യാത്രക്കാരെ തല്ലിച്ചതച്ച കല്ലട ബസ് ജീവനക്കാര്‍  കസ്റ്റഡിയില്‍, ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്ന് കമ്മീഷണര്‍ 

യാത്രക്കാരെ തല്ലിച്ചതച്ച കല്ലട ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍, ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്ന് കമ്മീഷണര്‍ 

യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 
Published on

തിരുവനന്തപരും ബാംഗ്ലൂര്‍ കല്ലട ട്രാവല്‍സില്‍ യാത്രാമധ്യേ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ട് ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍. ജയേഷ്, ജിതിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്ന് ജീവനക്കാര്‍ക്കെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ മരട് പൊലീസാണ് കേസെടുത്തത്. ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഴുവന്‍ യാത്രികരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ആക്രമണം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ്‌ഘോഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ‘

തിരുവനന്തപുരത്ത് സുഹൃത്തിന്റ വീട്ടില്‍ നിന്ന് പഠനസ്ഥലമായ ഈറോഡിലേക്ക് മടങ്ങവെയാണ് അഷ്‌കര്‍,സച്ചിന്‍ എന്നിവര്‍ ആക്രമണത്തിന് ഇരയായത്. തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്കായിരുന്നു അജയഘോഷിന്റെ യാത്ര. ഇദ്ദേഹം തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും പരാതി നല്‍കുകയുമായിരുന്നു. ബസില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ശനിയാഴ്ച രാത്രി പത്തുമണിയോടെ തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ബസിലാണ് നാടകീയ സംഭവങ്ങള്‍. ഹരിപ്പാട് നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്ത ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരനാണ് ഇക്കാര്യം വിശദമായ കുറിപ്പും ദൃശ്യവും സഹിതം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ.

യാത്രക്കാരന്‍ കല്ലട ജീവനക്കാരുടെ ക്രൂരത വിവരിച്ചത്

ഹരിപ്പാട് വെച്ചാണ് താന്‍ സുരേഷ് കല്ലട ബസില്‍ കയറുന്നത് 10 മിനിട്ട് പിന്നിട്ടപ്പോഴേക്കും ബസ് ബ്രേക്ക്ഡൗണായി. ബസ് തകരാറിലായ കാര്യം യാത്രക്കാരില്‍ നിന്ന് മറച്ചുവെയ്ക്കാനാണ് ജീവനക്കാര്‍ ശ്രമിച്ചത്. ബസ് നിന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ ജീവനക്കാര്‍ യാത്രക്കാരോട് തട്ടിക്കയറി, തെരുവുവിളക്കുകള്‍ പോലുമില്ലാത്ത സ്ഥലത്താണ് സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന യാത്രക്കാര്‍ നില്‍ക്കേണ്ടി വന്നത്. ഇതിനിടെ പൊലീസ് എത്തി. പകരം സംവിധാനമേര്‍പ്പെടുത്തണമെന്ന് പൊലീസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. 30 മിനിട്ട് സ്ഥലത്ത് നിന്നശേഷം പൊലീസുകാര്‍ മടങ്ങുകയും ചെയ്തു. 3 മണിക്കൂര്‍ വൈകിയാണ് പകരം ബസ് എത്തി യാത്ര തുടര്‍ന്നത്. അഞ്ചുപേര്‍ ബസിലേക്ക് ഇരച്ചുകയറുകയും നേരത്തേ ചോദ്യം ചെയ്ത രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതുമാണ് ബഹളംകേട്ട് ഉണര്‍ന്നപ്പോള്‍ കാണുന്നത്. യുവാക്കളെ വലിച്ച് പുറത്തിട്ടശേഷവും ഇവരെ ബോളിവുഡ് സിനിമകളിലെപ്പോലെ ഓടിച്ചിട്ട് അടിക്കുന്നത് കാണാമായിരുന്നു. തുടര്‍ന്ന് ബസ് ബാംഗ്ലൂരിലേക്ക് യാത്ര തുടര്‍ന്നു. ബസ് മൂന്ന് മണിക്കൂര്‍ വൈകിയാണ് ബാംഗ്ലൂരിലെത്തിയത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെ 50 ഓളം പേര്‍ ബസിലുണ്ടായിരുന്നു
ജേക്കബ് ഫിലിപ്പ്, യാത്രക്കാരന്‍

സുരേഷ് കല്ലട ഓഫീസിന്റെ പ്രതികരണം ഇങ്ങനെ

ആലപ്പുഴയില്‍ മറ്റ് സംവിധാനങ്ങളില്ലാതിരുന്നതിനാല്‍ എറണാകുളത്ത് നിന്ന് പകരം ബസ് എത്തേണ്ടതിനാലാണ് യാത്ര വൈകിയത്. ബ്രേക്ക് ഡൗണായെന്നും പകരം വാഹനം എത്തിയശേഷമേ യാത്ര തുടരനാകൂവെന്നും ബസിലുള്ളവരെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് യുവാക്കള്‍ പ്രകോപിതരാവുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. കല്ലുകൊണ്ടടിച്ചതിനെ തുടര്‍ന്ന് ക്ലീനറുടെ തലയില്‍ 6 തുന്നലുകളുണ്ട്. എറണാകുളത്തുനിന്ന് പകരം ബസ് എത്തിയതോടെ ഹരിപ്പാട് നിന്ന് യാത്രക്കാരുമായി തിരിച്ചു. തിരികെ എറണാകുളത്ത് എത്തിയപ്പോള്‍ ഇതേ യുവാക്കള്‍ ഓഫീസില്‍ കയറിവന്ന് സംഘര്‍ഷമുണ്ടാക്കി. ഓഫീസ് ജീവനക്കാരന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയും മാലപൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ബസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെയാണ് ഇവരെ ബലംപ്രയോഗിച്ച് പിടിച്ചിറക്കിയത്. ഹരിപ്പാട് വെച്ച് ക്ലീനറെ ആക്രമിച്ചപ്പോഴൊന്നും ഞങ്ങളൊന്നും ചെയ്തിട്ടില്ല. ശേഷം പൊലീസിനെ വിളിച്ചുവരുത്തി ഇവരെ കൈമാറുകയായിരുന്നു. അവരെയുംകൊണ്ട് യാത്ര ചെയ്യാവുന്ന സാഹചര്യമായിരുന്നില്ല.മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇവരെ കൊണ്ടുപോകുക സാധ്യമല്ലായിരുന്നു.

അന്തര്‍സംസ്ഥാന യാത്രയ്ക്കായി കല്ലട ബസിനെ ആശ്രയിച്ചപ്പോള്‍ മുമ്പും സമാന അനുഭവം നേരിട്ടതായി ചിലര്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. യാത്രയിലെ അനുഭവം വിവരിച്ച ജേക്കബ് ഫിലിപ്പിന്റെ കമന്റില്‍ നിരവധി പേര്‍ പിന്തുണയുമായി എത്തിയിരുന്നു. ബോയ്‌കോട്ട് കല്ലട എന്ന ഹാഷ് ടാഗില്‍ പ്രചരണവും നടക്കുന്നുണ്ട്.

logo
The Cue
www.thecue.in