പരിഭാഷയ്ക്ക് ആരെങ്കിലും വേദിയിലെത്താമോയെന്ന് രാഹുല്‍, റെഡിയെന്ന് സഫ, പ്രസംഗം മലയാളീകരിച്ച് കയ്യടി നേടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് തനി മലപ്പുറം ഭാഷയില്‍ പരിഭാഷയൊരുക്കി കയ്യടി നേടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫാത്തിമ സഫ. മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസ് സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഹുല്‍. തന്റെ പ്രസംഗം മലയാളത്തിലാക്കാന്‍ ആരെങ്കിലും വേദിയിലേക്ക് വരാമോയെന്ന് രാഹുല്‍ സദസ്സിനോട് അഭ്യര്‍ത്ഥിച്ചു. അധ്യാപകരടക്കം ആരെങ്കിലും വരാമോയെന്ന് സംഘാടകരിലൊരാള്‍ മൈക്കിലൂടെ വിളിച്ചുചോദിച്ചു. എന്നാല്‍ സദസ്സില്‍ നിന്ന് ഫാത്തിമ സഫ സന്നദ്ധതയറിച്ച് വേദിയിലേക്കെത്തുകയായിരുന്നു.
വന്‍ കയ്യടിയോടെയാണ് സദസ്യര്‍ ഫാത്തിമയെ വരവേറ്റത്. രാഹുല്‍ പേരുചോദിച്ച് സഫയെ പരിചയപ്പെടുകയും മലയാളീകരിക്കാനായി കടന്നുവന്നതിന് നന്ദിയറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രാഹുല്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂര്‍ണ്ണമായും മലയാളത്തിലാക്കി. കയ്യടികളോടെയാണ് സഫയുടെ പരിഭാഷ ഒത്തുകൂടിയവര്‍ ഏറ്റെടുത്തത്. ഇടര്‍ച്ചകളേതുമില്ലാതെ പരിചയസമ്പന്നയായ പരിഭാഷകയെപ്പോലെയായിരുന്നു സഫയുടെ മുഴുനീള പരിഭാഷ. പ്രസംഗത്തിന് ശേഷം രാഹുല്‍ അടക്കമുള്ള നേതാക്കള്‍ സഫയെ അഭിനന്ദിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം