എം എം മണിയെ ശാന്തിവനത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന്  ഉടമ മീന മേനോന്‍, നിയമ പോരാട്ടം തുടരും. 

എം എം മണിയെ ശാന്തിവനത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഉടമ മീന മേനോന്‍, നിയമ പോരാട്ടം തുടരും. 

ശാന്തിവനം പ്രശ്‌നം രമ്യമായി പരിഹരിക്കുകയാണെങ്കില്‍ സന്തോഷം 
Published on

ശാന്തിവനത്തിലൂടെ വൈദ്യുതി ടവര്‍ ലൈന്‍ വലിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സമരസമിതി. ഹൈക്കോടതിയിലെ ഹര്‍ജി പിന്‍വലിച്ചുവെന്നത് തെറ്റായ പ്രചരണമാണ്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം റിട്ട് പെറ്റീഷനാണ് പിന്‍വലിച്ചതെന്ന് ശാന്തിവനം ഉടമ മീന മേനോന്‍ ദ ക്യൂവിനോട് പറഞ്ഞു.

അപ്പീലാണ് നല്‍കേണ്ടതെന്ന് കോടതി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ റിട്ട് പിന്‍വലിച്ചത്. അടുത്ത ദിവസം അപ്പീല്‍ നല്‍കും.

മീന മേനോന്‍ 

മന്ത്രി എം എം മണിയും കെ എസ് ഇ ബി ചെയര്‍മാന്‍ എന്‍ എസ് പിള്ളയും ശാന്തിവനം സന്ദര്‍ശിക്കുമെന്ന വാര്‍ത്ത സ്വാഗതം ചെയ്യുന്നുവെന്ന് മീന മേനോന്‍ പ്രതികരിച്ചു.

മന്ത്രിക്ക് ഇനിയും ഇടപെടാന്‍ കഴിയുമെന്നാണ് സമരസമിതിയുടെ നിലപാട്. മന്ത്രി വന്നാല്‍ ആരും തടയില്ല. വൈകിയാണ് അറിഞ്ഞതെന്നാണ് മന്ത്രി പ്രതികരിച്ചത്. വൈകിയാണെങ്കിലും വരാമല്ലോ. ഔദ്യോഗിക രീതിയില്‍ തന്നെ മന്ത്രിക്ക് പരാതി നല്‍കിയിരുന്നതാണ്. അനീതി അനീതി തന്നെയാണ്. വൈകിയാണെങ്കിലും തിരുത്താവുന്നതാണ്. പ്രതിഷേധമില്ല. സന്തോഷം മാത്രം. 

ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കുന്നതിനെതിരെ ഇടതു സഹയാത്രികരില്‍ നിന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നപ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് മന്ത്രി എം എം സ്വീകരിച്ചത്. ഇരുപത് വര്‍ഷമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതി അവസാന ഘട്ടത്തില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. നാപതിനായിരം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയില്‍ വ്യക്തികളുടം നാശം പരിഗണിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇപ്പോള്‍ ശാന്തിവനത്തിലൂടെയുള്ള നിര്‍മ്മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്താന്‍ മന്ത്രി തയ്യാറായിരിക്കുന്നത്.

ശാന്തിവനം സമരം പുറത്തേക്ക് വ്യാപിപ്പിക്കുവാനാണ് സമരസമിതിയുടെ തീരുമാനം. നിയമ നിര്‍മ്മാണത്തിനാവശ്യമായ ബോധവത്കരണ പരിപാടികള്‍ കൂടി സംഘടിപ്പിക്കും. പ്രകൃതിയെ നശിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയാന്‍ ഫലപ്രദമായ നിയമങ്ങളില്ലെന്ന് ബോധ്യമായത് ശാന്തിവനം കേസിലാണെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ശാന്തിവനത്തിലൂടെ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ വലിയ സമരം നടന്നിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഇവര്‍ വിമര്‍ശിക്കുന്നു. ഹൈക്കോടതിക്ക് മുന്നില്‍ അടുത്ത ദിവസം സമരം നടത്തും. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് യോഗങ്ങള്‍ നടത്തും.

പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ സഹായിക്കുന്നതിനായി ശാന്തിവനം സമര സമിതിയുടെ നേതൃത്വത്തില്‍ ഹെല്‍പ് ലൈനുണ്ടാക്കും. വിദഗ്ധരുടെ പാനല്‍ ഇതിനായി തയ്യാറാക്കുന്നുണ്ടെന്നും സമരസമിതി അറിയിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ കോടതിയെ ബോധ്യപ്പെടുത്തി നീതി നേടിയെടുക്കുകയാണ് ഏക പോംവഴി. അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനാണ് സമരസമിതിയുടെ ഭാവി പദ്ധതി.

അതേസമയം കനത്ത പോലീസ് കാവലില്‍ വൈദ്യുതി ലൈന്‍ വലിക്കുന്ന ജോലികള്‍ കെ എസ് ഇ ബി പൂര്‍ത്തിയാക്കി. ഒറ്റ ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 22.5 മീറ്റര്‍ ഉയരത്തില്‍ ഏഴ് ലൈനാണ് വലിച്ചത്.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ താലൂക്കിലാണ് രണ്ട് ഏക്കറോളം വിസ്തൃതിയുള്ള ശാന്തിവനം. മുപ്പത് വര്‍ഷമായി സംരക്ഷിച്ച് പോരുന്ന ശാന്തിവനത്തിലൂടെ കെ എസ് ഇ ബി 110 കെവി ലൈന്‍ വലിക്കുന്നതിനെതിരെയാണ് ഉടമ മീന മേനോന്റെ നേതൃത്വത്തില്‍ സമരവും നിയമ പോരാട്ടവും നടത്തുന്നത്.

logo
The Cue
www.thecue.in