‘പാര്‍ട്ടി നടത്താന്‍ യോഗ്യതയില്ല’; സിപിഎമ്മിന് വേണ്ടാത്തവര്‍ മാവോയിസ്റ്റുകളും മുസ്ലിം തീവ്രവാദികളുമാകുന്നുവെന്ന് എംഎന്‍ കാരശ്ശേരി
തങ്ങള്‍ക്ക് വേണ്ടാത്തവരെ മാവോയിസ്റ്റുകളാക്കുന്നതും മുസ്ലിം തീവ്രവാദികളാക്കുന്നതും സിപിഎമ്മില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെന്ന് എഴുത്തുകാരനും സാമൂഹ്യ വിമര്‍ശകനുമായ എംഎന്‍ കാരശ്ശേരി. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തീവ്രവാദ പ്രവര്‍ത്തനത്തിലും മാവോയിസ്റ്റ് പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താനാകാത്തവര്‍ക്ക് പാര്‍ട്ടി നടത്താന്‍ യോഗ്യതയില്ല. പാര്‍ട്ടിക്ക് സംസ്ഥാന പൊലീസിനേക്കാളും വലിയ അന്വേഷണ കമ്മീഷനൊക്കെയുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നിട്ടും സ്വന്തം പാര്‍ട്ടിയിലെ വ്യതിയാനം കണ്ടെത്താനാകുന്നില്ലെന്നത് പാര്‍ട്ടിയുടെ പരാജയമാണെന്നും കാരശ്ശേരി മാതൃഭൂമിയോട് പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരാമര്‍ശത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എസ്ഡിപിഐയുടെ സാന്നിധ്യം ഉണ്ടായ സംഭവമായിരുന്നു എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു വധം. സിസിടിവി ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. സിപിഎമ്മിന് വേണ്ടവരെ പിടികൂടാനും രക്ഷപ്പെടുത്താനും അവര്‍ക്ക് സാധിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നാട്ടില്‍ കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനയാണ് പി മോഹനന്റേത്. അത് സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നതാണ്. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കാരശ്ശേരി പറഞ്ഞു. യുഎപിഎ ചുമത്തരുതെന്നാണ് പിബി പോലും വ്യക്തമാക്കുന്നത്. എന്നാല്‍ വായിക്കുന്നവര്‍ക്കെതിരെയും ലഘുലേഖ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെയുമെല്ലാം യുഎപിഎ ചുമത്തുകയാണ്. പാര്‍ട്ടി നയം പൊലീസ് നടപ്പാക്കുകയാണോ അതോ പൊലീസ് നയം പാര്‍ട്ടി നടപ്പാക്കുകയാണോയെന്ന് വ്യക്തമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നായിരുന്നു പി മോഹനന്റെ വിമര്‍ശനം.സര്‍ക്കാരിനെതിരെ ആയുധമെടുക്കാന്‍ ചിലര്‍ മാവോയിസ്റ്റുകളെ ഇളക്കിവിടുകയാണ്. ഇക്കാര്യം പൊലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. താമരശ്ശേരിയില്‍ നടന്ന കെഎസ്‌കെടിയു സമ്മേളനത്തിലാണ് മോഹനന്റെ പരാമര്‍ശം, മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരായ പാര്‍ട്ടി അച്ചടക്കനടപടി റദ്ദാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സിപിഎം പ്രാദേശിക ഘടകം തീരുമാനിച്ചത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെയായിരുന്നു നടപടി. കൂടാതെ സംസ്ഥാന നേതൃത്വവുമായി ജില്ലാ കമ്മിറ്റി ആശയവിനിമയം നടത്തിയ ശേഷവുമായിരുന്നു ഇത്. അച്ചടക്ക നടപടി പ്രാദേശിക തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം