നരേന്ദ്ര മോദിയെന്ന് പേരിട്ട കുഞ്ഞിന് പേര് മാറ്റം, പള്ളിയില്‍ കയറ്റില്ലെന്ന ഭീഷണി തനിക്ക് താങ്ങാനായില്ലെന്ന് യുവതി
ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ജനിച്ച കുഞ്ഞിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയ മുസ്ലീം മാതാപിതാക്കള്‍ കുഞ്ഞിന്റെ പേര് മാറ്റി. സമുദായത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമുണ്ടായ സമ്മര്‍ദ്ദത്തേയും ബഹിഷ്‌കരണ ഭീഷണിയേയും തുടര്‍ന്നാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന് പേര് നല്‍കിയ കുഞ്ഞിന് മുഹമ്മദ് അല്‍ത്താഫ് അലാം മോദിയെന്ന് പേര് മാറ്റിയത്.
പ്രവാസിയായ യുപി ഗോണ്ട സ്വദേശി മുസ്താഖ് അഹമ്മദിനും ഭാര്യ മേനജ് ബീഗത്തിനും മേയ് 23ന് ജനിച്ച കുഞ്ഞിന് മോദിയോടുള്ള ആരാധനയുടെ പേരിലാണ് പ്രധാനമന്ത്രിയുടെ പേര് നല്‍കിയത്. കുഞ്ഞിനെ പ്രധാനമന്ത്രി അനുഗ്രഹിക്കണമെന്ന ആഗ്രഹവും ഇത് വാര്‍ത്തയായതോടെ മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുണ്ടായ സമ്മര്‍ദ്ദവും ഭീഷണിയും താങ്ങാനാകാത്തതിനാല്‍ തലകുനിക്കുന്നുവെന്നാണ് കുഞ്ഞിന്റെ അമ്മ മെഹ്നസ് ബീഗം പറയുന്നത്. ഹിന്ദു പേര് കുട്ടിക്കിട്ടത് ആര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നും അയല്‍ക്കാരും ബന്ധുക്കളും ബഹിഷ്‌കരിക്കാന്‍ തുടങ്ങിയതോടെയാണ് പേര് മാറ്റാന്‍ നിര്‍ബന്ധിതയായതെന്നും ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
വീട്ടില്‍ നടക്കുന്ന ചടങ്ങിന് ആരും പങ്കെടുക്കാതെയായി. എല്ലാവരും എന്നെ ഉപദ്രവിക്കുനും കഷ്ടപ്പെടുത്താനും തുടങ്ങി. സമുദായാംഗങ്ങള്‍ ഇനി മുസ്ലീമായി തുടരാന്‍ ഞങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞു. പ്രാര്‍ത്ഥിക്കാന്‍ അമ്പലങ്ങളില്‍ പൊയ്‌ക്കോളുവെന്നും അവര്‍ പറഞ്ഞു.
മെഹ്നസ് ബീഗം
കുട്ടിയുടെ പേര് നരേന്ദ്ര മോദിയെന്നാണെങ്കില്‍ അവന് പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും ഒരു മദ്രസയിലും എടുക്കില്ലെന്നും സമുദായാംഗങ്ങള്‍ പറഞ്ഞുവെന്നും മെഹ്നസ് ബീഗം ആരോപിക്കുന്നു. കുട്ടി വളര്‍ന്നാല്‍ ഒരു മുസ്ലീം പെണ്‍കുട്ടിയേയും വധുവായി കിട്ടില്ലെന്നും പറഞ്ഞതോടെ ഇനി വിവാദമുണ്ടാക്കേണ്ടെന്നു കരുതിയാണ് പേര് മാറ്റിയതെന്നും മെഹ്നസ് വ്യക്തമാക്കി.
സമ്മര്‍ദ്ദത്തിലും ബഹിഷ്‌കരണതതിലും കുഞ്ഞിന്റെ പേര് മുഹമ്മദ് അല്‍താഫ് അലാമെന്ന് മാറ്റിയപ്പോഴും മോദിയെന്നത് ഒഴിവാക്കാന്‍ അവര്‍ തയ്യാറായില്ല. താനത് മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മെഹ്നസ് ബീഗത്തിന്റെ മറുപടി.
ദുബായിയിലെ ഹട്ടയില്‍ ജോലി നോക്കുന്ന മുഷ്താഖ് അഹമ്മദ് മേയ് 23ന് തന്റെ ഭാര്യ സന്തോഷ വാര്‍ത്ത അറിയിച്ചപ്പോള്‍ രാജ്യത്ത് മോദി നേടിയ വന്‍ വിജയമായിരുന്നു മനസിലെന്ന് പറയുന്നു. രാജ്യത്ത് മോദി വന്നു, നമ്മുടെ വീട്ടിലും മോദി വന്നുവെന്നായിരുന്നു താന്‍ ഫോണ്‍ സന്ദേശത്തില്‍ മറുപടി പറഞ്ഞതെന്നും മുഷ്താഖ് പറയുന്നു.
എന്നാല്‍ കുട്ടി ജനിച്ചത് മേയ് 12ന് ആണെന്നും മാധ്യമ ശ്രദ്ദ നേടാന്‍ കുട്ടിയുടെ മാതാവ് ജനന തിയതി 23 ആയി മാറ്റി പറഞ്ഞതാണെന്നുമുള്ള തരത്തില്‍ വിവാദവും ഉയരുന്നുണ്ട്.