‘പിറവം വിധി ഒറ്റയടിക്ക് നടപ്പാക്കാനാകില്ല’; വിശ്വാസികളുടെ വികാരം സംരക്ഷിച്ച് പ്രാവര്‍ത്തികമാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പിറവം പള്ളിത്തര്‍ക്ക കേസില്‍ വിശ്വാസികളുടെ വികാരവും മതപരമായ അവകാശങ്ങളും സംരക്ഷിച്ച് മാത്രമേ സുപ്രീം കോടതി വിധി നടപ്പാക്കൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സത്യവാങ്മൂലത്തിലൂടെയാണ് കോടതിയില്‍ നിലപാട് അറിയിച്ചത്. ഘട്ടംഘട്ടമായി മാത്രമേ വിധി നടപ്പാക്കാനാകൂ. പള്ളിയുമായി ബന്ധപ്പെട്ട സംഭവങ്ങളും സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും ഒറ്റയടിക്ക് സുപ്രീം കോടതി വിധി നടപ്പാക്കാനാകില്ലെന്നും 15 പേജുള്ള സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പിറവം സെന്റ് മേരീസ് പള്ളിയുടെ ഭരണച്ചുമതല തങ്ങള്‍ക്കാണെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിബന്ധനകളും സത്യവാങ്മൂലമായി കോടതിയിലെത്തി. വികാരിമാര്‍ക്കും വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശിക്കണമെങ്കില്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്നാണ് പൊലീസ് നിര്‍ദേശം. ഒരു സമയം വികാരി അടക്കം 10 പേരെയാണ് പള്ളിയില്‍ പ്രവേശിപ്പിക്കുക. ഇതിനായി ഇടവകാംഗമാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ സഹിതം പൊലീസിന് സത്യവാങ്മൂലം നല്‍കി അനുമതി തേടണം. പൊലീസ് പ്രത്യേക പ്രവേശന പാസ് നല്‍കും. വികാരിമാര്‍ക്ക് ഒരു മണിക്കൂര്‍ മുമ്പ് പ്രവേശിക്കാം. ഇടവകാംഗങ്ങളെ അരമണിക്കൂര്‍ മുന്‍പ് പ്രവേശിപ്പിക്കും. ഒരു ചടങ്ങിന് 250 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. കുര്‍ബാന കഴിഞ്ഞാല്‍ 15 മിനിട്ടിനകം മടങ്ങണമെന്നും നിബന്ധനകളിലുണ്ട്.
മലങ്കര സഭയിലെ ഏറെ പഴക്കമുള്ളതാണ് പിറവം സെന്റ് മേരീസ് പള്ളി. സഭാ സ്വത്തുക്കള്‍ സംബന്ധിച്ച് യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കമാണ് നിയമനടപടികളിലേക്ക് നീങ്ങിയത്. 2018 ഏപ്രില്‍ 18 ന് പിറവം പള്ളിയുടെ അവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആണെന്ന് വ്യക്തമാക്കി സുപ്രീം കോടതി വിധി പ്രസ്താവിച്ചു. എന്നാല്‍ സര്‍ക്കാര്‍ വിധി നടപ്പാക്കിയിരുന്നില്ല. കോടതിവിധിയുടെ വെളിച്ചത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തി. എന്നാല്‍ യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് വിധി നടപ്പാക്കല്‍ വൈകിയത്. പിറവം പള്ളിക്കേസില്‍ സുപ്രീം കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് വൈകുന്നുവെന്ന് ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.