ഫയലുകള്‍ നനയാതിരിക്കാന്‍ അവധി ദിവസം ഓഫീസിലെത്തിയ ജീവനക്കാരിക്കും ഭര്‍ത്താവിനും നേരെ സദാചാര ഗുണ്ടായിസം; സിപിഎം നേതാക്കള്‍ അറസ്റ്റില്‍
ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയ സിപിഎം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍. പരുമല ആക്ടിങ് ലോക്കല്‍ സെക്രട്ടറി ഹരികുമാര്‍, പരുമല ദേവസ്വം ബോര്‍ഡ് ബി ബ്രാഞ്ച് സെക്രട്ടറി അനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്. ദമ്പതികളെയും സിഐഎയും ഞായറാഴ്ച ഇവര്‍ കയ്യേറ്റം ചെയ്തിരുന്നു. കോളജ് ക്യാംപസിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിയും ഭര്‍ത്താവുമാണ് സിപിഎം പ്രാദേശിക നേതാക്കളുടെ സദാചാര പൊലീസിങ്ങിന് ഇരകളായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കനത്ത മഴയില്‍ ഓഫീസില്‍ വെള്ളം കയറിയതറിഞ്ഞ് ഫയലുകള്‍ സുരക്ഷിതമാക്കാന്‍ ഭര്‍ത്താവിനൊപ്പം ഞായറാഴ്ച വൈകീട്ട് സ്‌കൂട്ടറിലെത്തിയതായിരുന്നു യുവതി.
ഈ സമയം കോളജ് വളപ്പിലിരുന്ന് പ്രതികള്‍ മദ്യപിക്കുന്നുണ്ടായിരുന്നു. ദമ്പതികള്‍ ഇത് കണ്ടിരുന്നെങ്കിലും ശ്രദ്ധിക്കാതെ ഓഫീസില്‍ പ്രവേശിച്ച് ഫയലുകള്‍ ഭദ്രമാക്കി. അരമണിക്കൂറിന് ശേഷം ഇവര്‍ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഹരികുമാറും അനൂപും ചേര്‍ന്ന് ഇരുവരെയും തടഞ്ഞു. കെട്ടിടത്തിനകത്ത് എന്തായിരുന്നു പരിപാടിയെന്ന് ചോദിച്ച് കയര്‍ത്തു. ഫയലുകള്‍ അടുക്കി വെയ്ക്കാന്‍ എത്തിയതാണെന്ന് യുവതി വ്യക്തമാക്കിയെങ്കിലും ഇവര്‍ മോശം പെരുമാറ്റം തുടര്‍ന്നു. ഇതോടെ ഭര്‍ത്താവ് അവരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇദ്ദേഹത്തെയും പ്രതികള്‍ മര്‍ദ്ദിക്കുകയും സ്‌കൂട്ടര്‍ ചവിട്ടി മറിച്ചിടുകയും ചെയ്തു.
സമീപത്തുണ്ടായിരുന്നവര്‍ മാന്നാര്‍ പൊലീസില്‍ അറിയിച്ചതോടെ സിഐയുടെ നേതൃത്വത്തില്‍ പൊലീസുകാരെത്തി. എന്നാല്‍ സിഐ ജോസ് മാത്യുവിനെയും പ്രതികള്‍ കയ്യേറ്റം ചെയ്തു. ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പുളിക്കീഴില്‍ നിന്നുള്ള മറ്റൊരു സംഘം പൊലീസുകാരെത്തി പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജാമ്യത്തില്‍ വിട്ടു.. അതേസമയം യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്താതിരുന്നത് പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ആക്ഷേപമുണ്ട്.