ഉണ്ട ചിത്രീകരണത്തിനായി വനംനശിപ്പിച്ചത് റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥന് വീണ്ടും സ്ഥലംമാറ്റം, പ്രതികാര നടപടി തുടരുന്നുവെന്ന് ആക്ഷേപം 

ഉണ്ട ചിത്രീകരണത്തിനായി വനംനശിപ്പിച്ചത് റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥന് വീണ്ടും സ്ഥലംമാറ്റം, പ്രതികാര നടപടി തുടരുന്നുവെന്ന് ആക്ഷേപം 

Published on

സിനിമാ ചിത്രീകരണത്തിനായി വനം നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെ തുടരെ സ്ഥലം മാറ്റി വനംവകുപ്പ്. മമ്മൂട്ടി നായകനായ ഉണ്ടയുടെ സെറ്റ് നിര്‍മ്മിക്കുന്നതിനായി കാസര്‍ഗോഡ് കാറഡുക്ക റിസര്‍വ് വനഭൂമിയില്‍ പരിസ്ഥിതി നാശമുണ്ടാക്കിയതായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച റേഞ്ച് ഓഫീസര്‍ എന്‍ അനില്‍കുമാറിനെയാണ് വീണ്ടും സ്ഥലം മാറ്റിയത്. വനഭൂമി നശിപ്പിച്ചുവെന്ന പരാതിയില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും സിനിമാ നിര്‍മ്മാണ കമ്പനിക്കുമെതിരെ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടി നിര്‍ദേശിച്ചതിന് തൊട്ടടുത്ത ദിവസമാണ് അനില്‍കുമാറിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.

മാനന്തവാടി സാമൂഹിക വനവല്‍കരണ വിഭാഗത്തില്‍ നിയമിച്ചു കൊണ്ടായിരുന്നു ഉത്തരവ്. സ്ഥലം മാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.. ഷൂട്ടിംഗിനെതിരെ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം രണ്ടാം തവണയാണ് കാസര്‍കോഡ് നിന്ന് മാറ്റുന്നത്. ഉദ്യോഗസ്ഥനെതിരെയുള്ള പ്രതികാര നടപടിയാണ് ഇതെന്നാണ് ആക്ഷേപം.

കാറഡുക്ക പാര്‍ഥക്കൊച്ചി വനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു മമ്മൂട്ടി നായകനായ ഉണ്ടയുടെ ചിത്രീകരണം നടന്നത്. മണ്ണ് പുറത്ത് നിന്ന് കൊണ്ടു വന്ന് വനത്തില്‍ നിക്ഷേപിച്ചിരുന്നു. ഡിഎഫ്ഒയാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയത്. മണ്ണ് നീക്കം ചെയ്ത് പൂര്‍വസ്ഥിതിയിലാക്കുമെന്നായിരുന്നു വ്യവസ്ഥയെങ്കിലും അത് പാലിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റേഞ്ച് ഓഫീസറായ അനില്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കി. കാട്ടില്‍ മാലിന്യം കൂട്ടിയിട്ടിരുന്നതായും കണ്ടെത്തി. ഇതിന് പിന്നാലെ അനില്‍കുമാറിനെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റി. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്നാണ് ചട്ടം. ഇത് പാലിക്കാതെ ഏഴ് മാസമാകുമ്പോള്‍ തന്നെ മാറ്റിയെന്ന് കാണിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു.

ഉണ്ട ചിത്രീകരണത്തിനായി വനംനശിപ്പിച്ചത് റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥന് വീണ്ടും സ്ഥലംമാറ്റം, പ്രതികാര നടപടി തുടരുന്നുവെന്ന് ആക്ഷേപം 
ഉണ്ട ചിത്രീകരണത്തിനായ് വനം നശിപ്പിച്ചത് അന്വേഷിക്കണം, വനഭൂമി പൂര്‍വസ്ഥിതിയിലാക്കണം

ഒക്ടോബര്‍ 15 മുതല്‍ ആണ് വനത്തില്‍ ചിത്രീകരണത്തിനായി അനുമതി നല്‍കിയത്. എന്നാല്‍ സെപ്റ്റംബര്‍ മാസം മുതല്‍ സിനിമാ പ്രവര്‍ത്തകര്‍ സെറ്റിന്റെ നിര്‍മ്മാണം തുടങ്ങിയിരുന്നുവെന്ന് അനില്‍കുമാര്‍ കണ്ടെത്തി. ചന്ദന മരങ്ങള്‍ കൂടുതലുള്ള വനമേഖലയാണിത്. സെപ്റ്റംബര്‍ 29 ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാട്ടില്‍ ഏറുമാടം കെട്ടി താമസിക്കുന്നത് കണ്ടെത്തി. അനധികൃതമായുള്ള താമസത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കി. വനഭൂമിയില്‍ മണ്ണിടുന്നത് കേന്ദ്ര വന സംരക്ഷണ നിയമത്തിന് എതിരാണ്. താല്‍ക്കാലിക നിര്‍മ്മാണത്തിന് മാത്രമാണ് അനുമതി നല്‍കാറുള്ളത്.

വനം നശിപ്പിച്ചുവെന്ന പരാതി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അന്വേഷിച്ചു. അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഡിഎഫ്ഒയെ മാറ്റിയത്. പരിസ്ഥിതിനാശത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ റേഞ്ച് ഓഫീസറെ മാറ്റിയത് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കമ്പനിക്കുമെതിരെയാണ് അന്വേഷണം നടണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. നാലുമാസത്തിനകം വനഭൂമി പൂര്‍വസ്ഥിതിയിലാക്കണം. സിനിമ ചിത്രീകരണത്തിനായി വനഭൂമി അനുവദിച്ചത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്നാണ് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. അനില്‍കുമാറിനെ മാറ്റിയത് മറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് പരിസ്ഥിതി സംഘടനയായ നെയ്തല്‍ ആരോപിച്ചു.

നീതിക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്കുള്ള താക്കീതാണ് തുടരെയുള്ള സ്ഥലം മാറ്റം. ഭരണകൂടത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവരാണ് ഇതിന് പിന്നിലുള്ളത്. പറയുന്നത് അനുസരിക്കാത്ത ഉദ്യോഗസ്ഥരെ മാറ്റുകയെന്ന തന്ത്രമാണ്. ഉദ്യോഗസ്ഥനെ മാറ്റുന്നത് നിസാര കാര്യമാണ്. ഈ രൂപത്തിലുള്ളത് പൊതുസമൂഹം ജാഗ്രതയോടെ കാണണം.

പി വി സുധീര്‍കുമാര്‍, നെയ്തല്‍

പുതിയ സ്ഥലംമാറ്റത്തിനെതിരെ അനില്‍കുമാര്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം കേട്ടതിന് ശേഷം ട്രൈബ്യൂണല്‍ വിധി പറയുക. സര്‍വ്വീസില്‍ കയറിയതിന് ശേഷം ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് കൂടുതല്‍ കാലം ജോലി ചെയ്തതെന്നാണ് അനില്‍കുമാറിന്റെ പരാതിയിലുള്ളത്. കൂടാതെ ഡി എഫ് ഒയ്ക്ക് വ്യക്തി വിരോധമുണ്ടെന്നും ആരോപിച്ചിട്ടുണ്ട്. ഇതേ ഡിഎഫ്ഒക്ക് കീഴിലേക്കാണ് അനില്‍കുമാറിനെ മാറ്റിയിരിക്കുന്നത്.

ഗ്രാവലിട്ട് റോഡുണ്ടാക്കി വനഭൂമിയില്‍ മാറ്റം വരുത്തിയത് പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ചെലവ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ഷാജി പി ചാലി നിര്‍ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് അന്വേഷണം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും ഗ്രാവല്‍ നീക്കുമ്പോള്‍ പരിസ്ഥിതിയെ ബാധിക്കരുതെന്നും ഉത്തരവിലുണ്ടായിരുന്നു.. ഷൂട്ടിങ്ങിനുവേണ്ടി വനഭൂമി അനുവദിച്ചത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.

logo
The Cue
www.thecue.in