടഹിന്ദു എന്നല്ലേ പറഞ്ഞത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പ്പിച്ച് വെച്ചിട്ടുണ്ടോ?
മുഖ്യമന്ത്രി
മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ കപട ഹിന്ദുവാണെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. യുഡിഎഫ് കുടുംബയോഗങ്ങളില്‍ ശങ്കര്‍ റൈയെ കപട ഹിന്ദു, സംഘി എന്നിങ്ങനെ ചെന്നിത്തല വിശേഷിപ്പിച്ചതായി എല്‍ഡിഎഫ് ആരോപിക്കുന്നു.
ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷമിട്ട സംഘപരിവാറുകാരനാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രസ്താവന നടത്തുകയുണ്ടായി. ശങ്കര്‍ റൈ ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ അനുഗ്രഹം വാങ്ങിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.
പൂജാ വഴിപാടുകള്‍ക്ക് ശേഷമാണ് മഞ്ചേശ്വരത്തെ സിപിഐഎം സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.
ശബരിമലയില്‍ 'ആചാരലംഘനം' നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ശങ്കര്‍ റൈ പറഞ്ഞത് വിവാദമായിരുന്നു. ശബരിമലയില്‍ പോകുന്ന യഥാര്‍ത്ഥ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ് താന്‍. ശബരിമലയിലെ ആചാരക്രമങ്ങള്‍ പാലിക്കാതെ ആര് പോയാലും തെറ്റാണ്. എന്നാല്‍ യുവതികള്‍ക്കും വ്രതാനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് അകത്തുനിന്നുകൊണ്ട് പ്രവേശിക്കാമെന്നും അത് തട്ടിക്കളഞ്ഞുകൊണ്ടോ അതിന് എതിരായോ ചെയ്യാന്‍ പാടില്ലെന്ന് പറയുന്ന പ്രസ്ഥാനമാണ് തന്റേതെന്നും റൈ പ്രതികരിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം