ഓഹരി വിപണി തകരണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി

ഓഹരി വിപണി തകരണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി
Published on

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. രാജ്യത്ത് സാമ്പത്തിക അരാജകത്വം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഓഹരി വിപണി തകര്‍ന്നു കാണാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇത് രാജ്യത്തിനെതിരായ വിദ്വേഷമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്തെ വിപണി സംവിധാനത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിദേശ സഹായം തേടുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസിനെ ആക്രമിച്ചത്.

മൂന്നാമത്തെ തവണയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസും അവരുടെ ടൂള്‍കിറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകരാറിലാക്കാന്‍ ശ്രമിക്കുകയാണെന്ന് രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് വിശദീകരിച്ചു. കണ്‍ട്രോള്‍ രാജ് തിരികെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യക്കെതിരെ വിദ്വേഷം വളര്‍ത്തുകയാണ് കോണ്‍ഗ്രസ്. ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഞായറാഴ്ചയും കോണ്‍ഗ്രസ് ആ വിഷയം സജീവമാക്കി നിര്‍ത്തി. തിങ്കളാഴ്ച ഓഹരി വിപണിയില്‍ അതിന്റെ സ്വാധീനമുണ്ടാക്കാനാണ് കോണ്‍ഗ്രസ് അപ്രകാരം ചെയ്തതെന്നാണ് രവിശങ്കര്‍ പ്രസാദ് പറയുന്നത്.

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് ഭര്‍ത്താവ് ധവല്‍ ബുച്ച് എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് ഹിന്‍ഡന്‍ബര്‍ഗ് എന്നായിരുന്നു മാധബി പുരി ബുച്ച് പ്രതികരിച്ചത്. ഹിന്‍ഡന്‍ബര്‍ഗിന് സെബി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് അദാനിയുടെ കടലാസ് കമ്പനികളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തല്‍ അവര്‍ നടത്തിയത്. നേരത്തേ അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണത്തില്‍ സെബി വിശദമായ അന്വേഷണം നടത്തിയില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇപ്പോള്‍ സെബി നേതൃത്വത്തിനെതിരെ ആരോപണം ഉയരുമ്പോള്‍ പ്രതിപക്ഷത്തെ പഴിചാരാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in