കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനു കാരണം രണ്ടു തവണ തോറ്റതിനാലെന്ന് കിരണ്‍ റിജിജു; എന്താണ് യഥാര്‍ത്ഥ കാരണം? ചര്‍ച്ചകള്‍ സജീവം

കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനു കാരണം രണ്ടു തവണ തോറ്റതിനാലെന്ന് കിരണ്‍ റിജിജു; എന്താണ് യഥാര്‍ത്ഥ കാരണം? ചര്‍ച്ചകള്‍ സജീവം
Published on

രണ്ടു തവണ തെരഞ്ഞെടുപ്പില്‍ തോറ്റതിനാലാണ് കൊടിക്കുന്നില്‍ സുരേഷിനെ പ്രോടേം സ്പീക്കര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രോടേം സ്പീക്കര്‍ സ്ഥാനം താല്‍ക്കാലികമാണ്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതു വരെ മാത്രമേ അവര്‍ക്ക് ചുമതലയുള്ളു. സഭയുടെ നടത്തിപ്പില്‍ അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. 1998ലും 2004ലും കൊടിക്കുന്നില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും ചട്ടങ്ങളും നിയമങ്ങളും അറിയാത്തവര്‍ക്ക് മാത്രമേ തെറ്റു പറ്റിയെന്ന് തോന്നുകയുള്ളുവെന്നും റിജിജു പറഞ്ഞു. പ്രതിപക്ഷത്തിനെതിരെയും മന്ത്രി വിമര്‍ശനമുയര്‍ത്തി. കൊടിക്കുന്നിലിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് ഇങ്ങനെ സംസാരിക്കുന്നത് അപമാനമാണെന്നാണ് റിജിജു പറഞ്ഞത്. ഭര്‍തൃഹരി പരാജയമറിയാതെ ഏഴു തവണ എംപിയായ വ്യക്തിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷി നേതാക്കളും കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്നും ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി അഞ്ചു വര്‍ഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയില്‍ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നില്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാതിരുന്നതു പോലെ ലോക്‌സഭാ എംപിമാരുടെ സത്യപ്രതിജ്ഞ ദളിത് വിഭാഗക്കാരനായ ഒരാള്‍ നയിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഉയരുന്ന ഒരു വാദം.

Related Stories

No stories found.
logo
The Cue
www.thecue.in