രാഷ്ട്രീയത്തിന് ഒപ്പം തന്നെ ബോളിവുഡില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ക്ക് ഉടമയായിരുന്നു ശനിയാഴ്ച വൈകിട്ട് വെടിയേറ്റ് കൊല്ലപ്പെട്ട ബാബ സിദ്ദിഖി എന്ന മഹാരാഷ്ട്ര മുന്‍ മന്ത്രിക്ക്. സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തമ്മിലുണ്ടായ പിണക്കം ഇല്ലാതാക്കിയത് ബാബ സിദ്ദിഖിയുടെ ഇടപെടലിലൂടെയായിരുന്നു. ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന വലിയ ഇഫ്താര്‍ പാര്‍ട്ടികള്‍ ബാബ സിദ്ദിഖി സംഘടിപ്പിക്കുമായിരുന്നു. അതിലൂടെ ബാന്ദ്ര ബോയ് എന്ന വിളിപ്പേരും ബാബ സിദ്ദിഖി നേടിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ തമ്മിലുണ്ടായിരുന്ന അഞ്ചു വര്‍ഷം നീണ്ട പിണക്കമാണ് അത്തരമൊരു ഇഫ്താര്‍ പാര്‍ട്ടിയിലൂടെ സിദ്ദിഖി ഇല്ലാതാക്കിയത്. 2008ലായിരുന്നു താരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത്. ജൂലൈ 17ന് കത്രീന കൈഫിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ വെച്ച് സല്‍മാന്റെ മുന്‍ കാമുകിയായിരുന്ന ഐശ്വര്യ റായിയെക്കുറിച്ച് ഷാരൂഖ് ഖാന്‍ നടത്തിയ പരാമര്‍ശം ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. ഇതിന് ശേഷം ഇരുവരും തമ്മില്‍ അകല്‍ച്ചയിലാകുകയും ഇവന്റുകളില്‍ പോലും ഒരുമിച്ച് വരുന്നത് ഒഴിവാക്കുകയും ചെയ്തു.
താരങ്ങളുടെ പിണക്കം അഞ്ച് വര്‍ഷത്തോളം നീണ്ടു. 2013ല്‍ ബാബ സിദ്ദിഖി നടത്തിയ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് അതിനൊരു പരിസമാപ്തിയുണ്ടായത്. പാര്‍ട്ടിയില്‍ സല്‍മാന്‍ ഖാന്റെ പിതാവായ സലിം ഖാന്റെ സമീപത്തായാണ് ഷാരൂഖ് ഖാന് ഇരിപ്പിടം ഒരുക്കിയത്. അതിലൂടെ സല്‍മാനും ഷാരൂഖും നേരിട്ടു കാണുകയെന്നതായിരുന്നു സിദ്ദിഖിയുടെ പദ്ധതി. പരസ്പരം കണ്ട താരങ്ങള്‍ ആലിംഗനം ചെയ്യുകയും വര്‍ഷങ്ങള്‍ നീണ്ട പിണക്കം അവസാനിപ്പിക്കുകയും ചെയ്തു. അതിനും അപ്പുറമായിരുന്നു സിദ്ദിഖിയുടെ ബോളിവുഡ് ബന്ധങ്ങള്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചയാളാണ് ബാബ സിദ്ദിഖി. 1977ല്‍ കൗമാര പ്രായത്തില്‍ കോണ്‍ഗ്രസില്‍ എത്തിയ സിദ്ദിഖി കുറഞ്ഞ കാലത്തിനുളളില്‍, 1988ല്‍ മുംബൈ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി. 1992ല്‍ മുംബൈ കോര്‍പറേഷന്‍ കൗണ്‍സിലറായി. ഇക്കാലത്ത് ബോളിവുഡ് സൂപ്പര്‍ താരവും അഞ്ച് തവണ കോണ്‍ഗ്രസ് എംപിയുമായിരുന്ന സുനില്‍ ദത്തുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ സിദ്ദിഖിക്ക് കഴിഞ്ഞു. 1999ല്‍ ബാന്ദ്ര വെസ്റ്റില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സിദ്ദിഖി മത്സരിച്ചതും ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.
2004ല്‍ വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-എന്‍സിപി മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്, തൊഴില്‍ മന്ത്രി പദവിയിലും സിദ്ദിഖി എത്തി. ശിവസേനയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട സിദ്ദിഖി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിലായിരുന്നു പ്രവര്‍ത്തിച്ചു വന്നത്. ബിഹാറില്‍ നിന്ന് മുംബൈയില്‍ എത്തി മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമായ ആളാണ് ബാബ സിദ്ദിഖി. സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്നു സിദ്ദിഖിക്ക്. സല്‍മാന്റെ വീടിനെതിരെ വെടിവെപ്പുണ്ടായി മാസങ്ങള്‍ക്കുള്ളിലാണ് സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിലും ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പിന് പങ്കുണ്ടായിരുന്നു. ബാബ സിദ്ദിഖി കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ട് ആശുപത്രിയിലേക്ക് ഓടിയെത്തിയവരില്‍ ബോളിവുഡിലെ പ്രമുഖരുണ്ടായിരുന്നു. ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും എത്തി. ബിഗ് ബോസ് ഷൂട്ടിംഗ് ഇടക്കു വെച്ച് നിര്‍ത്തിവെച്ചാണ് സല്‍മാന്‍ ഖാന്‍ എത്തിയത്.