കേന്ദ്രം എന്നും പൂരം വെടിക്കെട്ടിന് എതിര്, പെസോ നിയന്ത്രണങ്ങള്‍ പുതുക്കിയത് സുരേഷ് ഗോപിയുടെ അറിവോടെ; അഡ്വ. വി.എസ്.സുനില്‍കുമാര്‍

കേന്ദ്രം എന്നും പൂരം വെടിക്കെട്ടിന് എതിര്, പെസോ നിയന്ത്രണങ്ങള്‍ പുതുക്കിയത് സുരേഷ് ഗോപിയുടെ അറിവോടെ; അഡ്വ. വി.എസ്.സുനില്‍കുമാര്‍
Published on

വെടിക്കെട്ടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) പുറപ്പെടുവിച്ചിരിക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ തൃശൂര്‍ പൂരം അടക്കം സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉത്സവങ്ങളെയെല്ലാം ബാധിക്കുമെന്ന് ഉറപ്പായിരിക്കുന്നു. തൃശൂര്‍ എംപി സുരേഷ് ഗോപിക്ക് കീഴിലുള്ള നോഡല്‍ ഏജന്‍സിയാണ് ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്ന പെസോ. കേന്ദ്രമന്ത്രി കൂടിയായ തൃശൂര്‍ എംപിയുടെ അറിവോടെയാണോ നിബന്ധനകള്‍ പുതുക്കിയത്? ചേലക്കരയിലും പാലക്കാടും നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്നിരിക്കുന്ന ഈ ശുപാര്‍ശകളില്‍ രാഷ്ട്രീയമുണ്ടോ? മുന്‍ മന്ത്രിയും സിപിഐ നേതാവുമായ അഡ്വ. വി.എസ്.സുനില്‍കുമാര്‍ പ്രതികരിക്കുന്നു.

പെസോ നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരം വെടിക്കെട്ടിന് അടക്കം വെല്ലുവിളിയാകുമെന്ന് വ്യക്തമായിരിക്കുകയാണല്ലോ. ഇപ്പോള്‍ ചേലക്കരയിലും പാലക്കാടും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഈ സമയത്ത് ഇങ്ങനെയൊരു വിജ്ഞാപനം വരുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നുണ്ടോ?

പൂരങ്ങളുടെ വെടിക്കെട്ട് നടത്താന്‍ പറ്റാത്ത രീതിയിലുള്ള നിയമം കൊണ്ടുവന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബിജെപി ഗവണ്‍മെന്റിന് മാത്രമാണ്. അത് സംസ്ഥാന ഗവണ്‍മെന്റിന്റെ തലയില്‍ വെക്കാന്‍ ആര്‍ക്കും പറ്റില്ല. വിവാദമാക്കിയാല്‍ അവര്‍ തന്നെ അതിന് ഉത്തരം പറയേണ്ടി വരും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് പാലക്കാട് കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. അത് കേന്ദ്ര ഗവണ്‍മെന്റ് അറിയാത്ത കാര്യമല്ലല്ലോ. കേന്ദ്ര ഗവണ്‍മെന്റും ഇലക്ഷന്‍ കമ്മീഷനും ചേര്‍ന്നല്ലേ തിയതി തീരുമാനിക്കുന്നത്. അതിപ്പോള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. രഥോത്സവം തകര്‍ക്കാന്‍ വേണ്ടി കോണ്‍ഗ്രസും എല്‍ഡിഎഫും ശ്രമിക്കുന്നുവെന്നാണ് ബിജെപിയുടെ വാദം. ഇപ്പോള്‍ കെ.രാധാകൃഷ്ണനെതിരെയൊക്കെ പറയുന്നത് ബിജെപിയാണ്. ഇനിയൊരു കാര്യം അവര്‍ ജനങ്ങളുടെ മുന്നില്‍ പറയാന്‍ പോകുന്നത് ഈ നിയന്ത്രണങ്ങള്‍ക്ക് പിന്നില്‍ എല്‍ഡിഎഫും കോണ്‍ഗ്രസുമാണെന്നായിരിക്കും. എന്നാല്‍ ഇതില്‍ ഉത്തരവാദിത്തം ബിജെപിക്കും ബിജെപി ഗവണ്‍മെന്റിനും മാത്രമേയുള്ളു. അതിന് അവരാണ് ജനങ്ങളോട് മറുപടി പറയേണ്ടത്.

