‘ഊരാളുങ്കലിനോട് ചിലര്‍ക്ക് അസൂയ’; പൊലീസ് ഡേറ്റ ചോരില്ലെന്ന് മുഖ്യമന്ത്രി; പിണറായി യുഎല്‍സിസിഎസ് വക്താവെന്ന് ചെന്നിത്തല
പാസ്‌പോര്‍ട്ട് പരിശോധിക്കാനുള്ള സോഫ്റ്റ്‌വെയറിന് വേണ്ടി പൊലീസ് ഡേറ്റ കൈമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ ഓഡിറ്റിങ്ങിന് ശേഷം മാത്രമേ ഡാറ്റ ഊരാളുങ്കലിന് കൈമാറൂ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് പരിശോധനാ ആപ്പിന് പൊലീസ് ഡേറ്റാബേസ് ലഭ്യമാക്കേണ്ടതില്ല. പൊലീസ് ഡേറ്റയുടെ സുരക്ഷ ഉറപ്പാക്കും. നിലവില്‍ രാജ്യവ്യാപകമായി പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ സേവനം നല്‍കുന്നത് ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസാണ്. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ടിസിഎസിന്റെ കൈവശമുണ്ട്. വിവരങ്ങള്‍ ചോരാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഒപ്പുവെച്ചിട്ടുണ്ട്. അതേ മാര്‍ഗ നിര്‍ദേശങ്ങള്‍ യുഎല്‍സിസിഎസുമായുള്ള കരാറില്‍ പാലിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പിണറായി ആരോപിച്ചു.
ഊരാളുങ്കല്‍ ഞങ്ങളുടെ കൈക്കുഞ്ഞ് അല്ല. എന്നാല്‍ ആ സ്ഥാപനത്തിന് നല്ല കാര്യക്ഷമതയുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കരുത്.
മുഖ്യമന്ത്രി
ഊരാളുങ്കല്‍ സൊസൈറ്റിയോട് നീരസമുള്ള പല കേന്ദ്രങ്ങളുണ്ട്. അത്തരം നീരസത്തിന്റെ വക്താവായി നമ്മള്‍ മാറരുത്. ഈ വിഷയം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യുഎല്‍സിസിയുടെ യഥാര്‍ത്ഥ വക്താവ് മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എല്ലാ കരാറുകളും ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നല്‍കുന്നത്. ആവശ്യമായ പരിശോധനയും സാങ്കേതികപഠനവും നടത്താതെയാണ് ഡേറ്റാബേസ് നല്‍കാന്‍ അനുമതി നല്‍കിയത്. മുഖ്യമന്ത്രി അറിയാതെ ഡിജിപി ഉത്തരവ് ഇറക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ചീഫ് സെക്രട്ടറിയും ഡിജിപിയും മുഖ്യമന്ത്രിയും അടക്കം മൂന്നോ നാലോ പേര്‍ക്ക് മാത്രം അധികാരമുള്ള വിവരങ്ങളാണ് തുറന്നു നല്‍കിയതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശബരീനാഥന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ സഹോദര സ്ഥാപനത്തിനാണ് അതീവ പ്രാധാന്യമുള്ള ഡേറ്റ കൈമാറുന്നത്. സ്വകാര്യകമ്പനിക്ക് പ്രവേശനം അനുവദിക്കുന്നതോടെ അതീവ രഹസ്യ സ്വഭാവമുള്ള രേഖകളാണ് ചോരാന്‍ പോകുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഡേറ്റ നല്‍കരുതെന്ന് യുവ ഐപിഎസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഏഴുദിവസം കൊണ്ട് അപേക്ഷിച്ചയാള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാനുള്ള സംവിധാനം നിലവിലുണ്ട്. ഇത് ഫലപ്രദമായ മാര്‍ഗമാണെന്നിരിക്കെ ഊരാളുങ്കലിനെ വെച്ച് പുതിയ സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്നത് എന്തിനാണെന്നും ശബരീനാഥന്‍ ചോദിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം