വിജയ് ഉയര്‍ത്തുന്നത് വെട്രിക്കൊടിയാകുമോ? തമിഴ്‌നാട്ടില്‍ സിനിമാ രാഷ്ട്രീയം തിരികെ വരുമ്പോള്‍

വിജയ് ഉയര്‍ത്തുന്നത് വെട്രിക്കൊടിയാകുമോ? തമിഴ്‌നാട്ടില്‍ സിനിമാ രാഷ്ട്രീയം തിരികെ വരുമ്പോള്‍
Published on

നടന്‍ വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പതാകയും തീം സോങ്ങും പുറത്തു വന്നു. ആത്മവിശ്വാസത്തിന്റെ പ്രതീകമായ മഞ്ഞയാണ് പതാകയിലെ പ്രധാന നിറം. അടുത്ത ഒരു ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ട് രാഷ്ട്രീയത്തില്‍ സജീവമാകാനാണ് വിജയ് പദ്ധതിയിടുന്നത്. അതായത് 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി എത്തും. നിലവില്‍ തമിഴ്‌നാട്ടില്‍ ശക്തരായ രാഷ്ട്രീയ എതിരാളികളില്ലാതെ ഭരിച്ചുകൊണ്ടിരിക്കുന്ന ഡിഎംകെയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് തമിഴക വെട്രി കഴകത്തിന്റെ ലക്ഷ്യം. ഇതേ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ മുന്നണിപ്പോരാളിയായി സിനിമാ താരവും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനുണ്ടാവും. ബിജെപി പക്ഷത്ത് ആരായിരിക്കും പ്രധാന മുഖമെന്ന് വ്യക്തതയില്ലെങ്കിലും ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് രാജിവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്ന ഖുശ്ബൂ സുന്ദര്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ നിലവിലെ ചിത്രം മാറും. തമിഴ്‌നാട് വീണ്ടും സിനിമാ കേന്ദ്രിത രാഷ്ട്രീയത്തിലേക്ക് തിരികെ വരും.

തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്നാണ് കിടക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ മുഖ്യമന്ത്രിമാരും പ്രതിപക്ഷനേതാവുമൊക്കെയായ ചരിത്രം ഈ സംസ്ഥാനത്തിനുണ്ട്. സിനിമയെ ഇത്രയേറെ ആത്മാവിനോട് ചേര്‍ത്തു നിര്‍ത്തുന്ന ഒരു സമൂഹം മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന കാര്യവും സംശയമാണ്. സിനിമയെ ജീവനു തുല്യം സ്‌നേഹിക്കുന്ന തമിഴര്‍ എംജിആറിനെയും മുത്തുവേല്‍ കരുണാനിധിയെയും ജയലളിതയെയുമൊക്കെ തങ്ങളുടെ നെഞ്ചോടു ചേര്‍ത്തു. പെരിയാറിന്റെ ദ്രാവിഡ രാഷ്ട്രീയം നെഞ്ചേറ്റിയ ജനതയെ അതേ രാഷ്ട്രീയം പറഞ്ഞ് രാഷ്ട്രീയ നേതാക്കളായി മാറിയ താരങ്ങളും കയ്യിലെടുത്തു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തോറ്റ് പിന്‍മാറിയ തമിഴകത്ത് ഡിഎംകെയും എഐഎഡിഎംകെയും ദ്രാവിഡ രാഷ്ട്രീയം പറഞ്ഞ് അധികാരത്തില്‍ മാറിമാറിയെത്തി. ഇവര്‍ക്കൊപ്പം കൂടിയ മറ്റു രാഷ്ട്രീയ കക്ഷികളും സാധാരണക്കാരന്റെ, അടിസ്ഥാന ജനവിഭാഗത്തിന്റെ രാഷ്ട്രീയമാണ് സംസാരിച്ചത്. സമീപകാലത്ത് ഹിന്ദു വികാരം ഉയര്‍ത്തി രാഷ്ട്രീയ പരീക്ഷണം നടത്തിയ ബിജെപിയുടെ പുതുതലമുറ നേതാക്കളെ തമിഴ് ജനത നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു. അങ്ങനെയൊരു രാഷ്ട്രീയ ഇടത്തിലേക്കാണ് വിജയ് രംഗപ്രവേശം ചെയ്യാന്‍ ഒരുങ്ങുന്നത്. വിജയ് നടത്തുന്ന ഉദ്യമം വിജയിക്കുമോ അതോ പരാജയമാകുമോ എന്നതിന് കാലമാണ് മറുപടി പറയേണ്ടതെങ്കിലും ചില സമീപകാല പാഠങ്ങള്‍ കൂടി പരിഗണിക്കാതെ തരമില്ല.

അണ്ണാമലൈ
അണ്ണാമലൈ

രജിനി കാന്തും കമല്‍ ഹാസനും പരാജയപ്പെട്ട രാഷ്ട്രീയം

തമിഴകത്തെ സൂപ്പര്‍ സ്റ്റാറുകളില്‍ ഏറ്റവും പ്രമുഖരായ രജിനി കാന്തും കമല്‍ ഹാസനും പരീക്ഷിച്ചു നോക്കി പരാജയപ്പെട്ട മേഖലയിലേക്കാണ് വിജയ് തന്റെ കൊടിയുയര്‍ത്തുന്നത്. രജിനി മക്കള്‍ മന്റം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങിയ സൂപ്പര്‍ സ്റ്റാര്‍ രജിനി കാന്തിന് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയായിരുന്നു. ആരാധകരെ സംഘടിപ്പിച്ച് വമ്പന്‍ യോഗങ്ങള്‍ നടത്തിയെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കാന്‍ രജിനി ഒന്ന് മടിച്ചു. രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ പോലും അദ്ദേഹം ഭയക്കുന്നത് വ്യക്തമായി കാണാമായിരുന്നു. കൃത്യമായ നിലപാട് പ്രഖ്യാപിക്കാനാകാതെ ആ രാഷ്ട്രീയ ഉദ്യമം പരാജയമടഞ്ഞു. ഉലക നായകന്‍ കമല്‍ ഹാസന്‍ പക്ഷേ, അതിലും കുറച്ചുകൂടി മുന്നോട്ടു പോയി. മക്കള്‍ നീതി മയ്യം എന്ന പേരില്‍ രാഷ്ട്രീയ കക്ഷി സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ട്ടി സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ വലിയ ജനപങ്കാളിത്തമുണ്ടായെങ്കിലും തമിഴിലെ സൂപ്പര്‍ താരങ്ങള്‍ രാഷ്ട്രീയ പ്രവേശം നടത്തിയാലുണ്ടാകുന്ന ഓളമൊന്നും സൃഷ്ടിക്കാന്‍ ഉലക നായകന് കഴിഞ്ഞില്ല. ഏറ്റവുമൊടുവില്‍ ഡിഎംകെയ്‌ക്കൊപ്പം സഖ്യം ചേര്‍ന്ന മക്കള്‍ നീതി മയ്യത്തിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ലഭിച്ചെങ്കിലും അതില്‍ മത്സരിക്കാന്‍ കമല്‍ ഹാസന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഈ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കും സുരക്ഷിതമായ ഒരവസരം ലഭിച്ചില്ല. പ്രായമുള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഇവരുടെ രാഷ്ട്രീയ പ്രവേശനത്തില്‍ തിരിച്ചടിയായിട്ടുണ്ട്. അവിടേയ്ക്കാണ് 50കാരനായ വിജയ് പ്രവേശിക്കുന്നത്. വലിയ ആരാധക സമ്പത്തുള്ള വിജയ്ക്ക് അത് നിഷ്പ്രയാസം വോട്ടാക്കി മാറ്റാനാകുമെന്ന ആത്മവിശ്വാസമുണ്ട്.

സിനിമാ താരങ്ങളെ അധികാരത്തിലേക്ക് കണ്ണടച്ച് അയക്കുന്ന കാലത്തില്‍ നിന്ന് തമിഴ് ജനത ഏറെ മുന്നേറിയിട്ടുണ്ട്. രാഷ്ട്രീയ സാക്ഷരത നേടിയ ഒരു സമൂഹം അവിടെയുണ്ട്. അവിടെ സാധാരണക്കാരന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് വിജയ് എത്തുന്നത്. സ്വന്തം സിനിമകളിലെ രക്ഷകന്‍ ഇമേജ് തന്നെ രാഷ്ട്രീയത്തിലും ആവര്‍ത്തിക്കുകയാണ് വിജയ്. അതേസമയം പരമ്പരാഗത രാഷ്ട്രീയ രീതികളെ അടച്ചു വിമര്‍ശിച്ചുകൊണ്ടു കൂടിയാണ് ഈ കടന്നുവരവ്. പ്രത്യക്ഷത്തില്‍ രാഷ്ട്രീയമാണെന്ന് തോന്നുമെങ്കിലും ശക്തമായ അരാഷ്ട്രീയ വാദം അന്തര്‍ലീനമായ ഒരു സമീപനമാണ് ഇത്. ഇവിടെ മറ്റു രാഷ്ട്രീയ കക്ഷികളെ ഒന്നടങ്കം കുറ്റപ്പെടുത്തിക്കൊണ്ട് തങ്ങള്‍ വിഭാവനം ചെയ്യുന്ന ഐഡിയല്‍ സമൂഹത്തെക്കുറിച്ച് വാദമുഖങ്ങള്‍ ഉന്നയിക്കാനാകും. വിജയ് ചെയ്യുന്നതും മറ്റൊന്നല്ല. ഒരു പാര്‍ട്ടിയുടെ കൊടിയെന്നതിലപ്പുറം തമിഴ്‌നാടിന്റെ വരുംകാല തലമുറയുടെ വിജയത്തിന്റെ അടയാളമായാണ് ഞാനിതിനെ കാണുന്നതെന്ന് പതാക അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ വിജയ് പറയുമ്പോള്‍ ആ വാക്കുകള്‍ ലക്ഷ്യമിടുന്നത് പുതിയ തലമുറയെയാണ്. തന്റെ ആരാധകര്‍ എന്നതിലുപരിയായി അവരില്‍ വലിയൊരു ഭൂരിപക്ഷത്തിന്റെയും ഉള്ളിലെ അരാഷ്ട്രീയ മനസിനെയാണ് അത് അഭിസംബോധന ചെയ്യുന്നത്. രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാണെന്ന നറേറ്റീവിനെ അവരുടെ മനസില്‍ പാകി വളര്‍ത്താന്‍ വളരെയെളുപ്പമാണ്. ഇതിനൊപ്പം സാധാരണക്കാരന്റെ രാഷ്ട്രീയമാണ് താന്‍ സംസാരിക്കുന്നതെന്ന് കൂടി പറഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.

വിജയ് രാഷ്ട്രീയയ പ്രവേശം നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ അണികളാകുക സ്വാഭാവികമായും ആരാധകര്‍ തന്നെയാകും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും ചിന്താധാരകളിലും വിശ്വസിക്കുന്നവര്‍ ആ ആരാധകവൃന്ദത്തിലുണ്ടാകും. താരപ്രഭയില്‍ ആകൃഷ്ടരായി വിജയ് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ പിന്തുണക്കാന്‍ ഇവരെത്തിയാല്‍ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നഷ്ടമുണ്ടാകും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്‍നിര പാര്‍ട്ടികള്‍ക്ക് ഇതൊരു പ്രതിസന്ധിയാകാനും സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ രാഷ്ട്രീയം വീണ്ടും സിനിമാ കേന്ദ്രിതമാകുന്നു എന്നത് മാത്രമാവില്ല വിജയ് രാഷ്ട്രീയത്തിലേക്ക് എത്തുമ്പോള്‍ അടയാളപ്പെടുത്തുന്നത്. ദശാബ്ദങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന, താരാരാധന രാഷ്ട്രീയത്തിലേക്കും പകര്‍ത്തുന്ന തമിഴ് സമൂഹമല്ല അവിടെയുള്ളതെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുകയും സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന പുതിയ തലമുറയുടെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന അരാഷ്ട്രീയ മനസിനെയടക്കം ചൂഷണം ചെയ്തുകൊണ്ട് അധികാരത്തിലേക്ക് നടന്നു കയറാമെന്ന രാഷ്ട്രീയ ബുദ്ധിയെക്കൂടിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in