പരാതികള്‍ക്ക് ചെവികൊടുക്കണം, തുറന്ന് സംസാരിക്കണം ; സിപിഎമ്മിന്റെ തിരുത്തല്‍ നിര്‍ദേശം
ജനത്തിന്റെ പരാതികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളിലെ പാര്‍ട്ടി ജനപ്രതിനിധികള്‍ ചെവികൊടുക്കണമെന്ന് സിപിഎമ്മില്‍ തിരുത്തല്‍ നിര്‍ദേശം. ജനം ഉന്നയിക്കുന്നവ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ അവഗണിക്കുന്നുവെന്ന് ഗൃഹസന്ദര്‍ശന വേളയില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. അധികാരം ലഭിക്കുന്നതോടെ ജനങ്ങളില്‍ നിന്ന് അകലരുതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുന്ന കരട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടത് ഇവരാണ്. അത്തരത്തില്‍ വീഴ്ചയുണ്ടാകാന്‍ പാടില്ല. സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അതൃപ്തിയില്ല. എന്നാല്‍ പല കാര്യങ്ങളും അറിയുന്നില്ലെന്ന പരാതിയുണ്ട്. ഇത് ഗൗരവമായി കാണണം. സര്‍ക്കാര്‍ നടപടികള്‍ ആളുകളിലേക്കെത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടങ്ങളിലെ ജനപ്രതിനിധികള്‍ക്കുണ്ടെന്ന് കരട് റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമായ വോട്ടുകള്‍ വരാനിരിക്കുന്ന ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും തിരികെ പിടിക്കണം. അകന്നുനില്‍ക്കുന്ന ജനവിഭാഗങ്ങളെ കൂടെക്കൂട്ടണമെന്നും കരടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയ ബോധമുള്ളവരുടെ പോലും വോട്ട് നഷ്ടമായിട്ടുണ്ട്. ശബരിമല വിഷയത്തിലുള്‍പ്പെടെ ആളുകളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇടപെടേണ്ടതുണ്ട്.
തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണ മാറ്റണം. വിഷയത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പലപ്പോഴും തുറന്ന സംസാരത്തിനുള്ള സാഹചര്യം പോലും പ്രാദേശിക ഘടകങ്ങളില്‍ കുറയുന്നുണ്ട്. ഇതടക്കം സജീവ തിരുത്തല്‍ പ്രക്രിയ വേണമെന്നാണ് കരട് റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നത്. ചര്‍ച്ചയുടെ അവസാന ദിവസമായ ചൊവ്വാഴ്ച റിപ്പോര്‍ട്ടിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കും. തുടര്‍ന്ന് ബുധനാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും. മൂന്ന് ദിവസമാണ് സംസ്ഥാന സമിതി യോഗം.