മോദിയെ താഴെയിറക്കാന്‍ വോട്ടെണ്ണലിന് തൊട്ടുമുന്‍പ് സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്; ഇടതും മുന്നണിയില്‍
നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ 6 പാര്‍ട്ടികളെ ചേര്‍ത്ത് പ്രതിപക്ഷത്ത് പുതിയ സഖ്യരൂപീകരണം. യുപിഎയിലുള്ള പാര്‍ട്ടികള്‍ക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, തെലുങ്കുദേശം, ഇടതുപക്ഷം എന്നിവയെ ചേര്‍ത്ത് സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് രൂപീകരിച്ചു. വോട്ടെണ്ണലിന് വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ ശേഷിക്കെയായിരുന്നു നിര്‍ണ്ണായക രാഷ്ട്രീയ നീക്കം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി ഇതര കക്ഷികള്‍ ഒരു കുടക്കീഴില്‍ അണിനിരന്നത്. 543 അംഗ സഭയില്‍ 272 അംഗങ്ങളുടെ പിന്‍തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷമില്ലെങ്കില്‍ ഉടന്‍ രാഷ്ട്രപതിയുമായി ആശയവിനിമയം നടത്താനാണ് എസ്ഡിഎഫിന്റെ നീക്കം.
എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷമില്ലെങ്കില്‍ ഉടന്‍ രാഷ്ട്രപതിയുമായി ആശയവിനിമയം നടത്താനാണ് എസ്ഡിഎഫിന്റെ നീക്കം. എസ്ഡിഎഫ് എന്ന പേര് കോണ്‍ഗ്രസ് ആണ് നിര്‍ദേശിച്ചത്. യുപിഎയ്ക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മറ്റ് സാധ്യതകളെന്തെന്ന് നിര്‍ദേശിക്കണമെന്ന് രാഹുല്‍ ഗാന്ധി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ജയറാം രമേഷ്, അഭിഷേക് സിങ്‌വി, രണ്‍ദീപ് സുര്‍ജേവാല, അഹമ്മദ് പട്ടേല്‍ എന്നീ നേതാക്കളെയാണ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ചുമതലപ്പെടുത്തിയത്. 3 നിര്‍ദേശങ്ങളാണ് നേതൃസംഘം രാഹുലിന് മുന്നില്‍വെച്ചത്.
ബിജെപി ഇതര പാര്‍ട്ടികളുടെ പുതിയ മുന്നണി രൂപീകരിച്ച് പാര്‍ട്ടികളുടെ പട്ടിക രാഷ്ട്രപതിക്ക് മുന്‍കൂറായി നല്‍കുക. എന്നതാണ് ആദ്യത്തേത്. തങ്ങള്‍ക്ക് ഇത്ര പാര്‍ട്ടികളുടെ പിന്‍തുണയുണ്ടെന്ന് ആദ്യമേ ധരിപ്പിക്കാനാണിത്. അങ്ങനെയെങ്കില്‍ അന്തിമഫലം വരുമ്പോള്‍ ധൃതി പിടിച്ച് തീരുമാനമെടുക്കുന്നതില്‍ നിന്ന് രാഷ്ട്രപതിയെ തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍.് ഈ പാര്‍ട്ടികളുടെ നേതാക്കളുടെ ഒപ്പുസഹിതം കത്ത് തയ്യാറാക്കി വെയ്ക്കുകയെന്നതായിരുന്നു രണ്ടാമത്തേത്. ഈ മുന്നണിയുടെ നേതാക്കളുടെ പേരുകള്‍ പരസ്യമായി പ്രഖ്യാപിക്കുക എന്നതായിരുന്നു മൂന്നാമത്തേത്. എന്നാല്‍ ഫലം വരാതെ ഇത്തരത്തിലൊരു തിരക്കിട്ട നീക്കം വേണ്ടെന്ന് ബിഎസ്പി വിയോജിച്ചു. ഇതോടെ മുന്നണി രൂപീകരണത്തില്‍ മാത്രം നീക്കങ്ങള്‍ അവസാനിക്കുകയായിരുന്നു. എസ്ഡിഎഫ് എന്ന പേര് മുഴുവന്‍ പാര്‍ട്ടികളും അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുമുണ്ട്. ബിജെപിയിലും യുപിഎയിലും ഇല്ലാത്ത ബിജുജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്. തെലങ്കാന രാഷ്ട്രസമിതി നേതാവ് ചന്ദ്രശേഖര്‍ റാവു, വൈഎസ്ആര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരുമായും മുന്നണി ആശയം വിനിമയം നടത്തിയെന്നാണ് വിവരം.