മാതൃഭൂമിക്ക് മുന്നിലേക്ക് സമരം വ്യാപിപ്പിച്ച് പിവിഎസ് ജീവനക്കാര്‍; ശമ്പളക്കുടിശ്ശികയില്‍ പ്രക്ഷോഭം കടുക്കുന്നു
പിവിഎസ് ആശുപത്രി മാനേജ്‌മെന്റിനെതിരായ സമരം പുറത്തേക്ക് വ്യാപിപ്പിച്ച് ജീവനക്കാര്‍. ശമ്പളക്കുടിശ്ശിക സംബന്ധിച്ച് റീജിണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. ശമ്പളക്കുടിശ്ശിക എന്ന് നല്‍കാനാകുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കാതിരുന്നതോടെ ചര്‍ച്ച പരാജയമാവുകയായിരുന്നു. ഇതോടെ പ്രക്ഷോഭത്തിന്റെ അടുത്ത പടിയായി ജീവനക്കാര്‍ മാതൃഭൂമിയുടെ മുന്നിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പിവിഎസ് ആശുപത്രിക്ക് മുന്നില്‍ നിന്നാണ് സമരം ആരംഭിച്ചത്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രനാണ് പിവി സ്വാമി മെമ്മോറിയല്‍ ആശുപത്രിയുടെ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ മകള്‍ പിവി മിനിയാണ് ആശുപത്രി എംഡി. ഈ സാഹചര്യത്തിലാണ് പ്രതിഷേധം മാതൃഭൂമി ജംഗ്ഷനിലേക്ക് നീട്ടിയത്. ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം എണ്ണൂറോളം പേരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്.
ശമ്പളാനുകൂല്യങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയിലും മാനേജ്‌മെന്റ് സ്വീകരിച്ച നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. അന്തിമ തീരുമാനമറിയിക്കാന്‍ മനേജ്‌മെന്റിന് മെയ് 20 തിങ്കളാഴ്ച രാവിലെ 10.30 വരെ റീജിണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സമയം നല്‍കിയിട്ടുണ്ട്. പിവിഎസ് ആശുപത്രി എംഡി പിവി മിനി, മകന്‍ പിവി അഭിഷേക്, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സനല്‍ എന്നിവരായിരുന്നു ചര്‍ച്ചയ്‌ക്കെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എപ്പോള്‍ ശമ്പളക്കുടിശ്ശിക നല്‍കാനാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമായിരുന്നു ചര്‍ച്ചയില്‍ മാനേജ്‌മെന്റിന്റെ നിലപാട്. ആശുപത്രി പൂട്ടിയിട്ടില്ലെന്നും ഡോക്ടര്‍മാരാണ് രോഗികളുടെ അഡ്മിഷന്‍ കുറച്ചതെന്നുമായിരുന്നു ഇവരുടെ വാദം. ജീവനക്കാരുടെ എക്‌സ്പീരിയന്‍സ്, വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെച്ചിട്ടില്ലെന്നും നിലപാടെടുത്തു. ആശുപത്രിയില്‍ ജീവനക്കാര്‍ക്കെതിരെ നിലപാടെടുത്തശേഷം ചര്‍ച്ചയില്‍ ന്യായീകരണത്തിനാണ് മാനേജ്‌മെന്റ് ശ്രമിച്ചതെന്ന് സമരസമിതി ആരോപിച്ചു. ആശുപത്രി പൂട്ടാന്‍ നീക്കം നടത്തിയശേഷം ചര്‍ച്ചയില്‍ ഡോക്ടര്‍മാരെ പഴിചാരുകയായിരുന്നു മാനേജ്‌മെന്റെന്നും നേതാക്കള്‍ വ്യക്തമാക്കി. കളക്ടറേറ്റിലെ ചര്‍ച്ചയില്‍ ജില്ലാ ലേബര്‍ കമ്മീഷണറും പങ്കെടുത്തിരുന്നു. സമരക്കാരെ പ്രതിനിധീകരിച്ച് ഐഎംഎ നേതാക്കളായ ഡോക്ടര്‍ ഹനീഷ്, ഡോ. ജുനൈദ്, യുഎന്‍എ സെക്രട്ടറി ഹാരിസ്, ജീവനക്കാരായ രാജന്‍ നിധി, ലീന ജയ എന്നിവര്‍ പങ്കെടുത്തു. നേരത്തെ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ നിന്ന് എംഡി പിവി മിനി വിട്ടുനിന്നതോടെയാണ് റീജിണല്‍ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ മറ്റൊരു യോഗം ക്രമീകരിച്ചത്.
ഒരു വര്‍ഷമായി ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് അഞ്ഞൂറോളം ജീവനക്കാരാണ് സമരം നടത്തുന്നത്. ഇവിടത്തെ ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാര്‍ക്ക് 8 മാസങ്ങളായും ശമ്പളം നല്‍കിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്‌ഐ വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നല്‍കിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാര്‍ സാക്ഷ്യപ്പടുത്തുന്നു. നേരത്തെ വിഷയത്തില്‍ കളക്ടര്‍ ഇടപെട്ടപ്പോള്‍ ഫെബ്രുവരി 28 നകം കുടിശ്ശിക നല്‍കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല. യുഎന്‍എ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂര്‍ണപിന്‍തുണയിലാണ് സമരം. അതേസമയം ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരുത്താതെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.