‘ഇവിടെ നിൽക്കണമെങ്കിൽ ഞങ്ങൾ പറയുന്ന കൂലി’,അതിഥി തൊഴിലാളികളോട് കേരളം പെരുമാറുന്നത് ഇങ്ങനെ

‘ഇവിടെ നിൽക്കണമെങ്കിൽ ഞങ്ങൾ പറയുന്ന കൂലി’,അതിഥി തൊഴിലാളികളോട് കേരളം പെരുമാറുന്നത് ഇങ്ങനെ

Published on

അതിഥി തൊഴിലാളികളോട് കൂലിയില്‍ വിവേചനം കാട്ടി കടുത്ത തൊഴില്‍ ചൂഷണം നടത്തി ഏജന്റുമാര്‍. പെരുമ്പാവൂര്‍ മൂവാറ്റുപുഴ ഭാഗങ്ങളിലാണ് അനധികൃത ഏജന്റുമാര്‍ വന്‍തോതില്‍ തട്ടിപ്പ് നടത്തിവരുന്നത്. സ്വയം കൂലി നിശ്ചയിച്ച് ഇവര്‍ അങ്ങാടികളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കോണ്‍ട്രാക്ടര്‍മാരുടെ അസോസിയേഷന്‍ എന്ന പേരിലാണ് ബോര്‍ഡുകള്‍.

ബോര്‍ഡില്‍ പറയുന്നതിങ്ങനെ

അന്യസംസ്ഥാന തൊഴിലാളികളുടെ ചൂഷണത്തിനെതിരെ ഈ നാട്ടിലെ ജനങ്ങളും കോണ്‍ട്രാക്ടര്‍ അസോസിയേഷനും ഒരുമിച്ചെടുത്ത തീരുമാനപ്രകാരം താഴെ പറയുന്ന നിരക്കില്‍ ആളുകളെ വിളിക്കണമെന്ന് അപേക്ഷിക്കുന്നു.

മേസണ്‍ - 750-800 രൂപ

സഹായി - 600-650 രൂപ

മേല്‍പ്പറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ മാത്രം ഇവിടെ നില്‍ക്കുക.

മലയാളത്തിലും ബംഗാളിയിലും തമിഴിലും ഹിന്ദിയിലുമെല്ലാം ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പെരുമ്പാവൂര്‍ മൂവാറ്റുപുഴ ഭാഗങ്ങളിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. മേഴ്സണ്‍ ജോലിക്ക് 750 രൂപ മുതല്‍ 800 രൂപ വരെയും ഹെല്‍പ്പറിന് 600 രൂപ മുതല്‍ 650 രൂപയിലും കൂടുതല്‍ കൂലിവാങ്ങുന്നവര്‍ ഇവിടെ നില്‍ക്കാന്‍ പാടില്ലെന്നാണ് എഴുതിയിരിക്കുന്നത്. മേഴ്സണ് 950 രൂപയും ഹെല്‍പ്പറിന് 750 രൂപയുമാണ് ഇപ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ വേതനത്തെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണമെങ്കില്‍ തൊഴില്‍ വകുപ്പിന്റെ അനുമതി വേണം.

‘ഇവിടെ നിൽക്കണമെങ്കിൽ ഞങ്ങൾ പറയുന്ന കൂലി’,അതിഥി തൊഴിലാളികളോട് കേരളം പെരുമാറുന്നത് ഇങ്ങനെ
അരുമകള്‍ക്കായ് ഒരു സെമിത്തേരി ; കരളലിയിക്കും കല്ലറയിലെ കുറിപ്പുകള്‍ 

തൊഴിലുടമകളും തൊഴിലാളികളും, സംഘടനകളും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം വേതനത്തെ സംബന്ധിച്ച് എല്ലാവര്‍ക്കും യോജിക്കാവുന്ന ഒരു പൊതുധാരണയില്‍ എത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ തൊഴില്‍ നിയമങ്ങളുടെ ലംഘനമാണ് ഇവിടെ അരങ്ങേറുന്നത്.ഏജന്റുമാര്‍ക്ക് വേതനത്തെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നിരിക്കെയാണ് ഇത്തരത്തില്‍ നിയമവിരുദ്ധമായി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതും. മലയാളികള്‍ക്ക് ഇതേ ജോലിക്ക് ആയിരത്തില്‍ കൂടുതലാണ് കൂലി.

എന്നാല്‍ ഒഡീഷ, രാജസ്ഥാന്‍, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെക്കൊണ്ട് ഇതേ ജോലി ചെയ്യിക്കുകയും കുറഞ്ഞകൂലി നല്‍കുകയുമാണ്. തൊഴിലാളികളോട് യാതൊരു ആശയവിനിമയവും നടത്താതെയാണ് ഇത്തരത്തില്‍ കൂലി നിശ്ചയിച്ച് ബോര്‍ഡ് വെച്ചിരിക്കുന്നത്. ഈ കൂലിക്ക് തൊഴിലെടുക്കാന്‍ തയ്യാറാകാത്തവര്‍ തൊഴില്‍കാത്ത് നില്‍ക്കരുതെന്ന് ഭീഷണി മുഴക്കുന്നുമുണ്ട്. നിലവിലെ വേതനം നല്‍കണമെന്ന് ആവശ്യപ്പെടുന്നവരെ ഏജന്റുമാര്‍ മര്‍ദ്ദിക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ പലരും ഇത് പറയാന്‍ മടിക്കുന്നു.

‘ഇവിടെ നിൽക്കണമെങ്കിൽ ഞങ്ങൾ പറയുന്ന കൂലി’,അതിഥി തൊഴിലാളികളോട് കേരളം പെരുമാറുന്നത് ഇങ്ങനെ
വൈത്തിരിയില്‍ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മാണം 

കടുത്ത തൊഴില്‍ ചൂഷണമാണ് ഇവിടെ അരങ്ങേറുന്നതെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ജസ്റ്റിസ് കോര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യു വ്യക്തമാക്കി. തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആശയത്തിന് വിരുദ്ധമായാണ് ഇടനിലക്കാരുടെ ഇടപെടല്‍. വലിയ തുക കമ്മീഷന്‍പറ്റിയാണ് ഇടനിലക്കാര്‍ ഇത്തരത്തില്‍ ഇരട്ടത്താപ്പ് നടത്തുന്നത്. ഒരേ തൊഴില്‍ ചെയ്യുന്ന മലയാളിക്കും ഇതരസംസ്ഥാന തൊഴിലാളിക്കും തുല്യ വേതനം ലഭിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് ജോര്‍ജ് മാത്യു തൊഴില്‍ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊലീസിനെയും ഇദ്ദേഹം സമീപിച്ചിരുന്നു. ലഭിച്ച പരാതിയില്‍ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
The Cue
www.thecue.in