മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം : ഒസാക്ക സര്‍വകലാശാല കേരളവുമായി സഹകരിക്കാന്‍ ധാരണ
ജപ്പാനിലെ പ്രശസ്തമായ ഒസാക്ക സര്‍വകലാശാല സംസ്ഥാനവുമായി സഹകരിക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സംസ്ഥാനത്തെ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളിള്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്‌സുകള്‍ ഉടന്‍ സാക്ഷാത്കരിക്കുമെന്ന് ഒസാക്ക സര്‍വകലാശാല വ്യക്തമാക്കി. ഇവിടുത്തെ ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ജെന്റ കവഹാരയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
നാച്വറല്‍ പോളിമറുകള്‍, ബയോ പ്ലാസ്റ്റിക്, ബയോ കമ്പോസിറ്റുകള്‍, നാനോ ഘടനാപരമായ വസ്തുക്കള്‍, പോളിമര്‍ നാനോ കമ്പോസിറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഗവേഷണ സഹകരണമാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ കപ്പല്‍ സാങ്കേതികവിദ്യ, സമുദ്രവിജ്ഞാനം, മറൈന്‍ സയന്‍സസ് എന്നിവയില്‍ സഹകരിച്ചുള്ള പദ്ധതികള്‍ ആരംഭിക്കുന്നതിലെ താല്‍പ്പര്യവും അദ്ദേഹം അറിയിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ എതെങ്കിലും വിഷയത്തില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിനൊപ്പം സാമൂഹ്യശാസ്ത്രത്തിലും വികസന സാമ്പത്തിക ശാസ്ത്ര പഠനത്തിലും കുടിയേറ്റ പഠനത്തിലും മുഖ്യമന്ത്രി പിന്‍തുണ തേടി.
കേരളത്തിലെ സര്‍വകലാശാലകളുമായി സഹകരിക്കുന്നത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഡോ. കവഹാര പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടമാണ് ക്രെഡിറ്റ് കൈമാറ്റത്തിനുള്ള സാന്‍ഡ്‌വിച്ച് കോഴ്‌സുകള്‍ എന്നും അദ്ദേഹം പറഞ്ഞു. സര്‍വകാലാശയുടെ സ്യൂട്ട ക്യാമ്പസിലെ കോ-ക്രിയേറ്റീവ് ഇന്നൊവേഷന്‍ കെട്ടിടത്തിന്റെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയില്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ.വി.കെ രാമചന്ദ്രന്‍,ഒസാക്ക കോബിയുടെ ഇന്ത്യയിലെ കോണ്‍സല്‍ ജനറല്‍ ബി ശ്യാം എന്നിവരും സന്നിഹിതരായിരുന്നു. ഒസാക്കയില്‍ 144,000 വിദ്യാര്‍ത്ഥികള്‍ക്ക് 11 ബിരുദ പ്രോഗ്രാമുകള്‍ക്കും 16 ഗ്രാജുവേറ്റ് സ്‌കൂളുകള്‍ക്കുമായുള്ള സൗകര്യമുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം