ഒരു മാസം തികച്ച് ഇല്ല ; പാലാ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23 ന്
കെഎം മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പാല നിയമസഭാ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23 ന്. 27 നാണ് വെട്ടെണ്ണല്‍. ഈ മാസം 28 മുതല്‍ അടുത്ത മാസം 4 വരെ പത്രിക സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 5 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 7 ആണ്. കോട്ടയത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 5 പതിറ്റാണ്ടോളമായി കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് പാല.
മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാതായിട്ട് ആറുമാസം തികയുന്ന പശ്ചാത്തലത്തിലാണ് സെപ്റ്റംബറില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. സെപ്റ്റംബര്‍ 23 ന് ഛത്തീസ്ഗഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ബാക്കി 5 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നവംബറിലാകാനാണ് സാധ്യത.
മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് ഇനി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ളത്. മഞ്ചേശ്വരത്ത് എംഎല്‍എയായിരുന്ന മുസ്ലിം ലീഗ് നേതാവ് പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. ഇലക്ഷന്‍ കേസുള്ളതിനാലാണ് ഇവിടെ ഇലക്ഷന്‍ നീളുന്നത്. എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതിനാലാണ് മറ്റ് നാലിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.