രാജ്യസഭയിലേക്കില്ലെന്ന് ആന്റണി; പകരം മുല്ലപ്പള്ളിയോ?

രാജ്യസഭയിലേക്കില്ലെന്ന് ആന്റണി; പകരം മുല്ലപ്പള്ളിയോ?
Published on

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ ആന്റണി. മത്സരിക്കാനില്ലെന്ന തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. നേരത്തെ മത്സരിക്കാനില്ലെന്ന നിലപാട് കേരളത്തിലെ നേതാക്കളെ എ.കെ ആന്റണി അറിയിച്ചിരുന്നു. തന്നെ ഇതുവരെ പരിഗണിച്ചതില്‍ എ.കെ ആന്റണി നന്ദി പറഞ്ഞു.

എ.കെ ആന്റണിക്ക് പകരം ആരെ മത്സരിപ്പിക്കണമെന്ന ചര്‍ച്ച കെ.പി.സി.സി നേതൃത്വം ആരംഭിച്ചു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് താല്‍പര്യമുള്ള വ്യക്തിയെന്ന നിലയിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഉയരുന്നത്.

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും എ.കെ ആന്റണി നിലപാട് മാറ്റുമെന്നായിരുന്നു കരുതിയിരുന്നത്. കുറച്ച് ദിവസമായി തിരുവനന്തപുരത്തുണ്ടായിരുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചര്‍ച്ചകള്‍ക്കാണെന്ന പ്രചരണമുണ്ടായിരുന്നു.

1977ല്‍ കെ.കരുണാകരന്‍ രാജിവെച്ചതോടെയാണ് 37ാം വയസ്സില്‍ എ.കെ ആന്റണി കേരളാ മുഖ്യമന്ത്രിയാകുന്നത്. 1985ലാണ് ആദ്യമായി രാജ്യസഭയിലെത്തുന്നത്. 1991ല്‍ പി.വി നരസിംഹറാവു മന്ത്രിസഭയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി. രാജ്യസഭാംഗമായിരിക്കെ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2005ല്‍ വീണ്ടു രാജ്യസഭാംഗമായ എ.കെ ആന്റണി 2010ലും 2016ലും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് തവണയാണ് എ.കെ ആന്റണി രാജ്യസഭയിലെത്തിയത്. 2006ലും 2009ലും പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in