ശാന്തിവന സംരക്ഷണ സമിതി പിരിച്ചുവിട്ടു ; നിയമ പോരാട്ടത്തിന് പുതിയ സംവിധാനം
അപൂര്‍വ്വ സസ്യജന്തുജാലങ്ങളുള്ള പച്ചത്തുരുത്തിന് കെഎസ്ഇബി കോടാലിവെയ്ക്കുന്നതിനെതിരെ രൂപീകൃതമായ ശാന്തിവന സംരക്ഷണ സമിതി പിരിച്ചുവിട്ടു. 110 കെ വി ടവര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി അന്‍പതോളം മരങ്ങള്‍ വെട്ടിമാറ്റിയ കെഎസ്ഇബിയുടെ നിഷേധാത്മക നിലപാടിനെതിരെ പോരാട്ടം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് നടപടി. കണ്‍വീനര്‍ എം എന്‍ പ്രവീണ്‍കുമാറാണ് സംരക്ഷണ സമിതി പിരിച്ചുവിടുകയാണെന്ന് വ്യക്തമാക്കിയത്. പ്രത്യക്ഷ സമരങ്ങള്‍ക്കപ്പുറം നിയമപരമായി നീങ്ങുകയും ഒപ്പം പാരിസ്ഥിതിക അവബോധം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യാനാണ് തീരുമാനമെന്ന് ശാന്തിവനം ഉടമ മീന മേനോന്‍ ദ ക്യുവിനോട് വ്യക്തമാക്കി.
തുടര്‍പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി ഒരു എന്‍വിയോണ്‍മെന്റ് അവയര്‍നസ് ഗ്രൂപ്പ് ഉടന്‍ സംഘടിപ്പിക്കും. ശാന്തിവനത്തിനായുള്ള നിയമപോരാട്ടങ്ങള്‍ക്ക് ഒപ്പം പാരിസ്ഥിതിക അവബോധം വളര്‍ത്താന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനാകുന്നവരെ ഉള്‍പ്പെടുത്തി ഒരു വിദഗ്ധ പാനല്‍ രൂപീകരിക്കും.ജൂണ്‍ 30ന് ശാന്തിവനത്തില്‍ വച്ച് ഞാറ്റുവേല പരിപാടി നടത്തും. കെഎസ്ഇബി നശിപ്പിച്ച സ്ഥലങ്ങളില്‍ വീണ്ടും കാട് വെച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് അന്നേദിവസം തുടക്കമാകുമെന്നും മീന മേനോന്‍ അറിയിച്ചു.
അതേസമയം 110 കെവി ലൈന്‍ ടവര്‍ കെഎസ്ഇബി ഈ മാസം 29 ന് കമ്മീഷന്‍ ചെയ്യുമെന്നാണ് അറിയുന്നത്. ലൈനിലൂടെ വൈദ്യുതി കടത്തിവിട്ട് പരീക്ഷണ നടപടികള്‍ കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും പിന്നീട് വഴി മാറ്റി ലൈന്‍ വലിക്കാന്‍ മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുകയായിരുന്നു. ഒത്ത നടുവിലാണ് പൈലിങ് അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ അരങ്ങേറിയത്.
എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ശാന്തിവനം. നൂറുകണക്കിന് ഔഷധ സസ്യങ്ങളും അപൂര്‍വ ജീവജാലങ്ങളും ഉള്ള രണ്ടേക്കര്‍ വനം ഉടമ മീന മേനോന്‍ സംരക്ഷിച്ചുവരികയാണ്. മറ്റ് സാധ്യതകള്‍ പരിഗണിക്കാതെ ഈ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് പരിക്കേല്‍പ്പിച്ചുകൊണ്ടാണ് കെഎസ്ഇബി നിര്‍മ്മാണങ്ങള്‍ നടത്തിയത്.