ചേലക്കര അന്തിമഹാകാളന്‍ കാവിലെ വെടിക്കെട്ട് മുടങ്ങിയത് കെ.രാധാകൃഷ്ണന്‍ എംപി കാരണമാണെന്ന പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നടത്തി വരികയാണല്ലോ

രാധാകൃഷ്ണന് അതില്‍ യാതൊരു ബന്ധവുമില്ല. രാധാകൃഷ്ണന്റെ കുഴപ്പം കൊണ്ടല്ലല്ലോ. കേന്ദ്ര നിയമം കൊണ്ടല്ലേ. പല സ്ഥലത്തും അങ്ങനെ പ്രശ്‌നങ്ങളുണ്ടല്ലോ. പൂരം വെടിക്കെട്ടിന് അനുമതി കൊടുക്കുന്നത് കേരള ഗവണ്‍മെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലല്ലോ. പെസോ കൊണ്ടുവന്ന നിബന്ധനകളാണ് എല്ലാ വെടിക്കെട്ടുകള്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുന്നത്. വെടിക്കെട്ടിന് ഞങ്ങളുടെ നാട്ടിലൊക്കെ പണ്ട് ഉപയോഗിച്ചിരുന്ന പല വെടിക്കെട്ട് ഐറ്റങ്ങളും, കുഴിമിന്നല്‍, ഡൈനമിറ്റ് എന്നൊക്കെ പറയുന്ന സംഗതികളുടെ സൈസ് തന്നെ 2019ലെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ശേഷം മാറ്റം വരുത്തി. ഇത്ര ചുറ്റളവ് വരെയുള്ളത് മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളു എന്ന തരത്തില്‍ നിയമം കൊണ്ടുവന്ന് അതനുസരിച്ച് അതിന്റെ കുഴലുകള്‍ക്ക് മാറ്റം വരുത്തുകയൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ പുതുതായിട്ട് വന്നിരിക്കുന്നത്,. ഡൈനാമിറ്റുകളൊക്കെ വെക്കുന്ന കുറ്റികളുണ്ട്. ഇരുമ്പ് കുറ്റികള്‍. ഇരുമ്പ് കുറ്റികള്‍ തന്നെ വെച്ച് അടിച്ചാണ് അതൊക്കെ സേഫാക്കി വെക്കുക. ഇല്ലെങ്കില്‍ വളരെ വലിയ ഗുണ്ടൊക്കെ വരുമ്പോള്‍ അത് ചരിഞ്ഞു പോകും. പുതിയ നിയമത്തില്‍ അതൊന്നും പറ്റില്ലെന്നാ പറഞ്ഞിരിക്കുന്നത്.

പെസോ നിയന്ത്രണങ്ങളെ എങ്ങനെയാണ് താങ്കള്‍ നോക്കിക്കാണുന്നത്.

വെടിക്കെട്ട് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റാണ്. ഇന്ത്യയില്‍ നടക്കുന്ന ഏത് ഡിസ്‌പ്ലേ ആണെങ്കിലും അതിന് അനുമതി കൊടുക്കുന്നതും അതുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കേന്ദ്രത്തിന്റേതാണ്. അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെയാണ്, അവരുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. അതില്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോളാണ് ചില നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. തൃശൂര്‍ പൂരം വെടിക്കെട്ടില്‍ കാണികള്‍ക്കുണ്ടായിരുന്ന സൗകര്യങ്ങളൊക്കെത്തന്നെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെത്തുടര്‍ന്നുള്ള കേന്ദ്ര നിയന്ത്രണങ്ങളെത്തുടര്‍ന്ന് പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പുതിയ നിയമം വന്നതോടു കൂടി വെടിക്കെട്ട് തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വെടിക്കെട്ട് നടത്താന്‍ കഴിയില്ല. നിലവിലുള്ള നിയമപ്രകാരം മാഗസിന്‍ എന്ന് പറയുന്ന വെടിക്കോപ്പ് സൂക്ഷിക്കുന്ന സ്ഥലം 45 മീറ്റര്‍ അകലത്തില്‍ വെക്കണമെന്നാണ് നിബന്ധന. അത് കഴിഞ്ഞിട്ട് ഈ വെടിക്കോപ്പുകള്‍ കൊണ്ടുവന്ന് നമ്മള്‍ ഷെഡ് കെട്ടിയിട്ട് അതില്‍ വെച്ചാണ് ചെയ്യുന്നത്. അത് 15 മീറ്റര്‍ അകലെ വെക്കണമെന്നാണ് നിബന്ധന നിലവിലുള്ളത്. ഫയര്‍ലൈനില്‍ നിന്ന് 100 മീറ്റര്‍ അകലെ കാണികളെ നിര്‍ത്തണമെന്നാണ് നിബന്ധന. ഇപ്പോ വന്നിരിക്കുന്ന നിയമപ്രകാരം മാഗസിന്‍ 250 മീറ്റര്‍ അപ്പുറത്താവണം. ഷെഡ് 100 മീറ്റര്‍ അപ്പുറത്താക്കണം. കാണികള്‍ നില്‍ക്കുന്നത് 200 മീറ്റര്‍ ചുറ്റളവിലേക്ക് വരാന്‍ പറ്റില്ലെന്ന് പറഞ്ഞു കഴിഞ്ഞാല്‍ തൃശൂര്‍ പൂരത്തിലെ സംവിധാനം അനുസരിച്ച് പൂരം നടത്താന്‍ കഴിയില്ല.

കേരളത്തില്‍ തന്നെ പെസോ നിയമപ്രകാരം സ്വന്തമായി മാഗസിനുകളുള്ള വളരെ കുറച്ചു സ്ഥലങ്ങളേയുള്ളു. അതില്‍ ഒന്ന് തൃശൂര്‍ പൂരത്തിന്റെ ഇരുവിഭാഗങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. തിരുവമ്പാടിക്കും പാറമേക്കാവിനും. അത് അന്നത്തെ നിയമ പ്രകാരം അകലങ്ങള്‍ പാലിച്ചാണ് മാഗസിനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇപ്പോ അത് മാറ്റണമെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഒരു രീതിക്കും മാറ്റാന്‍ കഴിയില്ല. കാരണം ഇനിയിത് മാറ്റുകയെന്നത് പ്രായോഗികമായ കാര്യമല്ല. 200 മീറ്റര്‍ അപ്പുറത്തേക്ക് മാഗസിന്‍ മാറ്റിവെക്കുകയെന്ന് പറഞ്ഞാല്‍ തൃശൂര്‍ ടൗണില്‍ ഒരിടത്തും പറ്റില്ല. മാഗസിന്‍ ഇല്ലാത്തിടത്ത് വെടിക്കെട്ടും നടത്താന്‍ പറ്റില്ല. സ്വന്തമായി മാഗസിന്‍ ഉള്ളവര്‍ക്ക് മാത്രമേ ഡിസ്‌പ്ലേ അനുവദിക്കുകയുള്ളു. ഫലത്തില്‍ തൃശൂര്‍ പൂരത്തിന് ഒരു മാഗസിന്‍ ഇല്ലാത്ത അവസ്ഥ വരികയും പൂരം വെടിക്കെട്ട് നടത്താന്‍ പറ്റാതെ വരികയും ചെയ്യും. ഇനി അഥവാ മാഗസിന്‍ എവിടെയെങ്കിലും സ്ഥാപിച്ചാല്‍ തന്നെ ഫയര്‍ലൈന്‍ വെച്ചിരിക്കുന്ന സ്ഥലം വെച്ച് അളന്നു നോക്കുമ്പോള്‍ തൃശൂരില്‍ ഇപ്പോ നില്‍ക്കുന്ന സ്ഥലത്തു നിന്ന് വെടിക്കെട്ട് കാണാന്‍ പറ്റില്ല. അപ്പോ വെടിക്കെട്ട് നടത്തിയാലും അത് കാണാന്‍ പറ്റില്ല. നടത്താന്‍ പറ്റാത്ത സ്ഥിതിയുമാണ്. 2019ല്‍ വെടിക്കെട്ടിന്റെ വിഷയമുണ്ടായ സമയത്ത് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനായിരുന്നു. ഞാന്‍ അവരെ പോയി കണ്ടു. വെടിക്കെട്ട് നടത്താന്‍ പറ്റില്ലെന്ന ശക്തമായ നിലപാടിലായിരുന്നു അവര്‍. അന്നേ കേന്ദ്രത്തിന്റെ സമീപനം വെടിക്കെട്ടിന് എതിരാണ്. പക്ഷേ, അന്ന് ഞങ്ങള് കുറേ കാര്യങ്ങളൊന്നെ പറഞ്ഞപ്പോ, തൃശൂര്‍ പൂരത്തിന്റെ പ്രത്യേകതകളൊക്കെ പറഞ്ഞപ്പോ അവര്‍ പെസോക്ക് നിര്‍ദേശം കൊടുത്തു, ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ കര്‍ശന നിര്‍ദേശങ്ങളോടെ കണ്ടീഷന്‍ വെക്കാന്‍ പറഞ്ഞു.

