959 വിദ്യാര്‍ത്ഥികള്‍ ,ഒരേ ഉത്തരം, ഒരേ തെറ്റുകള്‍; കൂട്ട കോപ്പിയടിയില്‍ അമ്പരന്ന് അധ്യാപകര്‍
ഗുജറാത്തിലെ കൂട്ട കോപ്പിയടിയില്‍ അമ്പരന്ന് സെക്കന്ററി ആന്റ് ഹയര്‍സെക്കന്ററി എജുക്കേഷന്‍ ബോര്‍ഡ്. പ്ലസ്ടു പൊതു പരീക്ഷയെഴുതിയ 959 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളില്‍ ഒരേ ഉത്തരവും ഒരേ തെറ്റുകളും കണ്ടെത്തിയതോടെയാണ് കൂട്ടക്കോപ്പിയടി പുറത്തായത്. അക്കൗണ്ടിംഗ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, എന്നീ വിഷയങ്ങളിലാണ് പകര്‍ത്തിയെഴുത്തുണ്ടായത്. ഗുജറാത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കോപ്പിയടിയാണിതെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും കോപ്പിയടി നടന്നെന്ന് അധികൃതര്‍ കൈ മലര്‍ത്തുകയാണ്.
2020 വരെ ഈ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഇത്രയും വിദ്യാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ തോല്‍പ്പിക്കപ്പെടുമെന്നും ബോര്‍ഡ് അറിയിക്കുന്നു. എതൊക്കെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഇരുന്ന വിദ്യാര്‍ത്ഥികളാണ് കോപ്പിയടിച്ചതെന്ന് ബോര്‍ഡ് പരിശോധിച്ച് വരികയാണ്. ജുനാഗഡ്, ഗിര്‍ സോംനാഥ് ജില്ലകളിലാണ് ക്രമക്കേട് നടന്ന പരീക്ഷാകേന്ദ്രങ്ങളിലേറെയും.959 വിദ്യാര്‍ത്ഥികളും ഒരേ ഉത്തരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരേ ക്രമത്തിലുമാണ് ഉത്തരങ്ങള്‍.
ഇവര്‍ ഒരേ തെറ്റുകളും വരുത്തിയെന്ന് ജിഎസ്എച്ച്എസ്ഇ ബോര്‍ഡ് വ്യക്തമാക്കുന്നു. 'പെണ്‍കുട്ടിയാണ് കുടുംബത്തിന്റെ വെളിച്ചം' എന്ന വിഷയത്തില്‍ ഉപന്യാസം എഴുതാനുള്ള ചോദ്യത്തിന് ആദ്യം മുതല്‍ അവസാനം വരെ ഒരേപോലെയാണ് 200 കുട്ടികള്‍ എഴുതിയിരിക്കുന്നത്. ഒരേ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ ഉത്തര പേപ്പറിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. അമ്രപൂര്‍, വിസാന്‍വേല്‍,പ്രാചി പിപ്ല എന്നിവടങ്ങളിലെ പ്ലസ്ടു പൊതുപരീക്ഷാ സെന്ററുകള്‍ റദ്ദാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.