‘ഭരണഘടനാ വിരുദ്ധം,മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്നത്’; പൗരത്വബില്ലിനെതിരെ നിയമനടപടിക്ക് പ്രതിപക്ഷം
ലോക്‌സഭയിലുയര്‍ന്ന ശക്തമായ പ്രതിഷേധം മറികടന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് പ്രതിപക്ഷ കക്ഷികള്‍. രാജ്യസഭയിലും ബില്‍ പാസാവുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് അറിയുന്നു. ബില്ലിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം ആസ്ഥാനമായുള്ള കക്ഷിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും അറിയിച്ചിട്ടുണ്. ബില്‍ സുപ്രീം കോടതി റദ്ദാക്കുമെന്ന് സുപ്രിയ സുലെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തത് എന്‍സിപിയും നിയമനപടി സ്വീകരിക്കുമെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഭരണടനാവിരുദ്ധവും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാരെ വിഭജിക്കുന്നതുമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബില്ലിനെതിരെ ലോക്‌സഭയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിവരെ നീണ്ട രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ 311 പേരുടെ വോട്ടോടെ ലോക്‌സഭ ബില്‍ പാസാക്കിയത്. 80 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
ബുധനാഴ്ച ബില്‍ രാജ്യസഭയിലെത്തും. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് ബില്‍ രാജ്യസഭയിലും പാസാക്കിയെടുക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് ശേഷം രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ നിയമമാകും. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് ബില്‍. അതേസമയം ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞ് മജ്‌ലിസ് ഇ ഇത്തിഹാദുമല്‍ മുസ്ലീമീന്‍ നേതാവ് അസാദുദ്ദീന്‍ ഒവൈസി പ്രതിഷേധമുയര്‍ത്തി. നിങ്ങള്‍ എന്തുകൊണ്ടാണ് മുസ്ലിങ്ങളെ ഇത്രമേല്‍ വെറുക്കുന്നത്. എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം. ചൈനയില്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങളെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്താതെന്നും ഒവൈസി ചോദിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ക്കുമേല്‍ ജിന്നയുടെ ചിന്തകള്‍ക്ക് ലഭിച്ച വിജയമാബില്‍ നിയമമായാല്‍ ഉണ്ടാവുകയെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ബില്‍ ഭരണഘടനാ വിരുദ്ധവും വിഭജനചിന്തയിലൂന്നിയതാണെന്നും കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയും വ്യക്തമാക്കി. എന്നാല്‍ പൗരത്വ ബില്ലിന്റെ പേരില്‍ കലാപത്തിന് കോപ്പുകൂട്ടുകയാണെന്നായിരുന്നു പ്രതിപക്ഷവാദങ്ങളോടുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി.
ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഷാ ആവകാശപ്പെട്ടു. പാകിസ്താനിലെ ന്യൂനപക്ഷം 33 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി. ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി. മുസ്ലീങ്ങല്‍ 9 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി. മതന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ വേട്ടയാടപ്പെട്ടിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. റോഹിംഗ്യന്‍ മുസ്ലിങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനാകില്ലെന്നുമായിരുന്നു അമിത് ഷായുടെ നിലപാട്. കോണ്‍ഗ്രസാണ് രാജ്യത്തെ മതാടിസ്ഥാനത്തില്‍ വെട്ടിമുറിച്ചതെന്നും അങ്ങനെ നടന്നില്ലായിരുന്നെങ്കില്‍ ബില്ലിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്നും ഷാ പറഞ്ഞു. എന്നാല്‍ ഹിന്ദു മഹാസഭയാണ് ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി തിരിച്ചടിച്ചു. സവര്‍ക്കറാണ് 1935 ല്‍ അഹമ്മദാബാദ് ഹിന്ദുമഹാസഭാ സമ്മേളനത്തില്‍ രാജ്യത്തെ രണ്ടായ വിഭജിക്കണമെന്ന പ്രമേയം അവതരിപ്പിച്ചതെന്ന് തിവാരി പറഞ്ഞു.അതേസമയം ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളുമായി യോജിക്കുന്ന ബില്‍ എന്നായിരുന്നു അമിത്ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
ആധിര്‍ രഞ്ജന്‍ ചൗധരി - (കോണ്‍ഗ്രസ്)
ബില്‍ മതാടിസ്ഥാനത്തിനുള്ള വിഭജനത്തിന് കളമൊരുക്കും, ബില്‍ വിവേചനവും ഭരണഘടനാവിരുദ്ധവുമാണ്.
സുപ്രിയ സുലെ (എന്‍സിപി)
രാജ്യത്തെ രണ്ടാമത്തെ വലിയ മതസമൂഹം അരക്ഷിതമാണെങ്കില്‍ നിങ്ങളുടെ നടപടികള്‍ പരിശോധിച്ചേ മതിയാകൂ. വോട്ട് ബാങ്ക് രാഷ്ട്രീയമാണിത്. ബില്‍ നിയമവിരുദ്ധം
അസാദുദ്ദീന്‍ ഒവൈസി (മജ്‌ലിസ് പാര്‍ട്ടി)
ബില്‍ രാജ്യവിരുദ്ധമാണ്. മുസ്ലിങ്ങള്‍ക്കെതിരാണ്. എന്തിന് മുസ്ലിങ്ങളെ ഇങ്ങനെ വേട്ടയാടുന്നു.
എസ് വെങ്കടേശന്‍ - (സിപിഎം)
മുസ്ലിങ്ങള്‍ക്കും തമിഴര്‍ക്കും എതിരായ ബില്‍, ഭരണഘടനാവിരുദ്ധം, അംഗീകരിക്കാനാകില്ല
പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്)
പട്ടേലിന്റ നാമത്തില്‍ ഐക്യത്തെക്കുറിച്ച് വാതോരാതെ പറയുന്ന ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു.
ഇടി മുഹമ്മദ് ബഷീര്‍ ( മുസ്ലിം ലീഗ് )
ബില്ലിലൂടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ശ്രമം. മുസ്ലിം സമൂഹത്തെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാകില്ല.
അഫ്‌സല്‍ അന്‍സാരി (ബിഎസ്പി)
ഇസ്ലാം മത വിശ്വാസികളെ മാത്രം അകറ്റിനിനിര്‍ത്തുന്ന നിയമം വിവേചനമാണ്. ഭരണഘടനാവിരുദ്ധവുമാണ്.
അഭിഷേക് ബാനര്‍ജി (എഐടിസി)
ആളുകളെ മതാടിസ്ഥാനത്തില്‍ വിഭജിക്കരുത്. എല്ലാവരെയും ബില്ലില്‍ ഉള്‍ക്കൊള്ളണം.