അങ്ങനെ പൂരത്തിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് പെസോ പറയുന്നത് രണ്ടു വിഭാഗത്തിന്റെയും ഫിനിഷിംഗ് പോയിന്റിനോട് ചേര്‍ന്ന് ഫയര്‍ ഹൈഡ്രന്റ് സ്ഥാപിക്കണമെന്ന്. ഫയര്‍ ഹൈഡ്രന്റ് സ്ഥാപിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പക്ഷേ, ഞാന്‍ അന്ന് എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് കളക്ടറുമായി ആലോചിച്ച് ഒരു പ്രത്യേക സ്‌കീമില്‍ ഉള്‍പ്പെടുത്തി 72 മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ഫയര്‍ ഹൈഡ്രന്റ് സ്ഥാപിച്ചു. എന്നിട്ടാണ് ആ വെടിക്കെട്ടിന് അനുമതി കിട്ടിയത്. നടത്താന്‍ പറ്റാത്ത നിബന്ധനകള്‍ വെച്ച് അന്ന് തന്നെ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. പക്ഷേ, അന്ന് ഞങ്ങള്‍ അത് നടപ്പാക്കി, കേരള ഗവണ്‍മെന്റ്. ഞാന്‍ അവിടുത്തെ എംഎല്‍എയായിരുന്നു. എന്നിട്ടാണ് ആ വെടിക്കെട്ട് നടത്തിയത്. അതിനു ശേഷം ആ നിബന്ധനയനുസരിച്ചാണ് കഴിഞ്ഞ പൂരം അലങ്കോലപ്പെടാനുണ്ടായ പ്രധാനപ്പെട്ട കാരണമെന്ന് പറഞ്ഞാല്‍ ഫയര്‍ലൈനിന്റെ 100 മീറ്റര്‍ അകലത്തേ കാണികളെ നിര്‍ത്താന്‍ പാടുള്ളു. അപ്പോള്‍ പൂരത്തിന്റെ എഴുന്നള്ളിപ്പ് 12.30 മണിക്ക് പൂര്‍ത്തീകരിക്കണം. എന്ന കണ്ടീഷന്‍ പോലീസും പിന്നെ ദേവസ്വങ്ങളും തമ്മിലുണ്ടാക്കിയിരുന്നു. തിരുവമ്പാടിക്ക് ആ സമയത്ത് വരാന്‍ ബുദ്ധിമുട്ടുണ്ടായി. അപ്പോ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. അപ്പോഴാണ് അവിടെ സംഘര്‍ഷമുണ്ടായത്. സമയം വൈകുന്തോറും കൂടുതല്‍ ആളുകള്‍ വന്നാല്‍ പൊലീസിന് 100 മീറ്റര്‍ പരിധിയിലേക്ക് ആളുകളെ നിര്‍ത്താന്‍ പറ്റില്ല. അതുകൊണ്ടാണ് നേരത്തേ ബാരിക്കേഡ് കെട്ടുന്നതെന്നാണ് പൊലീസിന്റെ ഭാഷ്യം. ശരിയായിരിക്കാം. എന്തായാലും അതിനെത്തുടര്‍ന്നാണ് ഈ പ്രശ്‌നമുണ്ടായത്. കേന്ദ്ര ഗവണ്‍മെന്റിന്റെ നിബന്ധന കാരണമാണ് ഈ സംഘര്‍ഷം കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായിട്ട് നടന്നുകൊണ്ടിരിക്കുന്നത്.

നിയമം കേന്ദ്രത്തിന്റെയാണെങ്കിലും നടപ്പാക്കേണ്ടത് സംസ്ഥാന ഗവണ്‍മെന്റുകളാണ്. തൃശൂര്‍ പൂരം കേന്ദ്ര പോലീസ് വന്നിട്ടല്ലല്ലോ നടപ്പാക്കുക. കേരള പൊലീസാണല്ലോ നടപ്പാക്കേണ്ടത്. അതിന്റെ അധികാരം ജില്ലാ കളക്ടര്‍ക്കും എഡിഎമ്മിനും ജില്ലാ പൊലീസ് അധികാരികള്‍ക്കുമാണ്. ഇപ്പോഴാണെങ്കില്‍ പെസോ പറയുന്ന ഫയര്‍ലൈനുമായി ബന്ധപ്പെട്ടിട്ടുള്ള പരീക്ഷ പാസായവര്‍ക്കു മാത്രമേ ലൈസന്‍സ് കൊടുക്കൂ എന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോ തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ലൈസന്‍സ് കിട്ടാന്‍ തന്നെ വലിയ പ്രയാസമായിരിക്കും. പൂരത്തിന് ഈ കാര്യങ്ങളൊക്കെ നടപ്പാകുന്നുണ്ടോ എന്ന് നോക്കാനായി പെസോയുടെ ആള്‍ക്കാര് വന്ന് നില്‍ക്കാറുണ്ട്. അവര്‍ വന്ന് നിന്നിട്ട് കളക്ടറോട് പറയും നിങ്ങള്‍ ഇത്ര മീറ്റര്‍ അകലെ മാത്രമേ ആള്‍ക്കാരെ നിര്‍ത്താന്‍ പറ്റൂ. അങ്ങനെയൊക്കെ പറഞ്ഞു കഴിഞ്ഞാല്‍ അതു മാത്രമേ പൊലീസിന് ചെയ്യാന്‍ കഴിയൂ. പക്ഷേ, ജനങ്ങളെ സംബന്ധിച്ചിടത്തോളം കേന്ദ്ര ഗവണ്‍മെന്റ് പ്രത്യക്ഷത്തില്‍ മുന്നില്‍ കാണില്ല. സംസ്ഥാന ഗവണ്‍മെന്റിനെയായിരിക്കും കാണുക. പക്ഷേ, കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും കൂടി സഹകരിച്ച് എല്ലാ കാര്യങ്ങളും ചെയ്യുകയെന്നതാണ് ചെയ്തുവരുന്ന കാര്യം.

ഇതിപ്പോ ബിജെപി ചെയ്തിരിക്കുന്ന കാര്യം, സത്യം പറഞ്ഞാല്‍ പെട്രോളിയം സഹമന്ത്രിയാണല്ലോ ബിജെപിയുടെ ഇവിടത്തെ പ്രതിനിധി. അദ്ദേഹം ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. അദ്ദേഹം ഇവിടെയൊരു യോഗം വിളിച്ചു കൂട്ടിയിരുന്നു. പെസോയുടെ ഉന്നതാധികാരികളെയും കളക്ടര്‍ അടക്കമുള്ള ആള്‍ക്കാരെയൊക്കെ വിളിച്ചു കൂട്ടി. ഇവിടെ നേരിട്ട് അളവ് നടത്തി. 100 മീറ്റര്‍ എന്നത് 60 മീറ്ററാക്കി ചുരുക്കും എന്നൊക്കെ പറഞ്ഞിട്ടുള്ള, അതിനാവശ്യമായിട്ടുള്ള ക്രമീകരണങ്ങള്‍ വരുത്താന്‍ വേണ്ടി നിയമ ഭേദഗതി കൊണ്ടുവരാന്‍ വേണ്ടി ഈ ഉദ്യോഗസ്ഥന്‍മാരെ മുഴുവന്‍ ഇവിടെ വിളിച്ചുവരുത്തി ഒരു യോഗം നടത്തിയിട്ടുണ്ട് ഇവിടെ. വയനാട് ദുരന്തം നടന്ന സമയത്താ. വയനാട് ദുരന്തത്തേക്കാളും പ്രാധാന്യം കൊടുത്തിട്ടാ കേന്ദ്രമന്ത്രി ഇവിടെ യോഗം വിളിച്ചു കൂട്ടിയത്. എന്നിട്ട് ആ യോഗം വിളിച്ചു കൂട്ടിയിട്ട് പ്രധാനമായിട്ടും ഒരു പുതിയ നിയമ ഭേദഗതിക്കും അതിന്റെ അഭിപ്രായ രൂപീകരണത്തിനും പ്രായോഗികമായ കാര്യങ്ങള്‍ക്കുമാണെന്നല്ലേ നമ്മള്‍ സ്വാഭാവികമായിട്ടും വിചാരിക്കുക. സംഭവിച്ചതെന്താ? നേരേ കടകവിരുദ്ധമായിട്ട് ഇപ്പോള്‍ നിയമം വന്നിരിക്കുകയാണ്. അത് മന്ത്രിയുടെ അറിവോടുകൂടി നടന്നിട്ടുള്ള കാര്യമാണ്. അദ്ദേഹത്തിന് അറിയില്ല എന്നു പറഞ്ഞാല്‍ അതിന് അര്‍ത്ഥം അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിന് അനുസരിച്ച് കേന്ദ്ര ഗവണ്‍മെന്റ് അദ്ദേഹത്തോട് പറഞ്ഞിട്ടില്ല എന്നു പറഞ്ഞാല്‍ അത് ഗുരുതരമായ ഒരു ഭരണഘടനാ പ്രശ്‌നം കൂടിയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ മന്ത്രിസഭയില്‍ ഇരിക്കുന്നയാള് അറിയാതെ എങ്ങനെയാണ് ഒരു നിയമം വരിക?

ഇത് കേന്ദ്ര ബിജെപി ഗവണ്‍മെന്റിന്റെയും എംപിയുടെയും അറിവോടെ തന്നെയാണ് പുതിയ ഭേദഗതി വന്നിരിക്കുന്നത്. ഒന്നുകില്‍ ഈ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത് ഒരു പ്രതിസന്ധി സൃഷ്ടിച്ച് കഴിഞ്ഞ തൃശൂര്‍ പൂരത്തിന് ചെയ്തത് പോലെ ഒരു പ്രതിസന്ധി അവര് തന്നെ പൂരം അലങ്കോലപ്പെടുത്തുക പൂരം അലങ്കോലപ്പെടുത്തിയവര്‍ തന്നെ വന്നിട്ട് ഞങ്ങളാണ് ഇതെല്ലാം ശരിയാക്കിയതെന്ന് പറയുക എന്നത് പോലെ ഒരു സര്‍ക്കസ് കളിയാണോ ഇതെന്നൊന്നും പറയാന്‍ പറ്റില്ല. ബിജെപി ഗവണ്‍മെന്റായതുകൊണ്ട് ഇതൊന്നും ഉറപ്പിച്ച് പറയാന്‍ കഴിയില്ല. തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് എന്ന് പറയുന്നത് തുടക്കത്തില്‍ മത്താപ്പൂവും കതിന വെടിയും മാത്രമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. പിന്നീടാണ് ചീന വെടിയൊക്കെ വന്നത് 1896ലൊക്കെയാണ്. അമിട്ടൊക്കെ വരുന്നത് 1920ഓടു കൂടിയിട്ടാണ്. പിന്നെ ഓലപ്പടക്കം, മിന്നല്‍ ഒക്കെ വരുന്നത്. അങ്ങനെ പല പരീക്ഷണങ്ങള്‍ നടത്തി ചൈനയുടെ ടെക്‌നോളജി ഏറ്റവും നന്നായി ഉപയോഗിച്ചത് തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടുമായി ബന്ധപ്പെട്ട കലാകാരന്‍മാരാണ്. തൃശൂര്‍ പൂരത്തിന്റെ അവിഭാജ്യമായ ഘടകമാണ് വെടിക്കെട്ട് എന്ന് പറയുന്നത്. ആ വെടിക്കെട്ട് ഇപ്പോള്‍ ബിജെപി പ്രതിനിധി കേന്ദ്രത്തില്‍ വന്നാല്‍ പൂരം വെടിക്കെട്ട് വളരെ സുഗമമായി ഒരു തടസങ്ങളുമില്ലാതെ കാണികള്‍ക്ക് അന്‍പതോ അറുപതോ മീറ്റര്‍ അടുത്തു നിന്നു കാണാവുന്ന സാഹചര്യം ഒരുക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ബിജെപി ചെയ്തിരിക്കുന്നത് എന്തെന്ന് വെച്ചാല്‍ നേരെ കടകവിരുദ്ധമായ കാര്യമാണ്.

