ബിജെപിയെ ഇനിമേല്‍ പിന്തുണയ്ക്കില്ല; ഒടുവില്‍ ബിജു ജനതാദള്‍ ആ പ്രതിജ്ഞയെടുക്കുന്നു

ബിജെപിയെ ഇനിമേല്‍ പിന്തുണയ്ക്കില്ല; ഒടുവില്‍ ബിജു ജനതാദള്‍ ആ പ്രതിജ്ഞയെടുക്കുന്നു
Published on

സ്വന്തം തട്ടകമായ ഒഡീഷയില്‍ കനത്ത തിരിച്ചടി കിട്ടിയ ബിജെഡി ഇനി ബിജെപിയെ പിന്തുണയ്ക്കാനില്ലെന്ന് തീരുമാനിച്ചു. ബിജെപിയെ പിന്തുണയ്‌ക്കേണ്ടെന്ന് രാജ്യസഭയിലെ ഒന്‍പത് അംഗങ്ങള്‍ക്കും ബിജു ജനതാദള്‍ നിര്‍ദേശം നല്‍കി. ശക്തമായ പ്രതിപക്ഷമാകാന്‍ ബിജെഡി നേതാവ് നവീന്‍ പട്‌നായിക് എംപിമാരോട് ആഹ്വാനം ചെയ്തു. 2014 മുതല്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച വിവാദ നിലപാടുകളിലും ബില്ലുകള്‍ പാസാക്കുന്നതില്‍ അടക്കം ബിജെഡി അംഗങ്ങള്‍ നിരുപാധിക പിന്തുണ നല്‍കിയിരുന്നു. ഒഡിഷയില്‍ ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും ബിജെപി വലിയ നേട്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെഡി ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

ഒഡീഷയിലെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി ശബ്ദമുയര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായി ബിജു പട്‌നായിക് വിളിച്ച യോഗത്തിനു ശേഷം പാര്‍ട്ടിയുടെ എംപിമാര്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം മോദി സര്‍ക്കാരിനെ രാജ്യസഭയില്‍ അന്ധമായി പിന്തുണച്ച ബിജെഡിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി നടന്ന ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ബിജെപി നല്‍കിയത്. ബിജു പട്‌നായിക് അനന്തരാവകാശിയായി അവതരിപ്പിച്ച വി.കെ പാണ്ഡ്യനെതിരെ പ്രാദേശികവാദം നിറഞ്ഞ പ്രചാരണമാണ് ബിജെപി തുറന്നുവിട്ടത്. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാണ്ഡ്യനും ബിജെഡിക്കുമെതിരെ രംഗത്തെത്തി. ഒടുവില്‍ ബിജെപി ഒഡിഷയില്‍ അധികാരം പിടിച്ചെടുക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെഡി തകര്‍ന്നടിയുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ രാജ്യസഭയിലെ ഒന്‍പത് അംഗങ്ങളെയും നവീന്‍ പട്‌നായിക് വിളിച്ചു വരുത്തി കര്‍ശന നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിനെതിരെ കര്‍ക്കശമായ നിലപാടെടുക്കാനും ശക്തമായ പ്രതിപക്ഷമാകുവാനും നവീന്‍ പട്‌നായിക് എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. സമാന്തരമായി ബിജെഡിയെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ചര്‍ച്ചകളും നടന്നു വരികയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in