‘ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐന്‍സ്റ്റീന്‍, കണക്കില്‍ കാര്യമില്ലെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍; ട്രോള്‍ മഴ
ഗുരുത്വാകര്‍ഷണ ബലം കണ്ടുപിടിച്ചത് ഐന്‍സ്റ്റീനാണെന്ന അബദ്ധ പ്രസ്താവനയുമായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. വാണിജ്യ ബോര്‍ഡ് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സംബന്ധിച്ച് മാധ്യമങ്ങളില്‍ കാണുന്ന കണക്കുകള്‍ വിശ്വസിക്കരുതെന്നും കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കില്‍ ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നും ഗോയല്‍ പറഞ്ഞു. രാജ്യത്തിന് 12 % വളര്‍ച്ചയുണ്ടെങ്കിലേ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയുണ്ടാകൂവെന്നും ഇപ്പോഴത്തേത് കേവലം 6 ശതമാനം മാത്രമാണെന്നുമുള്ള ടെലിവിഷന്‍ കണക്കുകള്‍ മുഖവിലയ്‌ക്കേടുക്കേണ്ടതില്ലെന്നും ഇത്തരം കണക്കുകള്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കാന്‍ ഐന്‍സ്റ്റീനെ സഹായിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ പിതാവ് ഐസക് ന്യൂട്ടണ്‍ ആണെന്നിരിക്കെയാണ് മന്ത്രിയുടെ വാക്കുകള്‍. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഗോയലിന് ട്രോള്‍ മഴയാണ്. ഐന്‍സ്റ്റീന്‍, ന്യൂട്ടണ്‍ എന്നീ പേരുകള്‍ തരംഗമാവുകയും ചെയ്തു. കൃത്യമായ സൂത്രവാക്യങ്ങള്‍ക്കും മുന്‍ അറിവുകള്‍ക്കും പിന്നാലെ പോയിരുന്നെങ്കില്‍ ലോകത്ത് പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചു. എന്നാല്‍ തന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി ഗോയല്‍ പിന്നീട് രംഗത്തെത്തി. ഒരു പ്രത്യേക സാഹചര്യത്തിലെ പാരമര്‍ശം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഇന്ത്യന്‍ വ്യവസായ മേഖലയെ ഉദ്ദീപിപ്പിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ഗോയല്‍ പറഞ്ഞു. യുവതലമുറ ഓണ്‍ലൈന്‍ ടാക്‌സികളെ കൂടുതലായി ആശ്രയിക്കുന്നതിനാലാണ് രാജ്യത്തിന്റെ വാഹന വിപണി പ്രതിസന്ധി നേരിടുന്നതെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രസ്താവിച്ചിരുന്നു. നിര്‍മ്മലയുടെ പ്രസ്താവന കടുത്ത വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചു. തൊട്ടുപിന്നാലെയാണ് അബദ്ധവാദവുമായി പിയൂഷ് ഗോയലിന്റെ രംഗപ്രവേശം.