അമ്പലങ്ങളിലെയും ആരാധനാലയങ്ങളിലെയും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടാണല്ലോ ഇവരിപ്പോ വന്നത്. പൂരം അലങ്കോലപ്പെടുത്തിയത് കമ്യൂണിസ്റ്റുകാരാണെന്നായിരുന്നു പ്രചാരണം. ഇതിപ്പോ കള്ളി വെളിച്ചത്തായ സംഭവമാണിത്. തൃശൂര്‍ പൂരത്തോട് ആത്മാര്‍ത്ഥത വേണം ജനപ്രതിനിധിക്ക്. പൂരം പൂര്‍ണ്ണമായിട്ട് കാണാനെങ്കിലുമുള്ള ആത്മാര്‍ത്ഥത കാണിക്കണം. തൃശൂര്‍ പൂരമെന്ന് പറഞ്ഞാല്‍ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് അതിന്റെ ചടങ്ങുകള്‍ മുഴുവനും. ഒരു തവണയെങ്കിലും പൂര്‍ണ്ണമായി കണ്ട ഒരാളും ആ പൂരത്തിന് മുടക്കം വരുത്താന്‍ ആഗ്രഹിക്കില്ല. ഇത് പൂരം ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പൂരത്തിന്റെ വികാരമുണ്ടായിക്കൊള്ളണമെന്നില്ല. അവര്‍ക്ക് പൂരം ഒരു രാഷ്ട്രീയ ആയുധം മാത്രമാണ്. അതുകൊണ്ട് ബിജെപി ഇതിന് മറുപടി പറയേണ്ടി വരും. കാരണം ബിജെപി ഗവണ്‍മെന്റാണ് പൂരങ്ങളുടെ, ഒരു പൂരത്തിന്റെ മാത്രമല്ല, ചേലക്കര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ പാലക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നടക്കുന്ന പൂരങ്ങള്‍ക്കൊക്കെ തടസമുണ്ടാക്കിയിട്ടുള്ളത് സംസ്ഥാന ഗവണ്‍മെന്റല്ല, കേന്ദ്ര നിയമമാണ്.

ആ കേന്ദ്ര നിയമങ്ങള്‍ക്ക് ഭേദഗതി വന്നതോടു കൂടി, ഇപ്പോള്‍ പൂരങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഇപ്പോള്‍ തുലാമാസമായി. തുലാ മാസത്തോടെ പൂരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഇടവം വരെ പൂരങ്ങള്‍ നടക്കുന്നത് കാണാം. ഈ ഉത്സവങ്ങള്‍ മുഴുവന്‍ സ്ഥലത്തും ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ വെടിക്കെട്ടുകളൊന്നും ഇവിടെ നടക്കില്ലിനി. അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റിനാണ്. അവരാണ് വിശ്വാസപരമായ കാര്യങ്ങള്‍ പറയുന്ന, അതില്‍ രാഷ്ട്രീയം ഉപയോഗിക്കുന്ന ആളുകള്‍. ഇക്കാര്യത്തില്‍ കാണിച്ചിരിക്കുന്ന നിലപാട് എന്താണെന്നത് അവര്‍ വ്യക്തമാക്കേണ്ടതാണ്. ബിജെപിയുടെ മന്ത്രിയടക്കമുള്ള ആളുകള്‍ അറിയാതെ എങ്ങനെയാണ് ഈ നിയമമുണ്ടായത്. പെട്രോളിയം വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയാണ് അദ്ദേഹം. അദ്ദേഹം അറിയാതെയെങ്ങനെയാണ് ഒരു നിയമ ഭേദഗതി വരിക?

അദ്ദേഹത്തിന്റെ മന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഏജന്‍സിയാണല്ലോ പെസോ?

ഇതില്‍ നിന്ന് ഒളിച്ചു മാറിയിട്ട് കാര്യമില്ല. കേരളത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് തൃശൂര്‍കാരെ സംബന്ധിച്ചിടത്തോളം ഇതൊരു വികാരപരമായ വിഷയമാണ്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് ശേഷം കേരളത്തിലെ എല്ലാ വെടിക്കെട്ടുകളും നിര്‍ത്തി വെച്ചപ്പോള്‍ തൃശൂര്‍ പൂരം നിര്‍ത്തിവെപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചില്ല. കാരണം അതിന് അനുസരിച്ചുള്ള കാര്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ പോയി സംസാരിച്ചു. അന്ന് ബിജെപിയുടെ നേതാക്കന്‍മാരെയടക്കം കൊണ്ടുപോയാണ് കേന്ദ്രമന്ത്രിമാരെ കണ്ടത്. ഞാന്‍ സംസ്ഥാന മന്ത്രിയായിരിക്കുമ്പോള്‍ ബിജെപിയുടെ വൈസ് പ്രസിഡന്റ് അടക്കമുള്ളവരെ കേരളത്തില്‍ നിന്ന് കൊണ്ടുപോയി. കാരണം എല്ലാവരെയും സഹകരിപ്പിച്ച് പൂരം നടത്തണമെന്ന ആത്മവിശ്വാസത്തിലാണ്. അതില്‍ ബിജെപിക്കാരടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ വലിയ വിഷമമുണ്ട്. ഞങ്ങള്‍ തൃശൂര്‍ക്കാരെ സംബന്ധിച്ച് ബിജെപി, ആര്‍എസ്എസ്, കമ്യൂണിസ്റ്റുകാര്‍ എന്ന വ്യത്യാസമില്ലാതെ പൂരത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നത് കാണാം. ഇത് പുറത്തുനിന്നുള്ള ആള്‍ക്കാര്‍ക്ക് പറഞ്ഞാല്‍ മനസിലാവാത്ത കാര്യമാണ്. അതുകൊണ്ടാണ് ഞാന്‍ മന്ത്രിയായിരിക്കുമ്പോള്‍ നിര്‍മലാ സീതാരാമനെ കാണാന്‍ പോകുമ്പോള്‍ ഇവിടുത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെ അടക്കമാണ് കൂടെ കൊണ്ടുപോയത്. അവര്‍ക്ക് പേഴ്‌സണലായിട്ട് അറിയാം. ഒരു കാരണവശാലും പൂരത്തിന് തടസം വരാന്‍ പാടില്ലെന്നുള്ളതുകൊണ്ടാണ്. പൂരത്തിനെ രാഷ്ട്രീയമായ കരുവാക്കി മാറ്റാന്‍ ആരും ശ്രമിക്കരുത്. നേരത്തേ പൂരം നേരിട്ട് വന്ന് അലങ്കോലപ്പെടുത്തലായിരുന്നു. ഇപ്പോള്‍ നിയമം കൊണ്ട് അലങ്കോലപ്പെടുത്തിയിരിക്കുകയാണ്. തൃശൂരിലെ ബിജെപിക്കാര്‍ക്ക് അടക്കം ഇത് വലിയ വിഷമമുണ്ടാക്കും. അവര് നിസഹായരാണല്ലോ, അവര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും. ഇവിടെ നിന്ന് ജയിച്ചു പോയവര്‍ അടക്കമുള്ളവര്‍ക്കാണല്ലോ ഇതില്‍ ഉത്തരവാദിത്തമുള്ളത്. സാധാരണ എംപി സീറ്റില്‍ ഇരിക്കുന്നയാളല്ല, കേന്ദ്രമന്ത്രിയാണ്, പ്രത്യേകിച്ച് അവരുടെ വകുപ്പില്‍ പെടുന്ന കാര്യത്തില്‍ തന്നെ ഇങ്ങനെ വന്നുവെന്ന് പറഞ്ഞാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും സാധിക്കുകയില്ല.

അതായത് പൂരത്തിന്റെ സ്പിരിറ്റ് നാട്ടുകാര്‍ക്കേ അറിയൂ. കേന്ദ്രമന്ത്രിക്ക് അറിയില്ല

അദ്ദേഹം അത് അറിയുന്നുണ്ടെങ്കില്‍ ഇങ്ങനെയൊരു നിയമം വരില്ലല്ലോ. ഇതൊരാളുടെ വ്യക്തിപരമായ ഒരു പ്രശ്‌നമല്ല, ഉത്തരവാദിത്തത്തിന്റെ പ്രശ്‌നമാണ്. ഇതിപ്പോ പ്രതിസന്ധിയിലാക്കിയിട്ട് ഇടപെട്ട്, ഞാനിടപെട്ട് ശരിയാക്കി എന്ന് പറയാനാണോ എന്ന് എനിക്ക് അറിയില്ല. സ്‌ട്രെയിറ്റായിട്ടുള്ള കാര്യങ്ങളേ നമുക്കറിയൂ. അതുകൊണ്ടാണ് സ്‌ട്രെയിറ്റായിട്ട് ഞാന്‍ പറയുന്നത്.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് നമുക്കൊക്കെ അറിയാവുന്നതാണ്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ക്രമീകരണമല്ലേ കേന്ദ്രം നടപ്പാക്കുന്നതെന്ന ഒരു മറുചോദ്യവും ഇതിലില്ലേ?

