ബിനോയിക്കെതിരെ ആദ്യം പരാതി നല്‍കിയത് സിപിഎം കേന്ദ്രനേതൃത്വത്തിന്, ആരോപണത്തില്‍ ഉറച്ച് യുവതി, നടപടി ശക്തമാക്കി മുംബൈ പൊലീസ്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി ബിഹാര്‍ സ്വദേശിയായ യുവതി. ബന്ധത്തിന് തെളിവുകളുണ്ടെന്നും ഏത് പരിശോധനക്കും തയ്യാറാണെന്നും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരായ കേസ് നേരിടുമെന്നും യുവതി പറഞ്ഞു. യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ മുംബൈ പൊലീസ് വേഗത്തിലാക്കി.
മുംബൈ പൊലീസിനെ സമീപിക്കും മുമ്പ് യുവതി പരാതിയുമായി സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് വഞ്ചിച്ചുവെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന് യുവതി നല്‍കിയ പരാതി. ഇത് നേതൃത്വം ചര്‍ച്ച ചെയ്യുകയും സംസ്ഥാന നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ വിഷയമായതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടെന്ന നിലപാടാണ് കേന്ദ്ര നേതാക്കള്‍ സ്വീകരിച്ചത്. ബിനോയ് വ്യക്തിപരമായി വിഷയം കൈകാര്യം ചെയ്യട്ടേ എന്ന നിലപാടായിരുന്നു നേതാക്കള്‍ക്ക്. പാര്‍ട്ടി നേതാക്കള്‍ ആരും വിഷയത്തില്‍ ഇടപെടരുതെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു.
സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ച ശേഷമാണ് യുവതി മുംബൈ പൊലീസിന് പരാതി നല്‍കിയത്. ജൂണ്‍ 13ന് ആണ് മുംബൈ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. മുംബൈ പൊലീസ് തെളിവുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. യുവതിയും ബിനോയിയുമായുള്ള ചിത്രങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളുമെല്ലാം പൊലീസ് ശേഖരിക്കും. ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിനോയിയേ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനുള്ള നടപടിക്രമങ്ങളും ഉടന്‍ ഉണ്ടാവും.
ദുബായിയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന യുവതി എട്ട് വര്‍ഷമായി വിവാഹ വാഗ്ദാനം നല്‍കി ബിനോയ് ലൈംഗിക ചൂഷണം നടത്തുന്നതായി പരാതി നല്‍കിയത്. യുവതിക്കെതിരെ കണ്ണൂരില്‍ ബിനോയിയും പരാതി നല്‍കിയിട്ടുണ്ട്. ഡിസംബറില്‍ യുവതി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു, ഇത് അവഗണിച്ചതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നും തനിക്ക് യുവതിയില്‍ മകന്‍ ഇല്ലെന്നുമാണ് ബിനോയ് ആവര്‍ത്തിക്കുന്നത്.
34 വയസുകാരിയായ യുവതിക്കും മുംബൈയിലുള്ള ചിലര്‍ക്കുമെതിരെയാണ് കണ്ണൂര്‍ പൊലീസിന് ബിനോയ് നല്‍കിയ പരാതി. സംഭവം നടന്നത് മുംബൈയിലായതിനാല്‍ അവിടുത്തെ പരിശോധനകള്‍ സംബന്ധിച്ചും കേസെടുക്കുന്നത് സംബന്ധിച്ചും കേരള പൊലീസ് ആശയ കുഴപ്പത്തിലാണ്. യുവതി പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നവെന്ന ബിനോയിയുടെ പരാതിയില്‍ കേരള പൊലീസ് യുവതിക്കെതിരെ കേസെടുക്കുമെന്ന സൂചനയുമുണ്ട്.