എന്‍ കെ പ്രേമചന്ദ്രന്‍  
എന്‍ കെ പ്രേമചന്ദ്രന്‍  

‘വിശ്വാസസംരക്ഷണത്തിനായി’ ബിജെപി-യുപിഎ മത്സരം; ശബരിമല ബില്ലിന് പൂര്‍ണ്ണതയില്ലെന്ന് മീനാക്ഷി ലേഖി, സമഗ്രമെന്ന് പ്രേമചന്ദ്രന്‍

Published on

ശബരിമല വിഷയത്തിലെ സ്വകാര്യബില്‍ അവതരിപ്പിക്കുന്നതിനിടെ വിശ്വാസസംരക്ഷണത്തില്‍ അവകാശവാദമുന്നയിച്ച് യുപിഎ-ബിജെപി എംപിമാര്‍ തമ്മില്‍ വാക്‌പോര്. ശബരിമല യുവതീപ്രവേശനത്തില്‍ മുമ്പുണ്ടായിരുന്ന വിലക്ക് തുടരണമെന്നും ആചാരം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ യുഡിഎഫ് എംപി എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിനേത്തുടര്‍ന്നാണ് സംഭവം.

എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യബില്‍ പൂര്‍ണ്ണതയുള്ളതല്ലെന്ന് ആരോപിച്ച് ന്യൂഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി മീനാക്ഷി ലേഖി രംഗത്തെത്തി. മാധ്യമവാര്‍ത്തയില്‍ ഇടം നേടാനാണ് ഇത്തരം ബില്ലുമായി വരുന്നത്. അയ്യപ്പ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ നിയമനിര്‍മ്മാണം വേണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

മീനാക്ഷി ലേഖിയുടെ വാദം മുഖംരക്ഷിക്കലാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ഭാഗത്ത് യോജിക്കുകയും യുഡിഎഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയുമാണ് അവര്‍. ബിജെപി സാങ്കേതികമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് ബില്ലിനെ രാഷ്ട്രീയമായി നേരിടാന്‍ ശ്രമിക്കുകയാണെന്നും ആര്‍എസ്പി നേതാവ് തിരിച്ചടിച്ചു.

വിശ്വാസസംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന ബിജെപി ക്രിയാത്മകമായി അധികാരം ഉപയോഗിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. ആത്മാര്‍ത്ഥതയില്ലായ്മ തെളിയിക്കുകയാണ് അവര്‍ ചെയ്തത്.  

എന്‍ കെ പ്രേമചന്ദ്രന്‍  

ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശബരിമല ശ്രീധര്‍മ്മ ശാസ്താ ടെമ്പിള്‍ സ്‌പെഷല്‍ പ്രൊവിഷന്‍ ബില്‍ 2019.  

ശബരിമല സ്വകാര്യബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വ്യക്തമാക്കിയിരുന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതിയെ മറികടന്ന് ഒരു നടപടി കേന്ദ്രസര്‍ക്കാരിന് സ്വീകരിക്കാനാകില്ല. ആചാരസംരക്ഷണം തന്നെയാണ് ലക്ഷ്യം. പക്ഷെ ഇപ്പോള്‍ നിലപാടെടുക്കാന്‍ ആകില്ലെന്നും രാം മാധവ് പറഞ്ഞിരുന്നു.

logo
The Cue
www.thecue.in