പുറ്റിങ്ങല്‍ വെടിക്കെട്ട് ഒരു നിയന്ത്രണവും ഇല്ലാതെ നടന്ന വെടിക്കെട്ടാണ്. അവിടെ വെടിക്കെട്ട് പുരയോ അതുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നില്ല. അവിടെയും തൃശൂരും മത്സരാടിസ്ഥാനത്തിലാണെങ്കിലും തൃശൂര് നടക്കുന്നത് ഒരു ആരോഗ്യകരമായ മത്സരമാണ്. പണ്ട് തൃശൂര്‍ പൂരത്തില്‍ അടക്കം വെടിക്കെട്ടില്‍ ഒരു വിനാശകരമായ മത്സരമുണ്ടായിരുന്നു. എതിരാളികള്‍ക്ക് അപകടം വരുത്തിവെക്കുന്ന കാര്യങ്ങള്‍ ചെയ്യുന്ന തരത്തിലുള്ള പരിപാടിയുണ്ടായിരുന്നു. അങ്ങനെ പല തരത്തിലുള്ള മത്സരങ്ങള്‍ നടന്ന ഒരു കാലമുണ്ടായിരുന്നു. തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ കുറേ കാലമായി കൃത്യമായ ആസൂത്രണവും സിസ്റ്റമാറ്റിക്കായ രീതിയും നിയമം അനുസരിച്ചുള്ള ക്രമീകരണങ്ങളും മാത്രമേ ഇവിടെ നടക്കുകയുള്ളു. പുറ്റിങ്ങലില്‍ അതല്ലായിരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത നിരവധി കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പൂരത്തിന്റെ സുരക്ഷയുടെ കാര്യം വളരെ പ്രധാനപ്പെട്ടതാണെങ്കിലും സുരക്ഷാ ക്രമീകരണങ്ങളുടെ പേരില്‍ അപ്രായോഗികമായ കാര്യങ്ങള്‍ പറയാന്‍ പാടില്ല. പ്രായോഗികമായി കാര്യങ്ങള്‍ നടക്കുന്ന സംവിധാനമുണ്ടാകണം. തൃശൂരില്‍ മാഗസിന്‍ 200 മീറ്റര്‍ അപ്പുറത്ത് വെക്കണമെന്ന് പറഞ്ഞാല്‍ പിന്നെ വെടിക്കെട്ട് നടക്കില്ലല്ലോ. 40 മീറ്ററിനകത്ത് മാഗസിന്‍ വെച്ചിട്ട് ഇപ്പോള്‍ ഒരു 100-150 കൊല്ലമായിട്ടുണ്ടാകും. ആ മാഗസിന്‍ അത്രയും കാലം അവിടെയിരുന്നിട്ടും ഇതുവരെ അപകടമുണ്ടായിട്ടില്ലല്ലോ?

മാഗസിന്‍ എന്നാല്‍ അവര്‍ പറയുന്ന അളവുകള്‍ക്ക് അനുസരിച്ച് നിര്‍മിക്കുന്ന കെട്ടിടമാണ്. വെടിക്കെട്ട് ലൈസന്‍സി അവിടെയാണ് വെടിക്കോപ്പുകള്‍ കൊണ്ടുവന്ന് വെക്കുന്നത്. അവിടെ നിന്ന് ഡിസ്‌പ്ലേ ചെയ്യുന്ന സ്ഥലത്ത് ഒരു ഷെഡ് കെട്ടി അവിടേക്ക് എടുത്തുകൊണ്ടുപോയി കുഴികളില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. മാനുഫാക്ചര്‍ ചെയ്യുന്ന സ്ഥലത്തു നിന്ന് വെടിക്കോപ്പുകള്‍ മാഗസിനിലേക്ക് കൊണ്ടുവരുന്നതിന് തന്നെ നിയമങ്ങളുണ്ട്. ഇത്ര കിലോ മാത്രമേ ശേഖരിക്കാന്‍ പറ്റൂ. എത്ര കിലോയ്ക്കാണോ ലൈസന്‍സുള്ളത്, അത് ശേഖരിക്കാനുള്ള സ്ഥല സൗകര്യം ഉണ്ടാകണം. അത്ര മാത്രമേ അവിടെ സൂക്ഷിക്കാന്‍ പറ്റൂ. അങ്ങനെ എല്ലാത്തിനും കൃത്യമായ നിയമങ്ങളുണ്ട്. ആ നിയമങ്ങള്‍ കൃത്യമായി പാലിച്ചു പോന്നാല്‍ പ്രശ്‌നങ്ങളുണ്ടാവില്ല. സുരക്ഷയുടെ കാര്യത്തില്‍ നിയന്ത്രണം വേണ്ട എന്ന അഭിപ്രായമില്ല. പക്ഷേ അതിന്റെ പേരില്‍ ഒരു പരിപാടി തന്നെ ഇല്ലാതാക്കുന്ന രീതിയിലേക്ക് പോകുന്നത് ശരിയല്ല.

Related Stories

No stories found.
logo
The Cue
www.thecue.in