‘പൊതുവേ പറയരുത്, ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല’; ഹൈക്കോടതി വിമര്‍ശനത്തിനെതിരെ മന്ത്രി ജി സുധാകരന്‍
റോഡിലെ കുഴി മൂലം യുവാവ് മരണപ്പെട്ട സംഭവത്തിലെ ഹൈക്കോടതി വിമര്‍ശനത്തിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മൂക്കത്ത് വിരല്‍ വെച്ചിട്ട് കാര്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു. കുറ്റം ചെയ്തവരെയാണ് കോടതി വിമര്‍ശിക്കേണ്ടത്. ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. കേസുകള്‍ കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ? മരണമുണ്ടായതില്‍ പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്തമുണ്ട് എന്നത് സമ്മതിക്കുന്നു. കൊച്ചിയിലെ മാത്രം കുഴിയടയ്ക്കാന്‍ ഒക്ടോബറില്‍ കൊടുത്തത് ഏഴ് കോടി രൂപയാണ്. പൊതുമരാമത്തും ധനമന്ത്രിയും ഫണ്ട് നല്‍കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ കര്‍ത്തവ്യം നിര്‍വ്വഹിക്കാത്തതാണ് പ്രശ്‌നമെന്നും മന്ത്രി പ്രതികരിച്ചു.
പൊതുമരാമത്ത് മന്ത്രിയും ധനകാര്യമന്ത്രിയും മാത്രം നിര്‍വ്വഹിച്ചാല്‍ മതിയോ? ഞങ്ങള്‍ക്ക് പൈസ കൊടുത്താല്‍ പോരെ, നിര്‍വ്വഹിക്കേണ്ടെ. കുഴിടയടക്കേണ്ടെ? അവിടെ അപായ സൂചന വെക്കേണ്ടെ. ഇതിനല്ലേ ശമ്പളം കൊടുക്കേണ്ടത്. അങ്ങനെയാണ് ചിന്തിക്കേണ്ടത്. കുറ്റം ചെയ്തവരെയാണ് വിമര്‍ശിക്കേണ്ടത്. പൊതുവെ പറയരുത്.
ജി സുധാകരന്‍
യുവാവിന്റെ മരണത്തേത്തുടര്‍ന്ന് ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് സര്‍ക്കാരിന് നേരെ ഉന്നയിച്ചത്. കുഴി അടക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ സര്‍ക്കാര്‍ കുഴി അടയ്ക്കാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി ശകാരിച്ചിരുന്നു. ചെറുപ്രായത്തിലാണ് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്. മരിച്ച യുവാവിന്റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തലകുനിഞ്ഞുപോകുന്നു. എത്ര ജീവന്‍ ബലികൊടുത്താലാണ് ഈ നാട് നന്നാകുക? കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് മനസിലാകില്ല. മരിച്ച യദുലാലിന്റെ കുടുംബത്തിന്റെ അവസ്ഥ ആരും മനസിലാക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
ജി സുധാകരന്‍ പറഞ്ഞത്
ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിയെ ആലപ്പുഴ ടൗണിലേക്ക് ക്ഷണിക്കാന്‍ പോവുകയാണ് ഞാന്‍. ഇവിടെ കുണ്ടും കുഴിയും ഉണ്ടോ? ഇതുപോലെ എത്രയോ ജില്ലകളില്‍ കുണ്ടും കുഴിയും ഇല്ല. ചില സ്ഥലത്ത് ഉണ്ട്. അതില്‍ നടപടി എടുത്തോണ്ടിരിക്കുകയല്ലേ. നമ്മള്‍ മൂക്കില്‍ വിരല്‍ വെച്ചിട്ട് കാര്യമില്ല. നമ്മള്‍ കേരളത്തിലാണ് ജീവിക്കുന്നത്. എന്തോ പുതിയ കാര്യം പോലെ. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നില്ലേ. എത്ര ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. അത് ജഡ്ജിമാരുടെ കുറ്റമാണോ? ജഡ്ജിമാര്‍ കുറവ്, സ്റ്റാഫ് കുറവ്, സൗകര്യം കുറവ്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 700 കോടി രൂപയുടെ കെട്ടിടങ്ങളാണ് കോടതികള്‍ക്ക് നിര്‍മ്മിച്ചുകൊടുത്തത്. ചരിത്രമാണിത്. എറണാകുളം ഹൈക്കോര്‍ട്ട് മൈതാനിയില്‍ ഏഴ് നിലയുള്ള മന്ദിരം. അതിമനോഹരമായ ഓഡിറ്റോറിയം. ഏഴ് നിലയുള്ള കോടതി മന്ദിരം കോഴിക്കോടും തൃശൂരും. കോടതിയെ ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. എന്തുപറഞ്ഞാലും ചെയ്തുകൊടുത്തിട്ടുണ്ട്. ഇത്തരം ദാരുണമായ സംഭവങ്ങളില്‍ കോടതി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ, നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം, നമ്മുടെ നാട്ടിലെ എല്ലാവരും ഉത്തരവാദിത്തം നിര്‍വ്വഹിക്കണം. പൊതുമരാമത്ത് മന്ത്രിയും ധനകാര്യമന്ത്രിയും മാത്രം നിര്‍വ്വഹിച്ചാല്‍ മതിയോ? ഞങ്ങള്‍ക്ക് പൈസ കൊടുത്താല്‍ പോരെ, നിര്‍വ്വഹിക്കേണ്ടെ. കുഴിടയടക്കേണ്ടെ? അവിടെ അപായ സൂചന വെക്കേണ്ടെ. ഇതിനല്ലേ ശമ്പളം കൊടുക്കേണ്ടത്. അങ്ങനെയാണ് ചിന്തിക്കേണ്ടത്. കുറ്റം ചെയ്തവരെയാണ് വിമര്‍ശിക്കേണ്ടത്. പൊതുവെ പറയരുത്. ആരേയും വിശ്വാസമില്ലെങ്കില്‍ നമ്മള്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. വിശ്വസിക്കണം. തെറ്റുകളുണ്ടെങ്കിലും ഈ നാട്ടില്‍ വലിയ വലിയ കാര്യങ്ങള്‍ നടക്കുകയാണ്. അഭിപ്രായം പറയാന്‍ ഭരണഘടനാപരമായി അവകാശമുണ്ട്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്താല്‍ അത് ശരിയല്ലെന്ന് പറയേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ഞങ്ങളായിട്ട് ഒരു തെറ്റും ചെയ്യുന്നില്ല.
കൂനമ്മാവ് സ്വദേശി യദുലാല്‍ (23) ആണ് വ്യാഴാഴ്ച്ച പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. പൈപ്പ് പൊട്ടിയുണ്ടായ കുഴിയുടെ സമീപത്ത് അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി ബൈക്ക് യാത്രികന്‍ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നിലൂടെ വന്ന ടാങ്കര്‍ ലോറി യദുവിന്റെ ദേഹത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായ പരുക്കേറ്റ യദുവിനെ പിന്നാലെ വന്ന കാറില്‍ പാലാരിവട്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഴ്ച്ചകള്‍ക്ക് മുമ്പ് കടവന്ത്ര-വൈറ്റില റോഡിലെ കുഴി ഇരുചക്രവാഹന യാത്രക്കാരന്റെ ജീവനെടുത്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ്, കാക്കനാട് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ യുവാവിന് ജീവന്‍ നഷ്ടമായ സംഭവമുണ്ടായി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം