ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്താന്‍ തിരിച്ചു വിളിച്ചേക്കും; പ്രതികരണങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് കേന്ദ്രം
ഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതിയെ പിന്‍വലിക്കുന്ന കാര്യം പാകിസ്താന്‍ ഗൗരവമായി ആലോചിക്കുന്നതായി പാക് മാധ്യമങ്ങള്‍. കശ്മീരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണിതെന്നാണ് റിപ്പോര്‍ട്ട്. പുതുതായി നിയോഗിക്കപ്പെട്ട ഹൈക്കമ്മീഷണറോട് ചുമതലയേല്‍ക്കേണ്ടെന്ന് നിര്‍ദേശിക്കുമെന്നാണ് വിവരം. പുല്‍വാമ ഭീകരാക്രണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ നയതന്ത്ര ഉദ്യോഗസ്ഥനെ പാകിസ്താന്‍ താല്‍ക്കാലികമായി തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ ഇതിനായി നടപടി സ്വീകരിക്കുന്നുവെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. കശ്മീരിന് പ്രത്യേക പദവിയും പരിരക്ഷയും നല്‍കിയിരുന്ന 370,35 എ വകുപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെ, പുതിയ ഹൈക്കമ്മീഷണറോട് ഇന്ത്യയില്‍ ചുമതലയേല്‍ക്കരുതെന്ന് നിര്‍ദേശിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍. കശ്മീരിനെ രണ്ടായി വിഭജിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ജമ്മുകശ്മീരെന്നും ലഡാക്കെന്നും രണ്ടായി വിഭജിക്കാനാണ് പദ്ധതി. ജമ്മു കശ്മീരിനെ ഡല്‍ഹി മാതൃകയില്‍ കേന്ദ്രഭരണ പ്രദേശവും ലഡാക്കിനെ പൂര്‍ണ കേന്ദ്രഭരണ മേഖലയാക്കാനുമാണ് നടപടികള്‍ സ്വീകരിക്കുന്നത്.
അതേസമയം ജമ്മുവിനുള്ള പ്രത്യേക പദവി ഇന്ത്യാ സര്‍ക്കാര്‍ റദ്ദാക്കുമെന്ന് ഒരാഴ്ച മുന്‍പേ അറിഞ്ഞിരുന്നുവെന്ന് അവകാശപ്പെട്ട് പാക് വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇത് മനസ്സിലാക്കി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് കത്തയച്ചിരുന്നുവെന്നുമാണ് വാദം. പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി യുഎന്നിന് ഒരാഴ്ച മുന്‍പ് അയച്ചെന്ന് അവകാശപ്പെട്ട് ഒരു കത്തും പുറത്തുവിട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്നും നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാക് പ്രതികരണങ്ങളും നീക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധാപൂര്‍വം വിലയിരുത്തുകയാണ്.