പാലാരിവട്ടം: വിജിലന്‍സിനോട് വിശദീകരണം തേടി മുഖ്യമന്ത്രി; ഇബ്രാഹിംകുഞ്ഞിന് ക്ലീന്‍ചിറ്റ് നല്‍കിയില്ലെന്ന് അന്വേഷണസംഘം
പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി ഒ സൂരജിന്റെ ജാമ്യപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് നല്‍കിയ സത്യവാങ്മൂലം വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടി. വിജിലന്‍സ് ഡയറക്ടറെ നേരിട്ട് ഫോണില്‍ വിളിച്ചാണ് ഇബ്രാഹിംകുഞ്ഞിനെതിരെ ടി ഒ സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ഹൈക്കോടതിയെ അറിയിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് അന്വേഷിച്ചത്.
ടി ഒ സൂരജിന് ജാമ്യം കിട്ടാതിരിക്കാനുള്ള സത്യവാങ്മൂലം നല്‍കിയെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. സൂരജിന്റെ വാദങ്ങളെ പ്രതിരോധിക്കുകയാണ് കോടതിയില്‍ ചെയ്തത്. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കേസിനെയോ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെയും ബാധിക്കില്ല. ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ശേഖരിച്ച തെളിവുകളുമായിട്ടാണ് ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നും വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സത്യവാങ്മൂലത്തില്‍ കുറച്ച് കൂടി ജാഗ്രത പാലിക്കാമായിരുന്നുവെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു.
രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ അറസ്റ്റുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് നില്‍ക്കില്ലെന്ന നിലപാടിലാണെന്നും അത് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിശദീകരിക്കുന്നു.
നിര്‍മ്മാണക്കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനപ്രകാരമായിരുന്നുവെന്നാണ് ടി ഒ സൂരജിന്റെ ആരോപണം. പരസ്യമായി ഇക്കാര്യം പറഞ്ഞത് വ്യക്തമായ അജണ്ടയോട് കൂടിയാണെന്നാണ് വിജിലന്‍സ് കരുതുന്നത്. ടി ഒ സൂരജിനെ ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില്‍ ഹൈക്കോടതിയില്‍ നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം