പികെ ശശി ബ്രാഞ്ചില്‍ മതിയെന്ന കര്‍ക്കശ നിലപാടില്‍ കേന്ദ്രകമ്മിറ്റി, സംസ്ഥാന നേതൃത്വം നടപ്പാക്കുമോ
ഷൊര്‍ണ്ണൂര്‍ എം എല്‍ എയും പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവുമായ പി കെ ശശിയുടെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തുക എളുപ്പമാകില്ല. ഡിവൈഎഫ്‌ഐ നേതാവിന്റെ സ്ത്രീപീഡന പരാതിയിലാണ് പി കെ ശശിയുടെ പാര്‍ട്ടി അംഗത്വം സസ്‌പെന്‍ഡ് ചെയ്തത്. കാലാവധി പൂര്‍ത്തിയായതിനാല്‍ ഇനി ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്നത് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കുക. അടുത്ത ദിവസം ചേരുന്ന സംസ്ഥാന സമിതി ശശിയെ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്‌തേക്കും. നവംമ്പര്‍ 26നായിരുന്നു ശശിക്കെതിരെ നടപടി സ്വീകരിച്ചത്. കാലാവധി കഴിഞ്ഞാല്‍ പ്രാഥമിക അംഗത്വം ലഭിക്കും. സസ്‌പെന്‍ഷനിലാകുമ്പോള്‍ ഏത് ഘടകത്തിലാണോ അതിന് തൊട്ട് താഴെയുള്ള കമ്മിറ്റിയിലേക്കെടുക്കാം. എന്നാല്‍ പി കെ ശശിയെ പ്രാഥമിക ഘടകത്തില്‍ നിലനിര്‍ത്തിയാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വമെന്നാണ് സൂചന.
സസ്‌പെന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്ത കേന്ദ്ര കമ്മിറ്റിയില്‍ തിരിച്ചെടുക്കുന്ന കാര്യവും ചര്‍ച്ചയ്ക്ക് വന്നിരുന്നു. പീഡന പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്ത വ്യക്തിയെ തിരിച്ചടിക്കുന്നതിലും ജാഗ്രത കാണിച്ചില്ലെങ്കില്‍ വിമര്‍ശനത്തിനിടയാക്കുമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് അതേ ഘടകത്തിലേക്ക് തിരിച്ചെത്തിയാല്‍ അതിന് അച്ചടക്ക നടപടിക്ക് വിലയില്ലെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കരുതെന്നും പ്രാഥമിക ഘടകത്തില്‍ നിലനിര്‍ത്തിയാല്‍ മതിയെന്നുമാണ് കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് സംസ്ഥാന സമിതി അത്തരമൊരു തീരുമാനത്തിലേക്ക് പോകുമോയെന്നതാണ് പ്രധാനം.
പികെ ശശിക്കെതിരായ പരാതി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരാതിയെ ആദ്യം നേതൃത്വം ലഘൂകരിച്ചെങ്കിലും ഡിവൈഎഫ്‌ഐ നേതാവ് ഉറച്ചു നിന്നതോടെയാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരാതി ഗൗരവത്തോടെ കാണാന്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് കാണിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എ കെ ബാലനും പി കെ ശ്രീമതിയും അടങ്ങിയ സമിതിയാണ് പരാതി അന്വേഷിച്ചത്.
ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി എം ബി രാജേഷിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയും പി കെ ശശിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ശശി ആരോപണം നിഷേധിച്ചെങ്കിലും പല ഘടകങ്ങളില്‍ നിന്നും സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്ക് കീഴില്‍ വോട്ട് ചോര്‍ച്ചയുണ്ടായതാണ് ശശിക്കെതിരെ ആരോപണമുയരാന്‍ ഇടയാക്കിയത്.